കണ്ണൂർ: കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി എൻജിനിയറിംഗ് കീം പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടി കൂത്തുപറമ്പ് ചെറുവാഞ്ചേരി പൂവത്തൂർ സ്വദേശി ധ്യാൻ തേജ് മണപ്പാട്ടി നാടിന് അഭിമാനമായി.
600 ൽ 586.1408 സ്കോർ നേടിയാണ് ധ്യാൻ തേജ് ഈ തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിൽ തന്നെ മികച്ച റാങ്ക് സ്വന്തമാക്കിയതിന്റെ സന്തോഷത്തി ലാണ് ധ്യാനും കുടുംബവും.
പ്ലസ് ടു വരെ ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം വിദ്യാർഥിയായി രുന്ന ധ്യാൻ തുടർന്ന് പാലായിലെ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ ഒരു വർഷം പരിശീലനം നടത്തി. ഉയർന്ന പഠനത്തിനായി ഐഐടി കാൺപൂരിൽ പ്രവേശനം നേടണമെന്നാണ് ധ്യാനിന്റെ ആഗ്രഹം.
ഒമാനിലെ കസബ് സ്കൂളിൽ അധ്യാപകനായ പ്രദീപൻ മണപ്പാട്ടിയും കണ്ണവം ഡെന്റൽ ക്ലിനിക്കിൽ ഡെന്റൽ അസിസ്റ്റന്റായി ജോലി ചെയ്യുന്ന എ. അനീഷയുമാണ് മാതാപിതാക്കൾ. ആറാം ക്ലാസ് വിദ്യാർഥിയായ അലോക് പ്രീത് സഹോദരനാണ്.