ന്യൂഡൽഹി: 2024 നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യം ആരോപണവിധേയനായിരുന്ന സഞ്ജീവ് മുഖിയ എന്ന സഞ്ജീവ് കുമാറിനെതിരേ തെളിവൊന്നും കണ്ടെത്തിയിട്ടില്ലെന്നു സിബിഐ. 2024 നീറ്റ് ചോദ്യപേപ്പർ മോഷ്ടിച്ചതിലും വിതരണം ചെയ്തതിലും സഞ്ജീവിനു ബന്ധമൊന്നുമില്ലെന്ന് സിബിഐ പ്രസ്താവനയിലൂടെ അറിയിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മോഷണം നടന്നിട്ടുണ്ടെന്ന് 2024ൽ ബിഹാർ പോലീസ് ആദ്യമായി കണ്ടെത്തിയിരുന്നുവെന്നും കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്നും സിബിഐയുടെ പ്രസ്താവനയിൽ പറയുന്നു. മറ്റുള്ള ചോദ്യപേപ്പർ ചോർച്ച കേസുകളിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നായിരുന്നു രാജ്യവ്യാപകമായി ചർച്ചാവിഷയമായ 2024 നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സഞ്ജീവിനെ ബിഹാർ പോലീസ് എഫ്ഐആറിൽ പ്രതിചേർത്തതെന്നു സിബിഐ അറിയിച്ചു.
പിന്നീട് കേസ് സിബിഐക്ക് കൈമാറി. ചോദ്യപേപ്പർ മോഷണത്തിലും കൈമാറ്റത്തിലും ഉൾപ്പെട്ട ഓരോരുത്തരെയും ഇതിന്റെ ഗുണഭോക്താക്കളെയും തിരിച്ചറിഞ്ഞു.
പാറ്റ്ന ഹൈക്കോടതിക്കു മുമ്പാകെ 45 പ്രതികൾക്കെതിരായ ഒന്നിലധികം എഫ്ഐആറുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ കുറ്റത്തിൽ സഞ്ജീവിന്റെ പങ്കാളിത്തം സ്ഥാപിക്കുന്ന യാതൊരു തെളിവും സിബിഐക്ക് ലഭിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
ബിഹാറിലെ മറ്റു പല ചോദ്യപേപ്പർ ചോർച്ചകളിലും ആരോപണവിധേയനായ സഞ്ജീവ് മുഖിയ 2024 നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിയായതിനെത്തുടർന്ന് 11 മാസം ഒളിവിൽ പോയിരുന്നു. സഞ്ജീവിനെപ്പറ്റി വിവരം നൽകുന്നവർക്കു ബിഹാർ സർക്കാർ മൂന്നു ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷം ഏപ്രിൽ 25നാണ് സഞ്ജീവിനെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയതിനു 2016ലും സഞ്ജീവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.