തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ നിലവിലുള്ള കാത്തിരിപ്പ് കുറയ്ക്കുന്നതിനും ലേണേഴ്സ് ലൈസൻസ് പരീക്ഷകളുടെ സുതാര്യത വർധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മീഷണർ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
അടുത്ത മൂന്നു മാസത്തേക്ക് എല്ലാ ആർടിഒ, സബ് ആർടിഒ ഓഫീസുകളിലും ആഴ്ചയിൽ അഞ്ചു പ്രവൃത്തിദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റും ലേണേഴ്സ് ലൈസൻസ് പരീക്ഷയും നിർബന്ധമായും നടത്തണം. പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റ് എണ്ണം 50 ആയി ഉയർത്താനും ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ മുഖം തിരിച്ചറിയൽ അടിസ്ഥാനമാക്കിയ ആധികാരികത ഉറപ്പുവരുത്തുന്ന സംവിധാനം നടപ്പാക്കാനും നിർദേശിച്ചു.
എല്ലാ ആർടിഒ, സബ് ആർടിഒ ഓഫീസുകളിലും പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകൾ 50 ആയി ഉയർത്തുന്നതിൽ 28 സ്ലോട്ട് പുതിയ അപേക്ഷകർക്കും 20 സ്ലോട്ട് വീണ്ടും പരീക്ഷ എഴുതുന്നവർക്കും രണ്ട് സ്ലോട്ട് വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ തൊഴിൽ, പഠനം എന്നിവയ്ക്കായി അടിയന്തരമായി ലൈസൻസ് ആവശ്യമുള്ളവർക്കുമായിട്ടാണ് നൽകുക.
ആവശ്യമായ രേഖകൾ പരിശോധിച്ചശേഷമേ ഈ പ്രത്യേക ക്വോട്ട അനുവദിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും വിഭാഗത്തിൽ സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ അവ മറ്റ് അർഹരായ അപേക്ഷകർക്കായി വിനിയോഗിച്ച് മുഴുവൻ ശേഷിയും പ്രയോജനപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.
ലേണേഴ്സ് ലൈസൻസ് പരീക്ഷകൾക്കായി മൊബൈൽ ഫോണ് ഉപയോഗിക്കുന്ന നിലവിലെ സംവിധാനത്തിൽ മുഖം തിരിച്ചറിയൽ അടിസ്ഥാനമാക്കിയ ആധികാരിക പരിശോധന ഉൾപ്പെടുത്തും. ദേശീയ ഇൻഫർമാറ്റിക്സ് സെന്റർ സാരഥി സോഫ്റ്റ്വേറിൽ ഈ സൗകര്യം സജ്ജമാക്കുന്നതനുസരിച്ച് സംവിധാനം പ്രാബല്യത്തിൽ വരും.
പരീക്ഷ ആരംഭിക്കുന്നതിനുമുന്പും പരീക്ഷയ്ക്കിടെ ആവശ്യമായ ഘട്ടങ്ങളിലും ഉദ്യോഗാർഥിയുടെ മുഖം തിരിച്ചറിയൽ പരിശോധന നടത്തും. പരീക്ഷ മോട്ടോർ വാഹന വകുപ്പിന്റെ പരീക്ഷാഹാളുകളിൽ മാത്രമേ അനുവദിക്കൂ. അടുത്ത മൂന്നു മാസത്തേക്ക് എല്ലാ പ്രവൃത്തിദിവസങ്ങളിലും ലേണേഴ്സ് ലൈസൻസ് പരീക്ഷയും നടത്തണം.
പ്രതിദിനം നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണത്തിന് തുല്യമോ അതിലധികമോ ലേണേഴ്സ് പരീക്ഷാ സ്ലോട്ടുകൾ ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. ഇതിലൂടെ ലൈസൻസ് നടപടിക്രമം വേഗത്തിൽ പൂർത്തിയാക്കാൻ അപേക്ഷകർക്ക് കൂടുതൽ അവസരം ലഭിക്കുമെന്നാണ് വിലയിരുത്തൽ. സർക്കാർ നിർദേശം നടപ്പാക്കൽ സംബന്ധിച്ച് ഡെപ്യൂട്ടി ഗതാഗത കമ്മീഷണർമാർ നേരിട്ടു മേൽനോട്ടം വഹിക്കണമെന്നും നിർദേശത്തിൽ പറയുന്നു.