കോയമ്പത്തൂർ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കോയമ്പത്തൂരിൽ നിന്ന് ഷാർജയിലേക്കും മറ്റു ഗൾഫ് രാജ്യങ്ങ ളിലേക്കും 10 ടൺ സ്വീറ്റ്സ് കയറ്റുമതി ചെയ്തു. ഇതിൽ കോയന്പത്തൂരിന്റെ തദ്ദേശിയ സ്വീറ്റ്സ് ആയ രണ്ടു ടൺ സീടൈ, മുറുക്ക് ഉൾപ്പെടെയുള്ള പലഹാരങ്ങൾ കയറ്റുമതി ചെയ്തതായും ദീപാവലി നാളുകളിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചതായും അധികൃതർ അറിയിച്ചു.
കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര, വിദേശ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ പതിവുപോലെ നടത്തിവരുന്നുണ്ട്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി യാത്രക്കാരുടെ എണ്ണം കൂടിയത്. ദീപാവലി പ്രമാണിച്ച് ഈ മാസം അഞ്ചു മുതൽ ഒന്പതുവരെ അഞ്ചു ദിവസങ്ങളിലായി കോയമ്പത്തൂരിൽ നിന്ന് ഷാർജയിലേക്ക് പത്തോളം ടൺ പലഹാരങ്ങൾ കയറ്റുമതി ചെയ്തതായി അധികൃതർ പറഞ്ഞു. ഈ ദിവസങ്ങളിൽ ആകെ 170 വിമാനങ്ങൾ സർവീസ് നടത്തി. ഇതിലൂടെ 51,258 പേർ യാത്ര ചെയ്തു. ശനിയാഴ്ച മാത്രം 29 വിമാനങ്ങൾ സർവീസ് നടത്തുകയും 8,340 പേർ യാത്ര ചെയ്യുകയും ചെയ്തുവെന്നും ചൊവ്വാഴ്ച 30 വിമാനങ്ങൾ സർവീസ് നടത്തുകയും 9,213 പേർ യാത്ര ചെയ്യുകയും ചെയ്തതായും അധികൃതർ അറിയിച്ചു.
കോയമ്പത്തൂരിൽ തയാറാക്കിയ വിവിധയിനം മധുരപലഹാരങ്ങൾ വലിയ തോതിൽ ബംഗ്ലൂരുവിലേക്ക് അയച്ചിട്ടുണ്ട്. അവിടെനിന്ന് പ്രത്യേക ചരക്ക് വിമാന സംവിധാനത്തിലൂടെ വിവിധ വിദേശ രാജ്യങ്ങളിലേക്കും കോവൈ സ്വീറ്റ്സ് കയറ്റുമതി ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.