തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ നാലുവർഷ ബിരുദ കോഴ്സുകൾ സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകൾ അടിയന്തരമായി പരിഹരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.
ദീപികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുവ തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിർണായക ഇടപെടലുകൾ നടത്താൻ ഉന്നത വിദ്യാഭ്യാസവകുപ്പിന് കഴിയണമെന്നും അതാണ് തന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം ചുവടെ.
നാലുവർഷ ബിരുദ കോഴ്സുകളിൽ നിലനില്‍ക്കുന്ന അനിശ്ചിതത്വം സംബന്ധിച്ച്?
നാലുവർഷ ബിരുദ കോഴ്സ് സംബന്ധിച്ച് സംസ്ഥാനത്ത് വ്യാപകമായ പരാതികളും ആശങ്കകളുമാണ് നിലവിലുള്ളത്. ഈ ആശങ്കകൾ അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇതിനായി കോഴ്സ് സംബന്ധിച്ച് റിവ്യു നടത്തും. അതിനു ശേഷമാവും നാലുവർഷ ബിരുദ കോഴ്സ് നടത്തിപ്പ് സംബന്ധിച്ചുള്ള തുടർനടപടികൾ കൈക്കൊള്ളുക.
ഇന്റേണ്‍ഷിപ്പ് ഉൾപ്പെടെയുളള കാര്യങ്ങളിൽ വിദ്യാർഥികൾ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യമാണ്. നാലുവർഷ ബിരുദ കോഴ്സ് നടത്തിപ്പിനായുള്ള സോഫ്റ്റ് വെയറിനെക്കുറിച്ചും നിരവധി ആക്ഷേപങ്ങളുണ്ട്. ഇവ പരിശോധിക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ അവസ്ഥ പരിശോധിച്ചോ?
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ശ്രദ്ധ ആവശ്യമായ വകുപ്പാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. നിലവിൽ വകുപ്പ് നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. യുവ തലമുറ ആഗ്രഹിക്കുന്ന തലത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഭാരിച്ച ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏല്പിച്ചിരിക്കുന്നത്. വലിയ പ്രതീക്ഷയോടെ വൻ ഭൂരിപക്ഷത്തിലാണ് കേരള ജനത യുഡിഎഫിനെ വിജയിപ്പിച്ചത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ആ ശ്രമത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിനും നിർണായക പങ്കാണുളളത്.
സംസ്ഥാനത്ത് വൈസ് ചാൻസലർമാരുടെ നിയമനങ്ങൾ വൈകുന്നതിനെക്കുറിച്ച്?
ഉന്നതവിദ്യാഭ്യാസ മേഖലയിലെ ചാലകശക്തിയാണ് സർവലകലാശാലകൾ. സർവകലാശാലകളുടെ പ്രവർത്തനങ്ങൾ ഏറ്റവും നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ അടിസ്ഥാനശില സർവകലാശാലാ വൈസ് ചാൻസലർമാരാണ്. സർവകലാശാലകളിലെ ഇൻ ചാർജ് ഭരണത്തെ യുഡിഎഫ് ഒരു കാലത്തും പ്രോത്സാഹിപ്പിക്കുകയില്ല.
നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങൾ കോടതി വ്യവഹാരങ്ങൾ ഉൾപ്പെടെയുള്ളവയാണ്. ഇക്കാര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വി.സി നിയമനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരമാവധി വേഗത്തിൽ നടപടികൾ സ്വീകരിക്കുകയാണ് ലക്ഷ്യം.
സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനം സംബന്ധിച്ചുള്ള വിവാദങ്ങളെക്കുറിച്ചുള്ള അഭിപ്രായം?
ഏതൊരു നിയമനത്തിലും നിയമിക്കപ്പെടുന്നവരുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. നിയമനങ്ങൾ ഒരിക്കലും രാഷ്ട്രീയ ഇടപെടലുകളിൽ ചുറ്റപ്പെടരുത്. രാഷ്ട്രീയത്തിന് അതീതമായി മുന്നോട്ടു കൊണ്ടുപോയാൽ മാത്രമേ ഗുണിനലവാരം ഉറപ്പുവരുത്താൻ കഴിയുകയുയുള്ളൂ.
നിലവിലെ സർക്കാർ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം സംബന്ധിച്ചു കോടതിയിൽ നിലനില്‍ക്കുന്ന കേസുകളിൽ ഉൾപ്പെടെ അഡ്വക്കറ്റ്് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാവും തുടർനടപടികൾ.
ബിരുദപഠനം സൗജന്യമാക്കുമെന്നുള്ള കഴിഞ്ഞ സർക്കാരിന്റെ അവസാന
ബജറ്റിലെ പ്രഖ്യാപനത്തെക്കുറിച്ച്?
ഇത്തരം കാര്യങ്ങൾ നയപരമായ വിഷയമാണ്. ഇതിൽ നിലവിൽ പ്രതികരിക്കുന്നില്ല. നയപരമായ തീരുമാനങ്ങളാണ് ഇതിൽ ഉണ്ടാവേണ്ടത്. നമ്മുടെ ലക്ഷ്യം മികച്ച വിദ്യാഭ്യാസം വിദ്യാർഥികൾക്ക് ലഭ്യമാക്കുക എന്നതാണ്.
കേന്ദ്രഫണ്ടുകൾ ലഭ്യമാക്കാൻ വേണ്ട നടപടികൾ?
കേന്ദ്രത്തിൽനിന്നും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കേണ്ട ഫണ്ടുകൾ സംസ്ഥാനത്തിന്റെ അവകാശമാണ്. ഓരോ പൗരന്മാരും നല്കുന്ന നികുതിപ്പണത്തിൽനിന്നുള്ള വിഹിതമാണത്. അത് പരമാവധി നേടിയെടുക്കാനുള്ള നടപടികൾ കൈക്കൊള്ളും. എന്നാൽ കേന്ദ്രസർക്കാരുമായി ആശയപരമായി വ്യത്യസ്തമായ നിലപാടുള്ള വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന സമീപനമുണ്ടാവില്ല.
അധ്യാപക സംഘടനകളും വിദ്യാർഥി സംഘടനകളുമായി ചർച്ചകൾ?
അത്തരം നടപടികളിലേക്ക് കടന്നിട്ടില്ല. അധികാരമേറ്റ ശേഷം വകുപ്പിനെക്കുറിച്ച് വിശദമായി കാര്യങ്ങൾ മനസിലാക്കാനാണ് ശ്രമിച്ചത്. അധ്യാപക- വിദ്യാർഥി സംഘടനകളുമായി കൂടിക്കാഴ്ചകൾ ഉണ്ടാവും.
എന്താണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്കായുള്ള പദ്ധതികൾ?
ഗുണനിലവാരവും മികവാർന്നതുമായ വിദ്യാഭ്യാസമാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നൊരുക്കങ്ങൾ ഏറെ നാളുകൾക്ക് മുന്‍പേ ആരംഭിച്ചിരുന്നു. യുഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽനിന്നുള്ളവരെ വിളിച്ചുവരുത്തി ഹയർ എഡ്യുക്കേഷൻ കോണ്‍ക്ലേവ് നടത്തിയിരുന്നു.
ആ കോണ്‍ക്ലേവിൽ ഉയർന്നുവന്ന ആശയങ്ങളിൽ പ്രധാനപ്പെട്ടത് യുഡിഎഫിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പാക്കാനുള്ള കർമപരിപാടികൾ വേഗത്തിലാക്കുമെന്നും റോജി ദീപികയോട് പറഞ്ഞു.