കൽപ്പറ്റ: സമഗ്ര പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിൽ കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ പൂർത്തീകരിച്ചത് 27,707 വീടുകൾ.
ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായാണ് ഇത്രയും വീടുകൾ നൽകിയത്. ജില്ലയിൽ 33,174 ഗുണഭോക്താക്കളാണ് ലൈഫ് ഭവന പദ്ധതി കരാറിൽ ഒപ്പുവച്ചത്. ഇതിൽ 27,707 വീടുകൾ പൂർത്തീകരിച്ച് നൽകി. 5,467 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്.
ഭൂ ഭവനരഹിതരായ എല്ലാവർക്കും സുരക്ഷിതമായ വീട് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഭൂരഹിത-ഭവനരഹിതർക്ക് വീട്, പൂർത്തീകരിക്കാത്ത വീടുകൾക്ക് ധനസഹായം എന്നിവ നൽകി ഉപജീവനമാർഗവും പദ്ധതിയിലൂടെ ഉറപ്പാക്കുകയാണ്.
വാസയോഗ്യമല്ലാത്ത വീടുകളിൽ കഴിയുന്നവർ, തോട്ടം, പുറന്പോക്ക് ഭൂമിയിൽ കഴിയുന്നവർ, ഭൂമിയുള്ള ഭവനരഹിതർ എന്നിവരാണ് പദ്ധതി ഗുണഭോക്താക്കൾ. ലൈഫ് 2020 ഭവനരഹിത പട്ടികയിലുൾപ്പെട്ട 4,365 പേരിൽ 2,565 പേരുടെ വീട് നിർമാണം പൂർത്തിയായി. ലൈഫ് 2020 ഭൂരഹിതഭവനരഹിത വിഭാഗത്തിൽ 91 പേരാണ് കരാർ വച്ചത്. ഇതിൽ 72 വീടുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇപിഇപി ഭവനരഹിത വിഭാഗത്തിൽ 377 ഗുണഭോക്താക്കളിൽ 286 ഉം ഇപിഇപി ഭൂരഹിതഭവനരഹിതരിൽ 116 പേരിൽ 19 വീടുകളുമാണ് പൂർത്തീകരിച്ചത്.
പിഎംഎവൈ (ജി) പദ്ധതിയിൽ 3,553 പേരാണ് ഗുണഭോക്താക്കൾ അതിൽ 2,333 പേരുടെ വീട് പൂർത്തിയായി. പിഎംഎവൈ (അർബൻ) പദ്ധതിയിൽ 5,229 കരാറുകാരിൽ 3,908 ആളുകൾ ഭവന നിർമാണം പൂർത്തിയാക്കി. വകുപ്പ് മുഖേന 2,827 പേർ കരാറിൽ ഏർപ്പെടുകയും 2,788 പേരുടെ വീടുകൾ പണി പൂർത്തീകരിച്ചു.
ജില്ലയിൽ മനസോടിത്തിരി മണ്ണ് കാന്പയിനിന്റെ ഭാഗമായി മീനങ്ങാടി, പടിഞ്ഞാറത്തറ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്, മാനന്തവാടി നഗരസഭകളിൽ നിന്നായി 100.25 സെന്റ് ഭൂമി ലഭ്യമാവുകയും രജിസ്ട്രേഷൻ പൂർത്തിയാക്കി ഭവന നിർമാണ നടപടികൾ പൂർത്തിയാകുന്നതായും ലൈഫ് മിഷൻ കോഓർഡിനേറ്റർ അറിയിച്ചു.