തിരുവനന്തപുരം: വായ്പ, ചിട്ടി കുടിശിക വരുത്തിയ ഇടപാടുകാർക്കു പലിശയിലും പിഴപലിശയിലും 60 ശതമാനം വരെ ഇളവു നൽകിയുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെഎസ്എഫ്ഇ. ‘കുടിശിക നിവാരണം 2026’ എന്ന പേരിലുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സെപ്റ്റംബർ ഏഴിന് ആരംഭിക്കും.
കുടിശികയുള്ള വായ്പകൾ ഒറ്റത്തവണ തീർപ്പാക്കാൻ അവസരം നൽകുന്ന പദ്ധതിയിലൂടെ യോഗ്യരായ ഗുണഭോക്താക്കൾക്കു പലിശയിലും പിഴപലിശയിലും പരമാവധി 60 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് കെഎസ്എഫ്ഇ സർക്കുലറിൽ പറയുന്നത്.
കുടിശികയിലായ വായ്പ തീർപ്പാക്കാൻ ബുദ്ധിമുട്ടുന്ന ഗുണഭോക്താക്കൾക്ക് സാന്പത്തിക ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണു മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരം പദ്ധതി നടപ്പാക്കുന്നത്. കുടിശിക വരുത്തിയ ഇടപാടുകാർക്ക് അവരുടെ ബാധ്യതകൾ പ്രത്യേക നിബന്ധന പ്രകാരം ഒറ്റത്തവണയായി തീർപ്പാക്കാൻ അവസരം ലഭിക്കും.
2020 ഏപ്രിൽ ഒന്നിനു മുൻപ് വായ്പ, ചിട്ടി കുടിശികയുള്ളവർക്കാണ് പലിശയിലും പിഴപലിശയിലും 60 ശതമാനം വീതം ഇളവു ലഭിക്കുക. 2020 ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31 വരെ കുടിശിക വരുത്തിയവർക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കും.
2022 ഏപ്രിൽ ഒന്നു മുതൽ 24 മാർച്ച് 31 വരെ കുടിശികയായ അക്കൗണ്ടുകാർക്ക് 40 ശതമാനവും അതിനു മുകളിൽ 2025 മാർച്ച് 31 വരെ 30 ശതമാനവുമാണ് ഇളവ് അനുവദിക്കുക. മുൻ സർക്കാരിന്റെ കാലത്ത് വായ്പ കുടിശിക പദ്ധതി നടപ്പാക്കിയെങ്കിലും പലിശയിൽ വലിയ ഇളവു വേണമെന്നായിരുന്നു ഇടപാടുകാരുടെ ആവശ്യം. ഇത് അംഗീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
റിക്കവറി നടപടിയിലുള്ളവർക്കും പദ്ധതിവഴി ആശ്വാസം ലഭിക്കും. വായ്പാ തിരിച്ചടവു മുടങ്ങിയതിനെ തുടർന്ന് റിക്കവറി നടപടികൾക്കു വിധേയമായ കുടിശികക്കാർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും സർക്കുലറിൽ പറയുന്നു. ഇത് നിരവധി വായ്പക്കാരെ സഹായിക്കുന്ന നിർണായക നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
കെഎസ്എഫ്ഇയുടെ വിവിധ ശാഖകളിലൂടെ പദ്ധതിയുടെ വിശദാംശങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും അറിയാനാകും.