ചെന്നൈ: തേനി സബ് ജയിലിൽ നിന്ന് തടവുചാടിയ 17 പേരിലെ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ജയിൽ ജീവനക്കാരനെ ആക്രമിച്ച ശേഷം കുറ്റവാളികൾ രക്ഷപ്പെട്ടത്. ശേഷിക്കുന്നവരെ കണ്ടെത്തുന്നതിനായി 17 പ്രത്യേക പൊലിസ് സംഘങ്ങളെ നിയോഗിച്ചെന്നും വാഹന പരിശോധന ശക്തമാക്കിയെന്നും അധികൃതർ പറഞ്ഞു.
മുൻകരുതലിന്റെ ഭാഗമായി സമീപ ജില്ലയായ ദിണ്ടിഗലിൽ 16 കേന്ദ്രങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചതായി ദിണ്ടിഗൽ പൊലിസ് സൂപ്രണ്ട് എസ്. ജയകുമാർ പറഞ്ഞു. രക്ഷപ്പെട്ട 17 പ്രതികളും ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്. തടവുകാരിൽ ഒരാൾക്ക് അസുഖമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സെല്ലിലെത്തിയ ജയിൽ ജീവനക്കാരെ പ്രതികൾ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിൽ ജയിൽ ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ജി. വിളക്കിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജയിൽ ഉദ്യോഗസ്ഥർക്കും പരിക്കറ്റു. സംഭവത്തിനു പിന്നാലെ സമീപ ജില്ലകളിലെ പൊലിസ് സ്റ്റേഷനുകളിലേക്ക് ജാഗ്രതാ നിർദേശം കൈമാറി.
ഇവർ ഇടുക്കി, പാലക്കാട് വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.