മുംബൈ: ഇന്ത്യന്‍ ടീമിന്റെ ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് നേട്ടത്തിന്റെ ചൂടുമാറുന്നതിനു മുമ്പ്, 2026 സീസണ് ഐപിഎല്‍ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ).
ആദ്യ 20 മത്സരങ്ങളുടെ ഫിക്സ്ചറാണ് പ്രഖ്യാപിച്ചത്. 12-ാം തീയതി ആദ്യ 20 മത്സരങ്ങളുടെ പട്ടിക പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍, പറഞ്ഞതിലും ഒരുദിനം നേരത്തേ ഐപിഎല്ലിന്റെ ആദ്യഘട്ട മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു.
ചിന്നസ്വാമിയില്‍ ഉദ്ഘാടനം
2026 സീസണിലെ ഉദ്ഘാടന മത്സരം നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും മുന്ചാമ്പ്യന്മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ മാര്‍ച്ച് 28ന് രാത്രി 7.30നു നടക്കും. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി. 18 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട്, 2025ല്‍ വിരാട് കോഹ്ലിയുടെ ആര്‍സിബി ഐപിഎല്ലില്‍ കന്നിക്കിരീടം സ്വന്തമാക്കിയിരുന്നു.
അഹമ്മദാബാദിലെ ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെയായിരുന്നു ആര്‍സിബി കീഴടക്കിയത്. തുടര്‍ന്ന് ട്രോഫി പര്യടനത്തിനുശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും 11 പേര് മരണപ്പെട്ടു. ഈ സംഭവത്തിനുശേഷം ഐപിഎല്‍ 2026 സീസണ് ഉദ്ഘാടന മത്സരത്തിനുതന്നെ ചിന്നസ്വാമി വേദിയാകുന്നു എന്നതാണ് ശ്രദ്ധേയം.
മുംബൈ Vs കോല്‍ക്കത്ത
ഐസിസി 2026 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 29ന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേയാണ്. 2026ല്‍ ഇന്ത്യക്കു ട്വന്റി-20 ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, 2024ല്‍ ഇന്ത്യയെ ട്വന്റി-20 ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ ഹാര്‍ദിക്കിന്റെ കീഴില്‍ മുംബൈക്കായി അണിനിരക്കുന്നു എന്നതും ശ്രദ്ധേയം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.
സഞ്ജു Vs രാജസ്ഥാന്
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ് തന്റെ പഴയ ക്ലബ്ബായ രാജസ്ഥാന് റോയല്‍സിന് എതിരേ ഇറങ്ങുന്നു എന്നതാണ് മാര്‍ച്ച് 30നുള്ള സിഎസ്കെ Vs ആര്‍ആര്‍ മത്സരത്തിന്റെ പ്രത്യേകത. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗോഹട്ടിയിലാണ് മത്സരം.
സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഇറങ്ങുന്ന ആദ്യ സീസണ് ആണിത്. രാജസ്ഥാന് റോയല്‍സില്‍നിന്ന് 18 കോടി രൂപയ്ക്ക് ട്രാന്‍സ്ഫറിലൂടെയാണ് സഞ്ജു സിഎസ്കെയില്‍ എത്തിയത്. 2026 ഐസിസി ട്വന്റി-20 ലോകകപ്പ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാണ് സഞ്ജു. സൂപ്പര്‍ താര പരിവേഷത്തിലെത്തുന്ന സഞ്ജുവില്‍നിന്ന്, ഇന്ത്യയെ ലോകകപ്പില്‍ എത്തിച്ചതുപോലുള്ള മിന്നും ഇന്നിംഗ്സുകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2023 എഡിഷനിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് അവസാനമായി ഐപിഎല്‍ ചാമ്പ്യന്മാരായത്.
19-ാം സീസണ്
മാര്‍ച്ച് 28 മുതല്‍ മേയ് 31വരെയാണ് ഐപിഎല്ലിന്റെ 19-ാം സീസണ്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമുകളുടെ മത്സരങ്ങള്‍ അരങ്ങേറുന്ന ബംഗാള്‍, ആസാം, തമിഴ്നാട് എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ ഷെഡ്യൂള്‍ രണ്ടുഘട്ടമാക്കാന് ബിസിസിഐ നിര്‍ബന്ധിതമായത്.