പന്ത് വലയില്‍ തുള്ളിക്കളിക്കുന്ന മുഹൂര്‍ത്തം... ഗാലറിയില്‍ ആരാധകരുടെ ആവേശത്തിര... കമന്റേറ്റര്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ ഗോ....ള്‍!!! എന്നു നീട്ടി വിളിക്കുന്നു... സ്ക്രീനിനു മുന്നിലെ ഇരിപ്പിടത്തിലും ഇലക്ട്രിക് പ്രവാഹം നിറച്ച് ഫിഫ ലോകകപ്പിന്റെ 2026 പതിപ്പിന് ഇന്നു തുടക്കം...
1930ല്‍ പിറവിയെടുത്ത, 96 വര്‍ഷത്തെ പാരമ്പര്യമുള്ള ഭൂഗോളാന്തര കാല്‍പ്പന്ത് പോരാട്ടത്തില്‍ ത്രസിപ്പിക്കുന്ന ഗോള്‍ ആരവം ഏറെയുയര്‍ന്നു. പുരുഷ ലോകകപ്പിന്റെ കഴിഞ്ഞ 22 പതിപ്പുകളിലായി 964 മത്സരങ്ങളില്‍നിന്ന് ആകെ പിറന്നത് 2720 ഗോള്‍. അതില്‍ ഏറ്റവും ആവേശവും ചാരുതയേറിയതുമായ 10 ഗോളുകള്‍ ഇതാ...
1. റൊണാള്‍ഡീഞ്ഞോ, 2002
ഏഷ്യ ആതിഥേയത്വം വഹിച്ച ആദ്യ ലോകകപ്പ്. ബ്രസീല്‍ x ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ മത്സരം. ‘കരിയില കിക്ക്’ എന്ന പേരില്‍ അറിയപ്പെടുന്ന റൊണാള്‍ഡീഞ്ഞോയുടെ ഗോള്‍ പിറന്നത് അന്ന്. മൈക്കല്‍ ഓവന്റെ ഗോളിൽ ഇംഗ്ലണ്ട് ലീഡ് നേടി. റിവാള്‍ഡോയിലൂടെ ബ്രസീല്‍ സമനില പിടിച്ചു. മത്സരത്തിന്റെ 50-ാം മിനിറ്റില്‍ ഗോള്‍പോസ്റ്റില്‍നിന്ന് ഏകദേശം 40 വാര അകലെവച്ച് ബ്രസീലിന് ഫ്രീക്കിക്ക്.
കിക്കെടുക്കാനെത്തിയ റൊണാള്‍ഡീഞ്ഞോ ഗോള്‍പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാല്‍, ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ തൊടുത്ത പന്ത് ഉയര്‍ന്നുപൊങ്ങി. അഡ്വാന്‍സ് ചെയ്തുനിന്ന ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് സീമാന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയില്‍. പന്ത് ഗോള്‍പോസ്റ്റിനു തൊട്ടരികെ വച്ച് പെട്ടെന്നു താഴ്ന്നിറങ്ങിതു കണ്ട് കാല്‍പ്പന്ത് ലോകം അദ്ഭുതപ്പെട്ടു.
2. ഹമേഷ് റോഡ്രിഗസ്, 2014
2014 ലോകകപ്പിലെ താരമായത് കൊളംബിയന്‍ താരം ഹാമിഷ് റോഡ്രിഗസ്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു ഗോളും അഞ്ച് അസിസ്റ്റുമായി തിളങ്ങി. പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വെയ്ക്കെതിരായ മത്സരം. അബെല്‍ അഗിലാര്‍ ഹെഡ് ചെയ്തു നല്കിയ പന്ത് പോസ്റ്റിന് ഏകദേശം 25 വാര അകലെനിന്നാണ് റോഡ്രിഗസിന്റെ അടുക്കലെത്തുന്നത്. പന്ത് നെഞ്ചുകൊണ്ട് നിയന്ത്രിച്ച്, ഒന്ന് വെട്ടിത്തിരിഞ്ഞ് ഇടതുകാല് കൊണ്ട് ഒരുഗ്രന്‍ വോളി. ഉയര്‍ന്നു പറന്ന പന്ത് ഉറുഗ്വെന്‍ ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരയുടെ തലയ്ക്കു മുകളിലൂടെ വളഞ്ഞിറങ്ങി വലയെ ചുംബിച്ചു.
3. ജിയോവാനി വാന്‍ ബ്രോങ്കോസ്റ്റ്, 2010
ദക്ഷിണാഫ്രിക്ക ആതിഥേയരായ 2010 ലോകകപ്പ്, നെതര്‍ലാന്‍ഡ്സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ പരാജയപ്പെടുത്തി 12 വര്‍ഷത്തിനുശേഷം സെമിയില്‍. 18-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സ് ക്യാപ്റ്റന്‍ വാന്‍ ബ്രോങ്കോസ്റ്റ് സമനില പൂട്ട് പൊളിച്ചു. ഉറുഗ്വെയുടെ പകുതിയില്‍വച്ച് വെസ്ലി സ്നൈഡറില്നിന്ന് പന്ത് സ്വീകരിച്ച നെതര്‍ലാന്‍ഡ്സ് നായകന് 40 വാര പുറത്തുനിന്ന് തൊടുത്ത ഇടങ്കാല് ലോംഗ് റേഞ്ച് ബുള്ളറ്റ് ഷോട്ട് വലയുടെ ടോപ് കോര്‍ണറില്‍ തറച്ചുകയറി.
4. ഡിയേഗോ മാറഡോണ, 1986
മെക്സിക്കോ ആതിഥേയത്വം വഹിച്ച 1986 ലോകകപ്പ്. അര്‍ജന്റീന x ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍. മാറഡോണയുടെ കുപ്രസിദ്ധമായ ദൈവത്തിന്റെ കൈഗോള്‍ 51-ാം മിനിറ്റില്‍ പിറന്നു. കൃത്യം നാലു മിനിറ്റുകള്‍ക്കുശേഷം മാറഡോണയ്ക്ക് സ്വന്തം പകുതിയില്‍നിന്ന് പന്ത് കിട്ടി.
60 വാര അകലെയുള്ള ഇംഗ്ലീഷ് പോസ്റ്റ് ലക്ഷ്യമാക്കി മാറഡോണയുടെ കുതിപ്പ്. 10 സെക്കന്‍ഡ് നീണ്ടുനിന്ന കുതിപ്പിനിടെ ഇംഗ്ലണ്ടിന്റെ ടെറി ബുച്ചറിനെ രണ്ടു തവണയും പീറ്റര്‍ ബേര്‍ഡ്സ്ലി, പീറ്റര്‍ റീഡ്, ടെറി ഫെന്‍വിക് എന്നിവരെയും കബളിപ്പിച്ച്, ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണെയും മറികടന്ന് മാറഡോണ പന്ത് വലയിലാക്കി; നൂറ്റാണ്ടിന്റെ ഗോള്‍..!
5. റോബിന് വാന്‍ പേഴ്സി, 2014
ഗ്രൂപ്പ് ബിയില്‍ സ്പെയിനും നെതര്‍ലന്‍ഡ്സും തമ്മിലുള്ള പോരാട്ടം. തുടര്‍ച്ചയായ മൂന്നു പ്രധാന കിരീടങ്ങള്‍ (2010 ലോകകപ്പ്, 2008, 2012 യൂറോ കപ്പ്) നേടി വന്ന ലാ റോജ, സാല്‍വദോറില്‍ നടന്ന മത്സരത്തില്‍ 5-1നു പരാജയപ്പെട്ടു. 44-ാം മിനിറ്റില്‍ ആ ലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ഡെലി ബ്ലിന്‍ഡ് നീട്ടി നല്കിയ ഒരു ലോംഗ് ബോള്‍ 15 വാര അകലെനിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ വാന്‍ പേഴ്സി വലയിലാക്കി. അതോടെ വാന്‍ പേഴ്സിക്ക് ഫ്ളയിംഗ് ഡച്ച്മാന് എന്ന വിളിപ്പേര് സ്വന്തം.
6. ഡെനിസ് ബെര്‍ഗ്കാംപ്, 1998
നോണ്‍ ഫ്ളയിംഗ് ഡച്ച്മാനെന്നാണ് ഡെനീസ് ബെര്‍ഗ്കാംപ് അറിയപ്പെടുന്നത്. വിമാനയാത്ര ചെയ്യാനുള്ള ബെര്ഗ്കാംപിന്റെ ഭയത്തിലൂടെ വന്നുചേര്‍ന്ന പേര്. 1998ലെ ലോകകപ്പിനായി അദ്ദേഹം ഫ്രാന്‍സിലെത്തിയത് റോഡ് മാര്‍ഗം. അര്‍ജന്റീനയ്ക്കെതിരേയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍.
മത്സരം 1-1ന് സമനിലയില്‍ നില്‍ക്കേ 90-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സ് പ്രതിരോധ താരം ഫ്രാങ്ക് ഡി ബോര് സ്വന്തം പകുതിയില്‍നിന്നും ഏതാണ്ട് 60 വാര അകലെയുള്ള അര്‍ജന്റൈന്‍ ബോക്സിലേക്ക് ഒരു ലോംഗ് ബോള്‍. ഓടുന്നതിനിടെ ബെര്‍ഗ്കാംപ് പന്ത് വലതുകാല്‍കൊണ്ട് അതിശയകരമായ രീതിയില്‍ നിയന്ത്രിച്ചു. ആ സോഫ്റ്റ് ടച്ച് പന്തിന്റെ വേഗം പൂര്‍ണമായി കുറച്ചു. പന്ത് നിലം തൊടുന്നതിനുമുമ്പ് തന്നെ അര്‍ജന്റൈന്‍ ഡിഫെന്‍ഡര്‍ റോബര്‍ട്ടോ അയാളയെ വെട്ടിച്ച്, ഗോള്‍കീപ്പര്‍ കാര്‍ലോസ് റോവയെ കാഴ്ചക്കാരനാക്കി വലതുകാലിന്റെ പുറംകൊണ്ട് പന്ത് പോസ്റ്റിന്റെ മുകളിലെ വലതുമൂലയില്‍ നിക്ഷേപിച്ചു.
7. കാര്‍ലോസ് ആല്‍ബര്‍ട്ടോ, 1970
1970ലെ ബ്രസീല്‍ ടീം. പെലെ, ജെയര്‍സിഞ്ഞോ, റിവെലിനോ, ടോസ്റ്റാവോ, കൂടാതെ നായകനായ കാര്‍ലോസ് ആല്‍ബര്‍ട്ടോ പ്രതിഭകളാല്‍ സമ്പന്നം. ഇറ്റലിക്കെതിരെയുള്ള ഫൈനല്‍. പെലെയുടെ ഗോളില്‍ ബ്രസീല്‍ മുന്നിലെത്തി. റോബര്‍ട്ടോ ബോനിന്സെന്യയുടെ ഗോളില്‍ ആദ്യപകുതിയില്‍ ഇറ്റലി ഗോള്‍ മടക്കി.
ക്യാപ്റ്റന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ 86-ാം മിനിറ്റില്‍ ബ്രസീലിന്റെ നാലാം ഗോള്‍ നേടി. ബോസ്കിനരികെ വച്ച് ഇറ്റലിക്കാരില്നിന്ന് ടെസ്റ്റാവോ പന്ത് തട്ടിയെടുക്കുന്നതതോടെ ആരംഭിച്ച നീക്കം. ക്ലോഡോ ആല്‍ഡോ അതിസാഹസികമായി നാല് ഇറ്റാലിയന്‍ കളിക്കാരെ ഡ്രിബ്ബിള്‍ ചെയ്ത് ഇടതുവശത്തുണ്ടായിരുന്ന റിവെലിനോയ്ക്കു നല്കി.
റിവെലിനോ വിംഗിലുണ്ടായിരുന്ന ജെയര്സിഞ്ഞോയെ കണ്ടെത്തി, ജെയര്‍സിഞ്ഞോ ജിയാസിന്റോ ഫാഷെട്ടിയെ മറികടന്ന് പെനാല്‍റ്റി ബോക്സിന്റെ അതിരിലുണ്ടായിരുന്ന പെലെയ്ക്ക് പാസ് നല്കി. തന്റെ വഴി തടഞ്ഞുനിന്ന താര്‍സിസിയോ ബര്ഗ്നിച്ചിനെ വകവയ്ക്കാതെ പെലെ വലതുവശത്തുകൂടെ വിംഗ് ബാക്ക് കാര്‍ലോസ് ആല്‍ബര്‍ട്ടോ ഓടിക്കയറുന്നുണ്ടെന്ന് മനസിലാക്കി, നോക്കുക പോലും ചെയ്യാതെ പന്ത് സാവധാനം വലതുവശത്തെ ശൂന്യമായ സ്ഥലത്തേക്ക് പറഞ്ഞയച്ചു. ആ നിമിഷം പാഞ്ഞുവന്ന നായകന് പവര്‍ഫുള്‍ ഷോട്ടിലൂടെ വല കുലുക്കി.
8 നെലീഞ്ഞോ, 1978
ബ്രസീലിന്റെ റൈറ്റ്-ബാക്ക് ആയിരുന്ന നെലീഞ്ഞോ ഇറ്റലിക്ക് എതിരായ മൂന്നാം സ്ഥാന പോരാട്ടത്തില്‍ നേടിയ ഗോള്‍, ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ചതും അവിശ്വസനീയവുമായ ഒന്നാണ്. ഫിസിക്സിന്റെ നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന രീതിയില്‍ പന്ത് വളഞ്ഞുപുളഞ്ഞ് വലയില്‍ കയറിയ ആ നിമിഷം ഇന്നും ഫുട്ബോള്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നു. ഇറ്റലി 1-0 ന് മുന്നില്‍ നില്ക്കുന്ന സമയത്തായിരുന്നു നെലീഞ്ഞോയുടെ മാന്ത്രികത.
വലതുവശത്തുകൂടി മുന്നേറിയ നെലീഞ്ഞോയ്ക്ക് പന്ത് ലഭിക്കുമ്പോള്‍ അദ്ദേഹം ബോക്സിന് പുറത്ത്, വലയില്‍നിന്ന് ടൈറ്റ് ആംഗിളിലായിരുന്നു. ഒരു ക്രോസാണ് ഇറ്റാലിയന്‍ ഡിഫന്‍ഡര്‍മാരും ഗോള്‍കീപ്പറും പ്രതീക്ഷിച്ചത്. എന്നാല്‍, നെലീഞ്ഞോ തന്റെ ബൂട്ടിന്റെ പുറംഭാഗം കൊണ്ട് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തു. പോസ്റ്റിന് വെളിയിലേക്ക് പോകുമെന്ന് തോന്നിച്ച പന്ത്, വായുവില്‍ വച്ച് അവിശ്വസനീയമായ രീതിയില്‍ പെട്ടെന്ന് ഉള്ളിലേക്ക് വളഞ്ഞ്, ഇറ്റലിയുടെ വിഖ്യാത ഗോള്‍കീപ്പര്‍ ഡിനോ സോഫിനെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ ഇടതുമൂലയില്‍. പരിസരം മറന്ന് ഗോ...ള്‍... എന്നുറക്കെ പറഞ്ഞുപോകുന്ന മുഹൂര്‍ത്തം