ഇടുക്കി: ആനയിറങ്കല്‍ ഡാമിന്റെ ബഫര്‍സോണ്‍ കൈയേറി കൃഷിയും നിര്‍മാണങ്ങളും നടത്തിയിരുന്ന 7.9104 ഹെക്ടറിലെ കൈയേറ്റം ജില്ലാ ഭരണകൂടം ഒഴിപ്പിച്ചു.
ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാലു ദിവസം നീണ്ട നടപടികളിലൂടെ കൈയേറ്റം ഒഴിപ്പിച്ചത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വിലക്ക് പ്രദേശത്തായിരുന്നു ഒഴിപ്പിക്കല്‍ നടപടികള്‍.
ഭൂമി കൈയേറി ഏലം, കുരുമുളക് തുടങ്ങിയ കൃഷികളും നിര്‍മാണങ്ങളും നടത്തിയിരുന്ന പ്രദേശങ്ങളിലെ ഫെന്‍സിംഗ് പോസ്റ്റുകളും ഗേറ്റുകളും കെട്ടിടങ്ങളും ഏറുമാടങ്ങളും റവന്യു ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. 1260 മീറ്റര്‍ വൈദ്യുതി വേലി, 75 ഫെന്‍സിംഗ് പോസ്റ്റുകള്‍, ആറു ഗേറ്റുകള്‍, എട്ടു കെട്ടിടങ്ങള്‍ എന്നിവയും നീക്കം ചെയ്തവയില് ഉള്‍പ്പെടുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു.
വനംവകുപ്പ്, കെഎസ്ഇബി, ഡാം സേഫ്റ്റി വിഭാഗം, പൊലിസ് എന്നിവരുടെ സംയുക്ത സംഘമാണ് കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ പങ്കെടുത്തത്. ഒഴിപ്പിച്ച പ്രദേശങ്ങളില്‍ പട്ടയഭൂമി ഉള്‍പ്പെട്ടിട്ടില്ലന്നും വിവിധ പ്രദേശങ്ങളില്‍നിന്നു കണ്ടുകെട്ടിയ വസ്തുക്കള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായും ദേവികുളം സബ് കളക്ടര്‍ അറിയിച്ചു.
പ്രദേശത്തെ സ്വാഭാവിക സസ്യാവരണം പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു. കൈയേറ്റം ഒഴിപ്പിച്ച പ്രദേശങ്ങള്‍ ഭാവിയില്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ കെഎസ്ഇബി നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. റിസര്‍വോയറില്‍നിന്ന് 10 ചെയിന്‍ വരെയുള്ള പ്രദേശമാണ് ബഫര്‍സോണ്‍ എന്ന നിലയില്‍ സംരക്ഷിക്കുന്നത്.