കണ്ണൂർ: ഇന്ന് നടക്കുന്ന പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 11.30 ന് മന്ത്രി സണ്ണി ജോസഫ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിർവഹിക്കും.
അന്നേദിവസം രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ അഞ്ചു വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും രോഗ പ്രതിരോധശേഷി ഉറപ്പാക്കുന്നതിനായി ജില്ലയിലെ പ്രത്യേകം സജ്ജീകരിച്ച 1573 ബൂത്തുകൾ വഴി തുള്ളിമരുന്ന് നൽകും.
ജില്ലയിൽ ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ വരാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ഞായറാഴ്ച ബൂത്തുകൾ സ്ഥാപിച്ച് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കും.
ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ 46 ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടേത് ഉൾപ്പെടെ അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നല്കുന്നതിന് 60 മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, റോട്ടറി ഇന്റർനാഷണൽ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പൂർണ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്.
ഏതെങ്കിലും കാരണവശാൽ പൾസ് പോളിയോ ദിനത്തിൽ വാക്സിൻ ലഭിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ വോളന്റിയർമാർ/ആരോഗ്യ പ്രവർത്തകർ മുഖേന വീടുകളിൽ പോളിയോ വാക്സിൻ നല്കുന്നതിനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്..