ചെമ്പന്തൊട്ടി: കേന്ദ്ര സർക്കാരിന്റെ ആസൂത്രിത നീക്കങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയും വിദ്യാഭ്യാസ സുരക്ഷയും തകർക്കുകയാണെന്ന് കേരള കോൺഗ്രസ്-എം ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോയ് കൊന്നക്കൽ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ബിജു പുതുക്കള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പോലുള്ള ഔദ്യോഗിക സംവിധാനങ്ങളുടെ പരാജയം കാരണം രാജ്യത്ത് മാഫിയാ പ്രവർത്തനങ്ങൾ തഴച്ചുവളരുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പ്രതീക്ഷകൾ തകർക്കുന്ന ഇത്തരം ഇടപെടലുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം. വോട്ടിംഗ് മെഷീനുകളുടെ സുരക്ഷിതത്വത്തെയും സുതാര്യതയെയും കുറിച്ച് രാജ്യത്ത് വ്യാപകമായ ആശങ്കകളുണ്ട്. മെഷീനുകൾ ഹാക്ക് ചെയ്യപ്പെടാമെന്ന ആക്ഷേപങ്ങൾ നിലനിൽക്കുന്നതിനാൽ, ഇവ പൂർണമായും സുരക്ഷിതമാണെന്ന് വിദഗ്ധരെയും രാഷ്ട്രീയ പാർട്ടികളെയും ബോധ്യപ്പെടുത്താൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്.
യഥാർഥ വോട്ടർമാരെ അകാരണമായി ഒഴിവാക്കൽ, ഒരേ പേര് ഒന്നിലധികം സ്ഥലങ്ങളിൽ വരിക, മരിച്ചവരുടെ പേരുകൾ നിലനിർത്തുക തുടങ്ങിയ ക്രമക്കേടുകൾ വ്യാപകമാണ്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രാഷ്ട്രീയ ലാഭത്തിനായി ചില പാർട്ടികൾ നടത്തുന്ന ഇത്തരം കൃത്രിമങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കെ.ടി. സുരേഷ്കുമാർ, സണ്ണി മുക്കുഴി, ബിനു ഇലവുങ്കൽ, സിബി പന്തപ്പാട്ട്, ഷോണി അറയ്ക്കൽ, ജോളി പുതുശേരി, നോബിൻസ് ചെരിപ്പുറം, എബിൻ കുര്യാക്കോസ്, രാജീവൻ, കുര്യാക്കോസ് കുമ്പുക്കൽ, ജയിംസ് ചിറമാട്ടേൽ, ജോസ് മണ്ഡപം, പി.പി. രാഘവൻ, ജയിംസ് മാനുവേൽ എന്നിവർ പ്രസംഗിച്ചു.