കൊരട്ടി: ദേശീയപാതയിൽ സവാള കയറ്റി വന്ന ലോറിയിൽ ഒളിപ്പിച്ചു കടത്തിയ മൂന്നു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കൊരട്ടി പൊലിസ് പിടികൂടി.
11 ടണ്‍ തൂക്കം വരുന്ന 3,76,500 പാക്കറ്റ് പുകയില ഉൽത്പന്നങ്ങളാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. സംഭവത്തിൽ കണ്ണൂർ ഇരിട്ടി സ്വദേശികളായ ടെൽസൺ ബാബു (36), സൈബ് (33) എന്നിവരെ അറസ്റ്റ് ചെയ്തു. മധ്യകേരളത്തിൽ അടുത്തകാലത്തുനടന്ന ഏറ്റവും വലിയ പുകയില ഉത്പന്ന വേട്ടകളിലൊന്നാണിത്.
750 പാക്കറ്റുകൾ വീതം അടങ്ങിയ 502 ചാക്കുകളിലായാണു പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്. സവാളച്ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. നിരോധിത പുകയില ഉൽപന്നംകടത്താൻ ഉപയോഗിച്ച ലോറിയും പൊലിസ് കസ്റ്റഡിയിലെടുത്തു.
ബംഗളൂരുവിൽനിന്നു നിരോധിത പുകയില ഉത്പന്നങ്ങൾ കയറ്റി എറണാകുളം കാലടിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഉത്തരേന്ത്യയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്കു വാങ്ങി കേരളത്തിലെത്തിച്ച് പലമടങ്ങ് കൂടുതൽ വിലയ്ക്കു വിൽക്കുന്നതായാണ് വിവരം. പത്തു രൂപയ്ക്ക് വാങ്ങുന്ന പാക്കറ്റുകൾ കേരളത്തിൽ നൂറു രൂപയോ അതിലധികമോ വിലയ്ക്ക് വിൽക്കുന്നതായും പൊലിസ് സംശയിക്കുന്നു.
പുകയില ഉത്പന്നങ്ങളുടെ ഉറവിടം, കടത്തുസംഘത്തിലെ മറ്റു കണ്ണികൾ, സംഭരണകേന്ദ്രങ്ങൾ, വിതരണശൃംഖല എന്നിവ കണ്ടെത്താൻ പൊലിസ് അന്വേഷണം ഊർജിതമാക്കി.