പരവൂർ: രാജ്യത്ത് പിൻവലിച്ച 2,000 രൂപ നോട്ടുകളിൽ ഇനിയും തിരിച്ചെത്താനുള്ളത് 5,551 കോടി രൂപ മൂല്യമുള്ള കറൻസികൾ. റിസർവ് ബാങ്ക് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യത്ത് 2,000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പ്രചാരത്തിൽ നിന്ന് പിൻവലിച്ചിട്ട് മൂന്ന് വർഷമാകാൻ പോകുന്നു. 2023 മേയ് 19-നാണ് 2,000 രൂപയുടെ കറൻസികൾ പിൻവലിച്ചത്. പിൻവലിക്കുന്ന സമയത്ത് 3.56 ലക്ഷം കോടി രൂപയുടെ കറൻസികളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്.
2026 മാർച്ച് ഒന്നിന് റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 98.44 ശതമാനം നോട്ടുകൾ തിരിച്ചെത്തിയിട്ടുണ്ട്. 5,551 കോടി രൂപയുടെ കറൻസികൾ ഇനിയും തിരിച്ചെത്താതെ അവശേഷിക്കുന്നു.
റിസർവ് ബാങ്ക് കണക്ക് പ്രകാരം 2,000 രൂപയുടെ 2.78 കോടി കറൻസികൾ ഇപ്പോഴും തിരിച്ചെത്താതെയുണ്ട്. 2025 മാർച്ച് 31 വരെ ഇത് 3.18 കോടിയായിരുന്നു. അതിന് ശേഷമുള്ള 11 മാസത്തിനിടെ തിരിച്ചെത്തിയത് 40 ലക്ഷം നോട്ടുകളാണെന്നും റിസർവ് ബാങ്കിന്റെ കണക്കിൽ സൂചിപ്പിക്കുന്നു.
2,000 രൂപയുടെ നോട്ടുകൾ മാറിയെടുക്കാൻ 2023 ഒക്ടോബർ വരെ ബാങ്ക് ശാഖകൾ മുഖാന്തിരം അവസരം നൽകിയിരുന്നു. അതിനു ശേഷം റിസർവ് ബാങ്കിന്റെ രാജ്യത്തെ 19 ഇഷ്യൂ കേന്ദ്രങ്ങൾ വഴി പ്രസ്തുത നോട്ടുകൾ ഇപ്പോഴും മാറി നൽകുന്നുണ്ട്.
കേരളത്തിൽ തിരുവനന്തപുരത്താണ് ഇഷ്യൂ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇഷ്യൂ കേന്ദ്രങ്ങളിൽ നേരിട്ട് എത്താൻ ബുദ്ധിമുട്ടുള്ളവർക്ക് തപാൽ വഴി അയച്ച് നൽകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ അയയ്ക്കുന്ന കറൻസികൾ അവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ഇഷ്യൂ ഓഫീസുകളിൽ നിന്ന് ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറി നൽകുകയാണ് പതിവ്.
ഇതൊക്കെയാണങ്കിലും 2,000 രൂപ നോട്ടുകളുടെ നിയമപ്രാബല്യം രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ വിപണിയിൽ ഈ കറൻസികൾ ദൈനംദിന സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുകയുമില്ല.
ആർബിഐയുടെ ഇഷ്യൂ ഓഫീസുകളിൽ നേരിട്ട് എത്തിയോ തപാൽ മുഖാന്തരമോ 2,000 രൂപ മാറ്റിയെടുക്കാൻ നിലവിൽ അവസരമുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് റിസർവ് ബാങ്ക് ഇപ്പോഴും ആവശ്യപ്പെടുന്നത്.