വത്തിക്കാൻ സിറ്റി: ജോൺ പോൾ രണ്ടാമൻ മാർപാപ്പ തുടക്കം കുറിച്ച ചരിത്രപ്രസിദ്ധമായ അന്താരാഷ്ട്ര മതസൗഹാർദ സമാധാന പ്രാർഥനയുടെ 40-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ അസീസി സന്ദർശിക്കും. ഈമാസം 25 മുതൽ 27 വരെയാണ് അസീസിയിൽ വാർഷികസമ്മേളനം സംഘടിപ്പിക്കുന്നത്.
1986 ഒക്ടോബർ 27നാണ് ആഗോള സമാധാനത്തിനായി ലോകത്തിലെ വിവിധ മതനേതാക്കളെ ഒരുമിച്ചുകൂട്ടി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആദ്യമായി അസീസിയിൽ പ്രാർഥനായോഗം വിളിച്ചുചേർത്തത്.
ഇതിന്റെ ഓർമ പുതുക്കി ‘ആയുധമുക്തവും നിരായുധീകരണത്തിലൂന്നിയതുമായ സമാധാനം’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ സമ്മേളനം നടക്കുന്നത്.
സാന്ത എജീദിയോ എന്ന കത്തോലിക്കാകൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ 53 രാജ്യങ്ങളിൽനിന്നായി 384 മത, സാംസ്കാരിക പ്രതിനിധികൾ പങ്കെടുക്കും.
സമ്മേളനത്തിന്റെ അവസാനദിനമായ 27ന് ലെയോ പതിനാലാമൻ മാർപാപ്പ അസീസിയിലെത്തി സമാധാനസന്ദേശം നൽകും.