ബര്‍ലിന്‍: /സ്റേറാക്ക്ഹോം : യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളെ ലക്ഷ്യമിട്ട് ഹാക്കര്‍മാരുടെ ആസൂത്രിത സൈബര്‍ ആക്രമണം. സ്വീഡനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ ഐസിഎ, കോപ് എന്നിവയുടെ വിവിധ ശാഖകളിലെ റഫ്രിജറേറ്ററുകളുടെയും ഫ്രീസറുകളുടെയും നിയന്ത്രണം ഹാക്കര്‍മാര്‍ പിടിച്ചെടുത്തു. ഫ്രീസറുകളിലെ താപനില ഒറ്റരാത്രികൊണ്ട് 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ത്തിയതോടെ സൂക്ഷിച്ചിരുന്ന ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കളാണ് നശിച്ചത്.
സ്വീഡന് പുറമെ ബെല്‍ജിയം, ലക്സംബുര്ഗ് എന്നീ രാജ്യങ്ങളിലെ ഭക്ഷ്യ വിപണന കേന്ദ്രങ്ങളും സമാനമായ രീതിയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല.
ഒറ്റരാത്രികൊണ്ട് ഫ്രീസറുകള്‍ 'ഓവനുകളായി'
തെക്കന്‍ സ്വീഡനിലെ സ്യോബോയിലുള്ള ഐസിഎ ക്വാണ്ടം (ICA Kvantum) സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. "ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. രാത്രിയില്‍ ഞങ്ങളുടെ കൂളിംഗ് ഫ്രീസിംഗ് സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെടുകയും താപനില 50 ഡിഗ്രിയിലേക്ക് മാറ്റപ്പെടുകയും ചെയ്തു. കേടായ മുഴുവന്‍ ഭക്ഷ്യവസ്തുക്കളും നീക്കം ചെയ്യാനും സംവിധാനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കാനും ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ അടച്ചിട്ട ഈ ശാഖ, കേടായ സാധനങ്ങള്‍ മാറ്റിയ ശേഷം പിന്നീട് തുറന്നു പ്രവര്‍ത്തിച്ചു. സ്റേറാക്ക്ഹോമിലെ ഐ.സി.എ ശാഖകളിലും സമാനമായ രീതിയില്‍ ജീവനക്കാര്‍ കേടായ സാധനങ്ങള്‍ ഷെല്ഫുകളില് നിന്ന് നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബെല്‍ജിയത്തില്‍ 40ലധികം സൂപ്പര്‍മാര്‍ക്കറ്റുകളെ ബാധിച്ചു
രാത്രിയിലുണ്ടായ സാങ്കേതിക തകരാര്‍ തങ്ങളുടെ ചില ശാഖകളിലെ ശീതീകരണ സംവിധാനങ്ങളെ ബാധിച്ചതായി ഐ.സി.എ ഗ്രൂപ്പ് വക്താവ് ഗുസ്താഫ് നില്‍സണ്‍ സ്വീഡിഷ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.Coop ശൃംഖലയുടെ ആറ് ശാഖകളെയാണ് സൈബര്‍ ആക്രമണം നിശ്ചലമാക്കിയത്. അതേസമയം, ബെല്‍ജിയത്തില്‍ നാല്പതിലധികം ഡെല്‍ഹൈസ് (Delhaize) സൂപ്പര്‍മാര്‍ക്കറ്റുകളിലും ശീതീകരണ സംവിധാനങ്ങളിലെ താപനില അസാധാരണമായി ഉയര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതൊരു 'ഐ.ടി തകരാര്‍' ആണെന്നാണ് കമ്പനി വക്താവ് പ്രതികരിച്ചതെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വന്‍ സാമ്പത്തിക നഷ്ടം; പിന്നില്‍ ആരെന്ന് വ്യക്തമല്ല
സൂപ്പര്‍മാര്‍ക്കറ്റുകളിലെ കോള്‍ഡ് സ്റേറാറേജുകളും റാക്കുകളും പൂര്‍ണമായും കാലിയാക്കി ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു കളയേണ്ടി വന്നതിനാല്‍ വന്‍ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഫ്രാന്‍സിലെ നൂറിലധികം സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നേരെയും സമാനമായ സൈബര്‍ ആക്രമണം നടന്നിരുന്നു. അന്ന് താപനില പെട്ടെന്ന് ഉയര്‍ന്നതിനെ തുടര്‍ന്ന് ചില ഫ്രീസറുകള്‍ക്ക് തീപിടിക്കുന്ന സാഹചര്യം വരെയുണ്ടായി. യൂറോപ്പിലെ ഭക്ഷ്യവിതരണ ശൃംഖലയെ ലക്ഷ്യമിട്ടുള്ള ഈ പുതിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.