തിരുവനന്തപുരം: പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം അധികാരത്തിലേക്ക് തിരിച്ചെത്തിയ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോരിന്റെ തീ പടരുന്നു. അധികാരത്തിന്റെ പങ്കുവെക്കലും ബോർഡ്-കോർപറേഷൻ നിയമനങ്ങളുമാണ് പാർട്ടിക്കുള്ളിൽ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി എ ഗ്രൂപ്പാണ് അദ്യ വെടിപൊട്ടിച്ചത്. ഇതോടെ നേതൃത്വവും പ്രതിരോധത്തിലായി. അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് പിന്നിൽ അണിനിരന്ന നേതാക്കൾ ഇപ്പോൾ കസേരകൾക്കായി ചേരിതിരിയുന്ന കാഴ്ചയാണ് കോൺഗ്രസിൽ.
പത്തുവർഷം പ്രതിപക്ഷത്തിരുന്നിട്ടും കെട്ടടങ്ങാത്ത ഗ്രൂപ്പ് രാഷ്ട്രീയം അധികാരം തിരിച്ചുപിടിച്ചപ്പോഴും കോൺഗ്രസിനെ വിട്ടൊഴിയുന്നില്ലെന്നതിന്റെ സൂചന കൂടിയാണിത്. നിർണായക ചർച്ചകളിൽ നിന്ന് തങ്ങളെ മാറ്റിനിർത്തുന്നുവെന്ന ആരോപണവുമായി എ ഗ്രൂപ്പ് രംഗത്തെത്തിയതോടെ കോൺഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്. മറുവശത്ത് ഘടകകക്ഷികളുടെ സ്ഥാനമാനങ്ങൾ സംബന്ധിച്ച അവകാശവാദങ്ങളും അതൃപ്തിയും മുന്നണിക്കുള്ളിലെ ചർച്ചകളെ കൂടുതൽ സങ്കീർണമാക്കുകയാണ്. ബോർഡ്-കോർപറേഷൻ നിയമനങ്ങൾ കേവലം സ്ഥാനവിതരണത്തിൽ ഒതുങ്ങുമോ, അതോ കോൺഗ്രസിലെ പഴയ ഗ്രൂപ്പ് പോരാട്ടങ്ങളുടെ തിരിച്ചുവരവിന് വഴിയൊരുക്കുമോ എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ ചോദ്യം.
മൂന്ന് നേതാക്കളിലേക്ക് ചർച്ച ചുരുങ്ങിയോ
ബോർഡ്-കോർപറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരിലേക്ക് മാത്രം ചുരുങ്ങുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ പ്രധാന പരാതി. ചർച്ചകളിൽ മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയില്ലെന്നും നിയമനങ്ങളുടെ മാനദണ്ഡങ്ങളും കോൺഗ്രസിന് ലഭിക്കുന്ന സ്ഥാനങ്ങളുടെ എണ്ണവും സംബന്ധിച്ച് വ്യക്തതയില്ലെന്നുമാണ് ഇവരുടെ ആരോപണം.
മുതിർന്ന നേതാക്കളായ എം.എം.ഹസൻ, കെ.സി.ജോസഫ്, ബെന്നി ബെഹന്നാൻ എന്നിവർ കെപിസിസി പ്രസിഡന്റിനെ നേരിൽക്കണ്ട് അതൃപ്തി അറിയിച്ചിരുന്നു. കൂടുതൽ നേതാക്കളെ ഉൾപ്പെടുത്തി കൂട്ടായ ചർച്ചകൾ നടത്തണമെന്നാണ് ഇവരുടെ ആവശ്യം. എം.എം.ഹസൻ, കെ.സി. ജോസഫ്, ബെന്നി ബെഹന്നാൻ എന്നിവരുമായി കൂടിയാലോചന നടത്തണമെന്ന ആവശ്യവും ഗ്രൂപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്.
എ ഗ്രൂപ്പിന്റെ തിരിച്ചുവരവ്
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിനുശേഷം നേതൃത്വപരമായ പ്രതിസന്ധിയും സംഘടനാപരമായ ദൗർബല്യവും നേരിട്ട എ ഗ്രൂപ്പ് വീണ്ടും ശക്തമായി രംഗത്തെത്തുന്നതാണ് കോൺഗ്രസിലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പ്രധാന സവിശേഷത. പാർട്ടിയിലും ഭരണത്തിലും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന അതൃപ്തിയാണ് പഴയ ഗ്രൂപ്പിലെ നേതാക്കളെ വീണ്ടും ഒരുമിപ്പിക്കുന്നത്. ബോർഡ്-കോർപറേഷൻ നിയമന ചർച്ചകളിൽ തങ്ങളെ പൂർണമായി മാറ്റിനിർത്തുന്നുവെന്ന പരാതിയാണ് ഇപ്പോൾ ഈ കൂട്ടായ്മയ്ക്ക് കൂടുതൽ കരുത്തുപകരുന്നത്.
മുതിർന്ന നേതാക്കൾക്കൊപ്പം ചില യുവ നേതാക്കളും എ ഗ്രൂപ്പിന്റെ നീക്കങ്ങൾക്ക് പിന്തുണയുമായി രംഗത്തുണ്ട്. കേവലം സ്ഥാനമാനങ്ങൾക്കുവേണ്ടിയുള്ള തർക്കമെന്നതിലുപരി പാർട്ടിയുടെ നിർണായക തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. അധികാരത്തിലേക്കുള്ള തിരിച്ചുവരവിനുശേഷവും പാർട്ടിക്കുള്ളിൽ അർഹമായ രാഷ്ട്രീയ ഇടം ലഭിക്കുന്നില്ലെന്ന വികാരം ഗ്രൂപ്പിനെ കൂടുതൽ സംഘടിതമാക്കുകയാണ്.
അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതിൽ ഒതുങ്ങാതെ വിഷയം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും എ ഗ്രൂപ്പ് നീക്കം നടത്തുന്നുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുൻഷി എന്നിവരെ സമീപിക്കാനാണ് ആലോചന. ഇതോടെ ബോർഡ്-കോർപറേഷൻ നിയമനങ്ങളെച്ചൊല്ലി തുടങ്ങിയ തർക്കം ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ആവശ്യപ്പെടുന്ന രാഷ്ട്രീയ വിഷയമായി മാറുകയാണ്.
ഒരു കാലത്ത് ശക്തമായിരുന്ന എ ഗ്രൂപ്പിന്റെ രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്ന വിലയിരുത്തലുമുണ്ട്. കോൺഗ്രസിലെ പഴയ ഗ്രൂപ്പ് സമവാക്യങ്ങൾ വീണ്ടും സജീവമാകുന്നതോടെ വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിലെ അധികാരപ്പോര് കൂടുതൽ ശക്തമാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പഴയ എ, ഐ ഗ്രൂപ്പുകൾ വീണ്ടും സജീവമാകുമോ
കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളത്തിലെ കോൺഗ്രസിൽ പരമ്പരാഗത എ, ഐ ഗ്രൂപ്പുകളുടെ സ്വാധീനം കുറഞ്ഞുവരുന്നതായാണ് പൊതുവെയുള്ള വിലയിരുത്തൽ. വി.ഡി.സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും നേതൃത്വത്തിൽ പുതിയ അധികാരകേന്ദ്രങ്ങൾ രൂപപ്പെട്ടതോടെ പഴയ ഗ്രൂപ്പ് സമവാക്യങ്ങൾ അപ്രസക്തമാകുകയാണെന്ന പ്രതീതിയുമുണ്ടായിരുന്നു.
എന്നാൽ അധികാരവും സ്ഥാനമാനങ്ങളും പങ്കുവയ്ക്കേണ്ട ഘട്ടമെത്തിയതോടെ പഴയ ഗ്രൂപ്പ് ബന്ധങ്ങൾ വീണ്ടും ചർച്ചയിലേക്ക് വരികയാണ്. സ്ഥാനങ്ങൾ സംബന്ധിച്ച തീരുമാനങ്ങളിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കമായാണ് എ ഗ്രൂപ്പിന്റെ ഇടപെടലുകളെ കാണുന്നത്. ഇത് പരമ്പരാഗത ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പുനരുജ്ജീവനമാണോ അതോ അധികാരപങ്കാളിത്തത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള സമ്മർദതന്ത്രമാണോ എന്നതും ശ്രദ്ധേയമാണ്.
അടൂർ പ്രകാശിന്റെ അതൃപ്തിയും പുതിയ രാഷ്ട്രീയ സമവാക്യങ്ങളും
എ ഗ്രൂപ്പിന്റെ പ്രതിഷേധത്തിന് പുറമെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെപ്പോലുള്ള നേതാക്കളെയും നിർണായക ചർച്ചകളിൽ നിന്ന് മാറ്റിനിർത്തുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. മുന്നണിയുടെ രാഷ്ട്രീയ ഏകോപനത്തിൽ നിർണായക പങ്കുവഹിക്കുന്ന നേതാക്കൾക്ക് കൂടിയാലോചനകളിൽ ഇടം ലഭിക്കാത്തത് പുതിയ അസ്വാരസ്യങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
കെപിസിസി പുനഃസംഘടനയും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതും സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് ബോർഡ്-കോർപറേഷൻ നിയമനത്തിലെ തർക്കം ഉയരുന്നത്. ഗ്രൂപ്പ് തർക്കങ്ങൾ വീണ്ടും ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹൈക്കമാൻഡ് ഈ വിഷയങ്ങളിൽ സൂക്ഷ്മമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ.
കേരള കോൺഗ്രസിനും ആർഎസ്പിക്കും അതൃപ്തി
കോൺഗ്രസിനുള്ളിലെ തർക്കങ്ങൾക്കൊപ്പം ഘടകകക്ഷികളുടെ സമ്മർദവും യുഡിഎഫ് നേതൃത്വത്തിന് മുന്നിലുണ്ട്. മുസ്ലിം ലീഗിന് 32 സ്ഥാനങ്ങൾ നൽകാൻ ധാരണയായെങ്കിലും കേരള കോൺഗ്രസ്, ആർഎസ്പി തുടങ്ങിയ കക്ഷികൾക്ക് കൂടുതൽ പരിഗണന വേണമെന്ന ആവശ്യമുണ്ട്. പി.ജെ.ജോസഫിന് കാബിനറ്റ് റാങ്കോടുകൂടിയ പദവി നൽകുന്നതിലെ കാലതാമസവും ചെറുകക്ഷികളുടെ അവകാശവാദങ്ങളും മുന്നണിക്കുള്ളിലെ ചർച്ചകളെ സങ്കീർണമാക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട നേതാക്കളെ ബോർഡ്-കോർപറേഷൻ തലപ്പത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന കെപിസിസി മാനദണ്ഡവും ചില മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. സ്ഥാനങ്ങൾ വീതംവയ്ക്കുമ്പോൾ ഓരോ ഘടകകക്ഷിയുടെയും രാഷ്ട്രീയ സ്വാധീനവും സംഘടനാപരമായ സംഭാവനയും പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. അതുകൊണ്ടുതന്നെ നിയമനങ്ങൾ സംബന്ധിച്ച അന്തിമ ധാരണയിലെത്തുക കോൺഗ്രസ് നേതൃത്വത്തിന് മാത്രമല്ല, മുന്നണി നേതൃത്വത്തിനും നിർണായക പരീക്ഷണമാണ്.
കോൺഗ്രസിന് മുന്നിൽ ഇരട്ട വെല്ലുവിളി
ബോർഡ്-കോർപറേഷൻ നിയമനങ്ങളിലെ തർക്കം ഏതാനും സ്ഥാനങ്ങൾക്കുവേണ്ടിയുള്ള വിലപേശലായി മാത്രം കാണാനാകില്ല. പാർട്ടിക്കുള്ളിലെ തീരുമാനമെടുക്കൽ പ്രക്രിയയിൽ ആർക്കാണ് കൂടുതൽ സ്വാധീനമെന്നതും അധികാരത്തിന്റെ പങ്കുവെക്കലിൽ ആരൊക്കെ പരിഗണിക്കപ്പെടണമെന്നതുമാണ് തർക്കത്തിന്റെ കാതൽ. മുതിർന്ന നേതാക്കളെയും വിവിധ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാൻ നേതൃത്വത്തിന് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം.
കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ അതിന്റെ പ്രതിഫലനം യുഡിഎഫിന്റെ പ്രവർത്തനത്തിലും ഭരണത്തിന്റെ പ്രതിച്ഛായയിലും ഉണ്ടാകാം. അധികാരത്തിലെത്തിയതിനു പിന്നാലെ സ്ഥാനമാനങ്ങൾ ചൊല്ലി മുന്നണിക്കുള്ളിൽ രൂപപ്പെടുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കുക എന്നത് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി.