ഇരിങ്ങാലക്കുട: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി.
തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ 150 കിലോ തൂക്കമുള്ള ഭീമന് ജന്മദിന കേക്ക് ശ്രദ്ധേയമായി. 40 അടി നീളവും മൂന്ന് അടി വീതിയുമുള്ള കേക്കാണ് സിഎല്‍സി പ്രവര്‍ത്തകര്‍ ഒരുക്കിയത്. മാതാവിന്റെ വിവിധ രൂപങ്ങളും ചിത്രങ്ങളും കേക്കില്‍ മനോഹരമായി രൂപകല്പന ചെയ്തിരുന്നു. വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പ്രതീകമായി മാറിയ കേക്ക് മുറിക്കല്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറപ്പകിട്ടേകി.
വൈകീട്ട് അഞ്ചിന് നടന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ആലുവ റൊഗേഷനിസ്റ്റ് കോണ്ഗ്രിഗേഷന് റെക്ടര്‍ ഫാ. അമല്‍ ആന്റണി മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വടക്കുംകര സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ഡോ. ജിജോ വാകപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്കി. ദിവ്യബലിക്ക് ശേഷം നടന്ന ജപമാല പ്രദക്ഷിണം ഭക്തിനിര്‍ഭരമായി ഗ്രോട്ടോയില്‍ സമാപിച്ചു. തുടര്‍ന്ന് വര്‍ണമഴയും സ്നേഹവിരുന്നും സംഘടിപ്പിച്ചു.
ഇടവകയിലെ മാലാഖ കൂട്ടം അവതരിപ്പിച്ച ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഫ്രാന്‍സിസ് കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ എ.ടി. ജോയ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.