ഖാർത്തൂം: സുഡാനും ദക്ഷിണസുഡാനും ഇടയിലെ തർക്കപ്രദേശമായ അബ്യേയിയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 153 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കും.
തിങ്കളാഴ്ച ഉച്ചയ്ക്കു മുന്പായി ഇവിടത്തെ ഇന്ധനസംഭരണ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടാകുകയായിരുന്നു. ആക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല.
അതേസമയം, സുഡാനാണ് ആക്രമണം നടത്തിയതെന്ന് ദക്ഷിണസുഡാൻ ആരോപിച്ചു. ദക്ഷിണസുഡാൻ വിദേശകാര്യമന്ത്രാലയം സുഡാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. സുഡാനിലെ സർക്കാർ സേനയും ആർഎസ്എഫ് എന്ന അർധസൈനിക വിഭാഗവും 2023 മുതൽ ആഭ്യന്തരയുദ്ധത്തിലാണ്.
എണ്ണസന്പന്നമായ അബ്യേയി പ്രദേശം ഇരു രാജ്യങ്ങളുടെയും സംയുക്ത ഭരണസമിതിക്കു കീഴിലാണ്. പ്രദേശം ഏതു രാജ്യത്തോടു ചേരണം എന്നതിന് ഹിതപരിശോധന നടത്താനുള്ള നീക്കം വിജയിച്ചിട്ടില്ല. ഇവിടത്തെ ചില നാടോടി ഗോത്രങ്ങൾക്കു വോട്ടവകാശം നല്കണമോ എന്നതിലെ തർക്കമാണു കാരണം.