തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കവേ വിവിധ വാദമുഖങ്ങളുമായി സർക്കാരും വൈദ്യുതി ബോർഡ് പ്രതിനിധികളും രംഗത്ത്.
ഹിമാചൽപ്രദേശ് സർക്കാരിൽ നിന്നു വൈദ്യുതി വാങ്ങാൻ തീരുമാനിച്ചാൽ അടുത്ത മേയ് മാസം വരെയുള്ള പീക്ക് മണിക്കൂറുകളിൽ എത്ര വൈദ്യുതി കേരളത്തിനു ലഭിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചോദ്യത്തിന് കെഎസ്ഇബി മുൻ ചെയർമാൻ രാജമാണിക്യം നൽകിയ മറുപടി ഏറെ ശ്രദ്ധേയമാണ്. ഹിമാചൽ സർക്കാരുമായി കരാറിൽ ഏർപ്പെട്ടാൽ പല മാസങ്ങളിലും 500 മെഗാവാട്ടിൽ താഴെ മാത്രമാകും ലഭിക്കുകയെന്ന മറുപടിയാണ് മുഖ്യമന്ത്രിക്കു നൽകിയിട്ടുള്ളത്.
നിലവിലെ നവംബർ മാസം 719 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെങ്കിലും ഡിസംബറാകുന്പോൾ ഇത് 402, ജനുവരിയിൽ 213, ഫെബ്രുവരിയിൽ 193, മാർച്ചിൽ 378, ഏപ്രിലിൽ 991, മേയ് മാസത്തിൽ 324 മെഗാവാട്ടായി കുറയുമെന്നാണ് കെഎസ്ഇബി ചെയർമാൻ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുള്ളത്. ഇതു ബ്ലോക്ക് അടിസ്ഥാനത്തിലുള്ള ആവറേജ് ആണെന്നാണു പറയുന്നത്. യൂണിറ്റിന് 14.5 രൂപ വീതം ഹിമാചൽ വൈദ്യുതിക്ക് നൽകണമെന്നും നെഗോസിയേഷൻ നടത്തിയാൽ ഇതിൽ നേരിയ ഇളവു ലഭിക്കുമെന്നുമാണ് പറയുന്നത്.
എന്നാൽ, ടെൻഡർ നടപടികൾ ഒഴിവാക്കി സ്വകാര്യ ഓണ്ലൈൻ വൈദ്യുതി വിൽപന പ്ലാറ്റ്ഫോമായ ജിഎൻഎയിൽ നിന്നു കുറഞ്ഞ വിലയ്ക്കു വൈദ്യുതി വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ എതിർക്കാനുള്ള സാധ്യതയുണ്ടത്രേ. നടപടിക്രമങ്ങൾ പാലിക്കാതെ വൈദ്യുതി വാങ്ങുന്നതിന്റെ പേരിലാണ് റെഗുലേറ്ററി കമ്മിഷൻ എതിർക്കാൻ സാധ്യതയുള്ളത്. കമ്മിഷന്റെ അനുമതിയില്ലാതെ വൈദ്യുതി വാങ്ങിയാൽ കെഎസ്ഇബി കണക്കുകൾ കമ്മിഷൻ അംഗീകരിക്കാൻ സാധ്യത കുറവാണ്.
ഓഹരിത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജിഎൻഎയ്ക്ക് എതിരേ അഴിമതി ആരോപണം ഉയർന്നിരുന്നു. പീക്ക് മണിക്കൂറുകളിൽ ഇവർ ഇത്രയും വൈദ്യുതി നൽകാൻ സാധ്യത കുറവാണ്. ജിഎൻഎ വൈദ്യുതി എത്തിക്കാൻ കേന്ദ്ര വൈദ്യുതി കമ്മിഷൻ ഡിസ്ട്രിബ്യൂഷൻ ലൈൻ നൽകിയേക്കില്ലെന്നും റെഗുലേറ്ററി കമ്മിഷൻ പറയുന്നു. അങ്ങനെ വരുന്പോൾ വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കേണ്ടി വരും. വൈദ്യുതി മന്ത്രി സണ്ണി ജോസഫും ടെൻഡർ നടപടികൾ ഒഴിവാക്കിയുള്ള വൈദ്യുതി വാങ്ങലിനെ അനുകൂലിക്കുന്നില്ലെന്നാണ് പുറത്തുവന്ന കുറിപ്പുകൾ വ്യക്തമാക്കുന്നത്.
എന്നാൽ, ജിഎൻഎയിൽ നിന്ന് യൂണിറ്റിന് 8.63, 8.90 രൂപ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത്രയും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്പോൾ ഹിമാചൽ സർക്കാരിന്റേതെന്ന പേരിൽ പവർ ട്രേഡിംഗ് കോർപറേഷൻ വഴി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങി 2232 കോടി രൂപയുടെ അധിക ബാധ്യത സൃഷ്ടിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ഹിമാചലിൽനിന്ന് പീക്ക് സമയത്ത് 353 ദശലക്ഷം യൂണിറ്റ് മാത്രം ലഭിക്കുന്പോൾ ജിഎൻഎ വഴി 453 ദശലക്ഷം യൂണിറ്റ് ലഭിക്കുമത്രേ. റെഗുലേറ്ററി അഥോറിറ്റിയുടെ പരിധി പ്രകാരം ജിഎൻഎ വഴിയുള്ള വൈദ്യുതി വാങ്ങലിൽ യൂണിറ്റിന് 2.6 രൂപ മാത്രമാണ് അധിക ബാധ്യതയെങ്കിൽ, ഹിമാചൽ വൈദ്യുതിക്ക് യൂണിറ്റിന് 8.5 രൂപ അധിക ബാധ്യത വരും. വലിയ സാന്പത്തികനഷ്ടം ഒഴിവാക്കി കുറഞ്ഞ നിരക്കിൽ പീക്ക് വൈദ്യുതി ഉറപ്പാക്കിയ നടപടിയെയാണ് പ്രതിപക്ഷം അനാവശ്യമായി രാഷ്ട്രീയവത്കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.