ഐച്ചി-നഗോയ: ഭിന്നശേഷിക്കുമേല് കായിക അര്പ്പണത്തിന്റെ അതുല്യദിനങ്ങള്ക്കു കൊടിയേറി... ജപ്പാനിലെ ഐച്ചി-നഗോയ എന്നിവിടങ്ങളില് ഇനിയുള്ള ആറു ദിനങ്ങളില് ഏഷ്യന് മെഡലിനായുള്ള അദ്ഭുത പ്രകടനങ്ങളുടെ മാസ്മരികത... 2026 ഏഷ്യന് പാരാ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ നടന്നു.
ഈമാസം നാലിനു കൊടിയിറങ്ങിയ ഏഷ്യന് ഗെയിംസിന്റെ ചുവടുപിടിച്ചുള്ള പാരാ ഗെയിംസ് 24വരെ അരങ്ങേറും. പാരാ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെയായിരുന്നെങ്കിലും 10 മുതല് ബാസ്കറ്റ്ബോള് മത്സരങ്ങള് ആരംഭിച്ചിരുന്നു.
വാബി
"വി ആര് ബ്യൂട്ടിഫുള് ഇന്ഡിവിജ്വല്സ്' (WABI) എന്ന തീമിലാണ് അഞ്ചാമത് ഏഷ്യന് പാരാഗെയിംസ് അരങ്ങേറുന്നതെന്നതും ശ്രദ്ധേയം. ഇന്ത്യന് സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്റെ ആരംഭം. പാരാ-ബാഡ്മിന്റണ് താരമായ പ്രമോദ് ഭഗത്തും പാരാ-സ്പ്രിന്ററായ സിമ്രാന് ശര്മയും മാര്ച്ച് പാസ്റ്റില് ഇന്ത്യന് ദേശീയ പതാക കൈകളിലേന്തി. ഏഷ്യയിലെ മുഴുവന് (45) ദേശീയ പാരാലിമ്പിക് കമ്മിറ്റിയുടെ കീഴിലും താരങ്ങള് അണിനിരന്നു. ഇതാദ്യമായാണ് 45 പാരാലിമ്പിക് കമ്മിറ്റിയും ഗെയിംസില് പങ്കെടുക്കുന്നത്.
ഇന്ത്യക്കു 168 അംഗ സംഘം
2026 ഏഷ്യന് പാരാ ഗെയിംസില് ഇന്ത്യയെ പ്രതിനിധീകരിച്ച് 168 അംഗ സംഘമാണ് മാറ്റുരയ്ക്കുക. 112 പുരുഷന്മാരും 56 വനിതകളും ഉള്പ്പെടുന്നതാണിത്. 2022 ഹ്വാങ്ഷൂ പാരാ ഗെയിംസില് 27 സ്വര്ണം, 32 വെള്ളി, 49 വെങ്കലം എന്നിങ്ങനെ 108 മെഡല് ഇന്ത്യ കരസ്ഥമാക്കിയിരുന്നു. ഏഷ്യന് പരാ ഗെയിംസ് ചരിത്രത്തില് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു 2022ലേത്. മെഡല് നേട്ടത്തില് സെഞ്ചുറി കടന്നതും ആദ്യമായാണ്.