കൂത്താട്ടുകുളം: ഫേസ്ബുക്കിൽ കണ്ട പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത കൂത്താട്ടുകുളം സ്വദേശിനിയായ സ്ത്രീക്ക് ഓൺലൈൻ നിക്ഷേപതട്ടിപ്പിലൂടെ 25,18,063 രൂപ നഷ്ടമായി. കൂത്താട്ടുകുളം അമ്പലംകുന്നേൽ സ്ഥിരതാമസക്കാരിയായ 69കാരി നൽകിയ പരാതിയിൽ കൂത്താട്ടുകുളം പൊലിസ് കേസെടുത്തു.
2026 ഓഗസ്റ്റ് 19 മുതൽ നവംബർ 20 വരെയുള്ള കാലയളവിലാണു തട്ടിപ്പ് നടന്നത്. ഫേസ്ബുക്കിൽ പരസ്യത്തിലെ ലിങ്കിൽ പ്രവേശിച്ചതോടെയാണു പരാതിക്കാരി തട്ടിപ്പുസംഘത്തിന്റെ വലയിലായത്. 20,000 രൂപ നിക്ഷേപിച്ചാൽ ദിവസവും 25,000 രൂപ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. ആദ്യഘട്ടത്തിൽ വിശ്വാസ്യത നേടിയെടുക്കുന്നതിനായി 1,000 രൂപയും പിന്നീട് വിവിധ ദിവസങ്ങളിലായി 4,867 രൂപയും പരാതിക്കാരിക്കു തിരികെ അയച്ചുനൽകി.
തുടർന്ന് വിവിധ തീയതികളിലായി ഗൂഗിൾ പേ, ഫെഡ് മൊബൈൽ എന്നിവ വഴി പല അക്കൗണ്ടുകളിലേക്കായി വലിയ തുകകൾ കൈമാറുകയായിരുന്നു. ആകെ 25,18,063 രൂപ തട്ടിപ്പുസംഘം കൈക്കലാക്കി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണു തട്ടിപ്പിനിരയായതായി ബോധ്യപ്പെട്ടത്. ആൽബർട്ട് ബിബിൻ, റോബിൻ, സ്റ്റെഫി എന്നിവരെ പ്രതികളാക്കിയാണു പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂത്താട്ടുകുളം എസ്എച്ച്ഒ ആർ. പ്രിൻസിയാണ് അന്വേഷണം നടത്തുന്നത്.