വിഴിഞ്ഞം: ഇക്കഴിഞ്ഞ മൂന്നിന് ആയിരക്കണക്കിനു കണ്ടെയ്നറുകൾക്കൊപ്പം കേരളത്തിലേക്കുള്ള ഒന്നുകൂടി വിഴിഞ്ഞത്ത് എത്തിച്ച് ചരിത്രംകുറിച്ച എം എസ്സി സബ്രീനയുടെ ആദ്യ ചുവട് വയ്പ് പിഴച്ചില്ല.
രണ്ടാഴ്ചത്തെ ഇടവേളക്കു ശേഷം കേരള ജനതയുടെ വികസന സ്വപ്നത്തിന് കൂടുതൽ കരുത്ത് പകരാൻ ഒറ്റയടിക്ക് 60 കണ്ടെയ്നറുകളുമായി എംഎസ്സിയുടെ ബിയാട്രീസും ഇന്നലെ തുറമുഖത്ത് നങ്കൂരമിട്ടു. ഏക കണ്ടെയ്നറുമായി കോവളം എംഎൽഎ അഡ്വ. എം. വിൻസന്റ് ഈമാസം മൂന്നിനു നടത്തിയ ഫ്ലാഗ് ഓഫിനു കേരളം നൽകുന്ന അംഗീകാരം വരും ദിവസങ്ങളിലും പ്രകടമാകുമെന്ന് ഉറപ്പായി. കൂടുതൽ ഏജൻസികൾ ചരക്കിറക്കാനുള്ള സാധ്യതകൾ തേടി കസ്റ്റംസിനെ സമീപിച്ചതോടെ വിഴിഞ്ഞത്തെ റോഡുകൾ തിരക്കില മരാൻ ഇനി അധികകാലം വേണ്ടി വരില്ല.
നിലവിൽ എംആർഎഫിനു വേണ്ടിയുള്ള ഏകദേശം 1,500 മെട്രിക് ടൺ സ്വാഭാവിക റബർ നിറച്ച 60 കണ്ടെയ്നറുകളുമായാണ് എംഎസ്സി ബിയാട്രിസ് എന്ന മദർഷിപ്പിന്റെ വിഴിഞ്ഞത്തേക്കുള്ള വരവ്. പശ്ചിമ ആഫ്രിക്കയിലെ ഐവറി കോസ്റ്റിലുള്ള അബിജാൻ തുറമുഖത്തുനിന്നാണ് ഈ ചരക്ക് എത്തിയത്. കസ്റ്റംസ് നടപടികൾ പൂർത്തിയാക്കിയശേഷം അടുത്ത ദിവസം ഇതു റോഡ് മാർഗം കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിലേക്ക് കൊണ്ടുപോകും.
വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കം ഇറക്കുമതി സമയം ഗണ്യമായി കുറയ്ക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും സഹായിക്കും. നിലവിൽ എംആർഎഫ് മുംബൈ വഴി എത്തിക്കുന്ന ചരക്കുകൾ ലക്ഷ്യസ്ഥാനത്തെത്താൻ ഏകദേശം ഒരു മാസം വരെ എടുക്കാറുണ്ട്. എന്നാൽ വിഴിഞ്ഞം വഴി എത്തിച്ച് കോട്ടയം ഐസിഡിയിലേക്ക് മാറ്റുന്നതിനു വെറും ദിവസങ്ങൾ മാത്രം മതിയെന്നതും പ്രത്യേകതയാണ്. കസ്റ്റംസ് പരിശോധനയും നടപടികളും പൂർത്തിയാക്കിയശേഷം കണ്ടെയ്നറുകൾ കൊച്ചിയിലെ എംആർഎഫിന്റെ വെയർഹൗസിലേക്ക് കൊണ്ടുപോകും. ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞം അതിവേഗം വളരുന്നുവെന്നതിന്റെ തെളിവാണ് ഈ പുതിയ നേട്ടമെന്ന് അധികൃതർ പറയുന്നു.
നിലവിൽ ഇന്ത്യയുടെ ആകെ ട്രാൻസ്ഷിപ്പ്മെന്റിൽ 30 ശതമാനത്തിലധികം വിഴിഞ്ഞം കൈകാര്യം ചെയ്യുന്നുണ്ട്. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് വെറും രണ്ടുവർഷത്തിനുള്ളിൽ 1,230 കപ്പൽ സർവീസുകളും 27.5 ലക്ഷം കണ്ടെയ്നറുകളും കൈകാര്യം ചെയ്യാനും തുറമുഖത്തിന് കഴിഞ്ഞു.