ന്യൂഡൽഹി: ഐഫോൺ, മാക്, ഐപാഡ് ഉപയോക്താക്കൾക്ക് സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ സഹായകരമായിരുന്ന ഔദ്യോഗിക 'ആപ്പിൾ സപ്പോർട്ട് കമ്മ്യൂണിറ്റി' ഫോറം പ്രവർത്തനം അവസാനിപ്പിക്കുന്നു. നിർത്തിവെക്കുന്നതിന്റെ ഭാഗമായി ഫോറം നിലവിൽ 'റീഡ് ഓൺലി' മോഡിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ ഉപയോക്താക്കൾക്ക് പുതിയ ചോദ്യങ്ങളോ ചർച്ചകളോ ആരംഭിക്കാൻ സാധിക്കില്ല. ഒക്ടോബർ/നവംബർ 20-ന് മുൻപുള്ള ചർച്ചകൾ വായിക്കാൻ സാധിക്കുമെങ്കിലും 2026 നവംബർ 20-ഓടെ പ്ലാറ്റ്ഫോം പൂർണമായും നിർത്തലാക്കും.
ആപ്പിൾ സപ്പോർട്ട് കമ്മ്യൂണിറ്റിയുടെ ചരിത്രം, 28 വർഷത്തെ പ്രവർത്തനത്തിനുശേഷമാണ് സേവനങ്ങൾ നിർത്തലാക്കുന്നത്. 1998ൽ 'ആപ്പിൾ ടെക് എക്സ്ചേഞ്ച്' എന്ന പേരിൽ ആരംഭിച്ചു. 2000ൽ 'ആപ്പിൾ ഡിസ്കഷൻസ്' എന്ന് പേരുമാറ്റി. 2011 ൽ പുതിയ ഇന്റർഫേസും യൂസർ പ്രൊഫൈലുകളും അവതരിപ്പിച്ച് 'ആപ്പിൾ സപ്പോർട്ട് കമ്മ്യൂണിറ്റീസ്' എന്ന് പുനരവതരിപ്പിച്ചു. 2022ൽ 'ആപ്പിൾ സപ്പോർട്ട് കമ്മ്യൂണിറ്റി' എന്ന് പേര് പുനർനാമകരണം ചെയ്തു.
തുടക്കത്തിൽ ജീവനക്കാരും ഉപയോക്താക്കളും ഒരുമിച്ച് സംശയങ്ങൾക്ക് മറുപടി നൽകിയിരുന്നെങ്കിലും, 2023 മുതൽ ആപ്പിൾ ജീവനക്കാർ ഫോറത്തിൽ മറുപടി നൽകുന്നത് നിർത്തിവെച്ചിരുന്നു.
ഉപയോക്താക്കൾ ഇനി എന്ത് ചെയ്യണം?
പ്ലാറ്റ്ഫോം നിർത്തലാക്കുന്നതിനായി കൃത്യമായ കാരണം ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഉപയോക്താക്കളുടെ ആവശ്യങ്ങളും തങ്ങളുടെ സേവന തന്ത്രങ്ങളും വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി.
ഇനിമുതൽ ഉപയോക്താക്കൾക്ക് സംശയനിവാരണത്തിനായി ആപ്പിളിന്റെ ഔദ്യോഗിക 'ആപ്പിൾ സപ്പോർട്ട്' വെബ്സൈറ്റിലെ ഗൈഡുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ നേരിട്ട് ആപ്പിൾ സപ്പോർട്ടുമായോ 'ജീനിയസ് ബാറുമായോ' ബന്ധപ്പെടാവുന്നതാണ്. മറ്റ് ഉപയോക്താക്കളിൽ നിന്ന് സഹായം തേടാൻ ആഗ്രഹിക്കുന്നവർക്ക് റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാം.