കുമളി: തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്ക് കടത്തുവാൻ പിക്കപ്പ് വാനിൽ എത്തിച്ച 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കുമളി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് ചെക്ക്പോസ്റ്റിൽ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാമാക്ഷി പാറക്കടവ് ഇഞ്ചൻ തുരുത്തിൽ ഇ.വി. ബിനേഷ്ദേവ് (38) അറസ്റ്റിലായി. ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
31 പ്ളാസ്റ്റിക് ചാക്കുകളിലാണ് പുകയില ഉത്പന്നങ്ങൾ നിറച്ചിരുന്നത്. ചാക്കുകൾ അടിയിലാക്കി മുകളിലായി വാഴക്കുലയും മറ്റ് സാധനങ്ങളും അടുക്കിയാണ് നിരോധിത പുകയില കടത്തിന് ശ്രമിച്ചത്.
ഇടുക്കി, ചെറുതോണി അടക്കം ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ വിതരണത്തിനുള്ളതാണ് പുകയില ഉത്പന്നങ്ങളെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾ മുൻപും ഇത്തരത്തിൽ സാധനങ്ങൾ കടത്തിയതായി സൂചനയുണ്ട്.
കുമളി എസ്എച്ച് ഒകെ. അഭിലാഷ്കുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പോലീസുകാരായ രജ്ജിത് ചെറിയാൻ, നദീർ, മഹേന്ദ്രൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്കി.