ചണ്ഡിഗഡ്: പഞ്ചാബിൽ 24 കിലോ ഹെറോയിനുമായി മൂന്നു പേർ പിടിയിൽ. പഞ്ചാബ് പോലീസും ബിഎസ്എഫും ചേർന്നു നടത്തിയ സംയുക്ത നീക്കത്തിലാണ്, പാക്കിസ്ഥാൻ കേന്ദ്രീകൃതമായ ലഹരിക്കടത്തുസംഘം പിടിയിലായത്.
സംഘത്തിൽനിന്ന് 24.5 കിലോ ഹെറോയിനും 21.5 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച മൾട്ടി-കോപ്റ്റർ ഡ്രോണും രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു.
അമൃത്സർ സ്വദേശികളായ ജഗജിത് സിംഗ് റാണ, മൻപ്രീത് സിംഗ്, റോഷൻ സിംഗ് എന്നിവരാണ് പിടിയിലായത്.രണ്ടു ഘട്ടങ്ങളിലായാണ് പോലീസ് പ്രതികളെ പിടികൂടിയത്.
ആദ്യഘട്ടത്തിൽ 12.1 കിലോ ഹെറോയിനും കടത്തിനുപയോഗിച്ച ഡ്രോണും പിടിച്ചെടുത്തു. തുടർന്ന് ഡ്രോണിലെ സാങ്കേതിക വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതികളിലൊരാളായ മൻപ്രീത് സിംഗിന്റെ വീട്ടിൽനിന്ന് ബാക്കി 12.4 കിലോ ഹെറോയിൻ കൂടി കണ്ടെടുക്കുകയായിരുന്നു.