Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക. ദ്വാരപാലക ശിൽപ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇന്ന് വിധി പറയുക.
കട്ടിളപ്പാളി കൈമാറിയ കേസിൽ വിജിലൻസ് കോടതിയും ഹൈക്കോടതിയും നേരത്തേ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സ്വർണക്കൊള്ള കേസിൽ പത്മകുമാർ നിലവിൽ റിമാൻഡിലാണ്. കേസിൽ അറസ്റ്റിലായ പ്രതികളിൽ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
അതേസമയം പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്ഐടി ഉന്നയിക്കുന്നത്. മിനുട്സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ തിരുത്തൽ വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പത്മകുമാറിന്റെ ഒപ്പും കൈയക്ഷരവും ഉൾപ്പെടെ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പിച്ചള പാളികൾ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി. കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേർത്തു. ഇതിന് പിന്നാലെയാണ് പാളികൾ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെയും പത്താം പ്രതി ഗോവർധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്.
പത്മകുമാറിനെതിരെ ആദ്യമെടുത്ത കട്ടിളപ്പാളി കേസിലാണ് ഇന്ന് ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്നത്. രണ്ടാമത് പ്രതി ചേർത്ത ദ്വാരപാലക ശിൽപ കേസിൽ കൊല്ലം വിജിലൻസ് കോടതിയും പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കുന്നുണ്ട്.
റിമാൻഡിലുള്ള പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി അപേക്ഷ സമർപ്പിക്കും.
അതേസമയം, കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതുവരെ അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, പുതിയ കണ്ടെത്തലുകൾ എല്ലാം കോടതി പരിഗണിക്കും.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.
ദ്വാരപാലക ശിൽപ കവർച്ചാ കേസിലാണ് പത്മകുമാറിന്റെ ജാമ്യനീക്കം. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി നേരത്തെ തള്ളിയിരുന്നു. ഇതുവരെ പരിഗണിച്ച പ്രതികളുടെ ജാമ്യ ഹർജികളെല്ലാം കോടതി തള്ളിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികളിൽ ആർക്കും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം.
അതേസമയം, കേസില് അറസ്റ്റിലായ ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് എന് വാസുവിന്റെ ജാമ്യാപേക്ഷയില് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. ഒക്ടോബര് 23ന് അറസ്റ്റിലായ വാസുവിന് കൊല്ലം വിജിലന്സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ വീണ്ടും റിമാൻഡിൽ. ഈ മാസം 18 വരെയാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്.
ഡിസംബർ എട്ടിന് പത്മകുമാറിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് എ. പത്മകുമാറിനെ ജയിലിൽ എത്തി ഡിസംബർ രണ്ടിന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത്.
പിന്നാലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ എ പത്മകുമാറിനെ പ്രതിചേർത്ത അന്വേഷണ സംഘം പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പത്മകുമാറിന്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്നതിന് എസ്ഐടിക്ക് തെളിവുകൾ ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിൽ പത്മകുമാറിനെ ചോദ്യം ചെയ്ത രണ്ടാമത്തെ കേസിൽ കൂടി പ്രതിചേർത്തതോടെ പത്മകുമാറിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഉടൻ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നാണ് ഹർജിയിൽ പത്മകുമാർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. മിനുട്സിൽ ചെമ്പ് എന്നെഴുതിയത് മറ്റ് ബോർഡ് അംഗങ്ങളുടെയും അറിവോടെ ആണെന്നുമാണ് വാദം.
ബോർഡിൽ ഒപ്പമുണ്ടായിരുന്ന മറ്റ് അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിന്റെ ജാമ്യ ഹർജി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപാളികൾ കൈമാറിയത് ഉൾപ്പടെ കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ ഉത്തരവാദിയാകുമെന്നാണ് ജാമ്യഹർജിയിലെ ചോദ്യം.
മിനുട്സിൽ ചെമ്പ് എന്നെഴുതിയത് എല്ലാവരുടെയും അറിവോടെയാണെന്നും ഹർജിയിൽ പറയുന്നു. വീഴ്ച പറ്റിയെങ്കിൽ എല്ലാവർക്കും ഒരേ പോലെ ബാധ്യതയുണ്ടെന്നാണ് വാദം. തന്നെ മാത്രം വേട്ടയാടുന്നതിലെ അമർഷം കൂടിയാണ് പത്മകുമാർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്.
പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണെന്നും മൊഴിയിൽ പറയുന്നു. കസ്റ്റഡിയിലുള്ള പത്മകുമാറിനെ ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കും.
ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്ണ്ണക്കൊള്ള കേസില് മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ കോടതി പോലീസ് കസ്റ്റഡിയില് വിട്ടു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് കോടതി എസ്ഐടിയുടെ കസ്റ്റഡിയില് വിട്ടത്.
വിശദമായ ചോദ്യം ചെയ്യലിന് പത്മകുമാറിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്സ് കോടതിയില് അപേക്ഷ നല്കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി പത്മകുമാറിനെ പോലീസ് കസ്റ്റഡിയില് വിട്ടത്.
പത്മകുമാറിനെ കൊല്ലം പോലീസ് ക്ലബിലൊ തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലൊ വച്ച് ചോദ്യം ചെയ്യും. പത്മകുമാര് പറഞ്ഞ ദൈവതുല്യര് ആരൊക്കെയാണെന്ന് അറിയാനാണ് അന്വേഷണസംഘം കസ്റ്റഡിയില് വാങ്ങിയത്.
Kerala
പത്തനംതിട്ട: ശബരിമല സ്വര്ണക്കൊള്ളയില് അറസ്റ്റിലായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ. പത്മകുമാറിനെക്കുറിച്ച് ചര്ച്ച ചെയ്യാതെ ജില്ലാ കമ്മിറ്റി യോഗം. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് നടന്നതെന്നും ശബരിമല വിഷയം ചര്ച്ചയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു.
പദ്മകുമാറിന്റെ അറസ്റ്റ് പാർട്ടിക്ക് ഒരു പ്രതിസന്ധിയും അല്ല. ആർക്കും സംരക്ഷണം നൽകില്ല. പാര്ട്ടി പറഞ്ഞ കാര്യങ്ങള് ആവര്ത്തിക്കുന്നു. ശബരിമലയില് ഒരുതരി സ്വര്ണം പോലും നഷ്ടപ്പെട്ടു കൂടാ. ആവശ്യമായ നിലപാട് സ്വീകരിക്കും. ആര്ക്കെങ്കിലും ഏതെങ്കിലും വിധത്തില് പങ്കുണ്ടെന്ന് തെളിഞ്ഞാല് കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാര്ട്ടിക്കുള്ളതെന്നാണ് സൂചന.
Kerala
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം ഇന്ന്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ചര്ച്ച ചെയ്യാനാണ് യോഗമെങ്കിലും ശബരിമല സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റും പാര്ട്ടി നേതാവുമായ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു റിമാന്ഡ് ചെയ്തത് പ്രധാനവിഷയമാകും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് യോഗത്തില് പങ്കെടുക്കുന്നുണ്ട്.
പത്മകുമാറിനെ കേസില് എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത സാഹചര്യത്തില് ജില്ലാ കമ്മിറ്റിയംഗം സ്ഥാനത്തു നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന് സമ്മര്ദമുണ്ട്. എന്നാല് ഇപ്പോള് നടപടി വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഇതില് ജില്ലാ കമ്മിറ്റിയില് എതിര്പ്പുണ്ട്. ജില്ലാ സെക്രട്ടേറിയറ്റില് ഈ വിഷയം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് റിപ്പോര്ട്ട് ചെയ്തിരുന്നു.
കുറ്റാരോപിതനെന്ന പേരില് നടപടി വേണ്ടെന്നാണ് പാര്ട്ടി നിലപാട്. കുറ്റപത്രം വരുന്നതുവരെ കാത്തിരിക്കാമെന്നാണ് നിലപാട്. എന്നാല് തദ്ദേശ തെരഞ്ഞെടുപ്പ് വിഷയത്തില് സ്വര്ണക്കൊള്ള വിവാദത്തിലെ പാര്ട്ടി ബന്ധം വിശദീകരിക്കേണ്ടി വരുമെന്നതിനാല് പത്മകുമാറിനെതിരേ നടപടിയെടുത്ത് തലയൂരുകയാണ് നല്ലതെന്ന അഭിപ്രായം ജില്ലയിലുണ്ട്.
ഏരിയാ സെക്രട്ടറിമാര് അടക്കം പങ്കെടുക്കുന്ന യോഗത്തില് ഇത്തരമൊരു അഭിപ്രായത്തിനു മുന്തൂക്കം വന്നാലും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം അംഗീകരിച്ചു പിരിയാനാണ് സാധ്യത.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കമ്മീഷണറുമായിരുന്ന എൻ. വാസുവും തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവുമാണ് ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.
കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് വാസുവിനെ തിങ്കളാഴ്ച അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
അതേസമയം, കേസില് സിപിഎം നേതാവ് എ. പദ്മകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് പദ്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങുന്നത്.
Kerala
തിരുവനന്തപുരം: മന്ത്രിമാർ അറിയാതെ ശബരിമല സ്വർണ്ണക്കൊള്ള നടക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും ഇപ്പോഴത്തെ ദേവസ്വം മന്ത്രി മന്ത്രി വി.എൻ.വാസവനിലേക്കും അന്വേഷണം എത്തുമെന്നും മുരളീധരൻ പറഞ്ഞു.
ഹൈക്കോടതി നിരീക്ഷണം ഉള്ളതിനാലാണ് അന്വേഷണം ഇത്രയൊക്കെ എത്തിയത്. ഇല്ലെങ്കിൽ നേരത്തെ അന്വേഷണം ആവിയായി പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസെന്നും ഭക്തർക്ക് ഒപ്പമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡ് മുൻപ്രസിഡന്റെ എ. പത്മകുമാർ പലതും വിളിച്ച് പറയുമെന്ന് പലരും ഭയപ്പെടുന്നു. അതിനാലാണ് പത്മകുമാറിന്റെ കാര്യത്തിൽ പാർട്ടി നിലപാട് എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ശബരിമല സ്വര്ണക്കൊള്ളക്കേസ് പ്രതി എ. പത്മകുമാറിന്റെ പാസ്പോര്ട്ട് എസ്ഐടി പിടിച്ചെടുത്തു. വീട്ടില് നടന്ന റെയ്ഡിലാണ് പാസ്പോര്ട്ട് പിടിച്ചെടുത്തത്. പത്മകുമാറിന്റെയും ഭാര്യയുടെയും ആസ്തികൾ സംബന്ധിച്ച് പരിശോധന നടത്തുകയാണ്.നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി സാക്ഷിയാക്കുന്നതും എസ്ഐടി ആലോചിക്കുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്.
കൊല്ലം വിജിലൻസ് കോടതി ജഡ്ജിക്ക് മുൻപാകെയാണ് പത്മകുമാറിനെ ഹാജരാക്കിയത്. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തിന് പിന്നാലെയാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.
കേസിലെ എട്ടാം പ്രതിയാണ് പത്മകുമാർ. സ്വര്ണപ്പാളികൾ ചെന്പെന്ന് രേഖപ്പെടുത്തിയത് പത്മകുമാറിന്റെ അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് ബോർഡിന് കൈമറിയതെന്നാണ് പത്മകുമാർ നൽകിയ മൊഴി.
Kerala
കൊച്ചി: സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിൽ പ്രതികരിക്കുകയായിരുന്നു അദേഹം.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം കൂടി ഇവർ കൊള്ളയടിക്കുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പരിഹാസമുയർത്തി. പിണറായി വിജയൻ എന്തുകൊണ്ടാണ് വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും സതീശൻ ചോദിച്ചു.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കിൽ എന്തുകൊണ്ട് ദേവസ്വം ബോർഡ് പോറ്റിക്കെതിരെ പരാതി നൽകിയില്ല. പോറ്റി കുടുങ്ങിയാൽ പലരും കുടുങ്ങുമെന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും വി.ഡി. സതീശൻ ആരോപിച്ചു.
ഇനി ചോദ്യം ചെയേണ്ടത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്നും സതീശൻ വ്യക്തമാക്കി. ഇപ്പോഴത്തെ ദേവസ്വം മന്ത്രി വാസവന്റെയും കൂടി അറിവോടെയാണ് കൊള്ള നടന്നതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: ശബരിമല സ്വര്ണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഎം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ വീടിന് കാവലൊരുക്കി പോലീസ്. ആറന്മുളയിലെ വീടിനാണ് പോലീസ് സുരക്ഷ.
അറസ്റ്റിനെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് പോലീസ് നടപടി. വീട്ടിലേക്കുള്ള വഴികളെല്ലാം തന്നെ ബാരിക്കേഡ് വച്ച് തടഞ്ഞ പോലീസ് വീടിന് പരിസരത്ത് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
ശബരിമല സ്വര്ണക്കൊള്ള കേസിൽ എസ്ഐടിയുടെ ആറാമത്തെ അറസ്റ്റാണ് പത്മകുമാറിന്റേത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ മണിക്കൂറുകള് നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒരാളെയും സംരക്ഷിക്കാൻ പാർട്ടി തയാറല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന് ആരെയും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും അധികാരമുണ്ടെന്നും അതിൽ പാർട്ടി ഇടപെടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്. പാർട്ടിക്ക് ഇതുമായി ഒരു ബന്ധവുമില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കുറ്റവാളിയാവില്ല. പത്മകുമാർ കുറ്റക്കാരനാണെന്ന് കോടതി പറയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
പത്മകുമാറിനെ ശിക്ഷിച്ചാൽ അപ്പോൾ നടപടി സ്വീകരിക്കാം. പത്മകുമാർ നിലവിൽ കുറ്റാരോപിതൻ മാത്രമാണെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ചോദ്യം ചെയ്യലിനായി ഹാജരായില്ല. ഇന്നു ഹാജരാകുമെന്നാണു സൂചന.
കേസിൽ എട്ടാം പ്രതി സ്ഥാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആയതിനായിൽ ഇതിന്റെ അധ്യക്ഷനെന്ന നിലയിൽ ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്. ഇദ്ദേഹത്തിൽ നിന്നു ലഭിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് സ്വർണക്കൊള്ള നടന്ന കാലഘട്ടമായ 2019ലെ ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യേണ്ടത്.
അന്നു ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വാസുവിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് മൂന്നു തവണ നോട്ടീസ് നൽകിയിരുന്നു. അടുത്ത ബന്ധുവിന്റെ മരണം ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ ചോദ്യം ചെയ്യലിന് എത്താൻ സാവാകാശം തേടിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിന്റെ സെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി.
മുന് ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്ഡ് പ്രസിഡന്റുമായിരുന്ന എന്. വാസുവിനെ ചൊവ്വാഴ്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വാസു ഇപ്പോള് റിമാന്ഡിലാണ്. പത്മകുമാര് പ്രസിഡന്റായിരുന്ന കാലത്ത് വാസു ദേവസ്വം ബോര്ഡില് പ്രധാന പദവി വഹിച്ചിരുന്നു.
സ്വര്ണക്കൊള്ളയില് വാസുവിന് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു കേസില് വാസുവിനെ അറസ്റ്റ് ചെയ്തത്. ദേവസ്വം ബോര്ഡ് ജീവനക്കാരായിരുന്ന മുരാരി ബാബു, സുധീഷ്കുമാര് എന്നിവരെ അറസ്റ്റ് ചെയ്തതില് നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്റ്റ് ചെയ്തത്.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില് ഉള്പ്പെടെ പത്മകുമാറും വാസുവും തമ്മില് അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. സര്ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ആളായിരുന്നു വാസു. പത്മകുമാറിനെ മറികടന്ന് ദേവസ്വം ബോര്ഡില് പല നടപടികളും വാസു കൈക്കൊണ്ടിരുന്നു.
ഇതിനെല്ലാം സര്ക്കാരില് നിന്നു വാസുവിന് നല്ല പിന്തുണ ലഭിച്ചിരുന്നു. വാസുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില് കൂടിയാണ് പത്മകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന് നോട്ടീസ് നല്കിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതി ചേർത്തതിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ. വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ബോർഡ് ചെയ്തിട്ടില്ലെന്നും നിയമപരമായി അന്വേഷണത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ഏത് ശിക്ഷയും നേരിടാൻ തയാറാണ്. വീഴ്ചയുണ്ടായോ എന്ന് കോടതി പരിശോധിക്കട്ടെ. നിയമപരമായോ ആചാരപരമായോ വീഴ്ച തന്റെ ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് തീരുമാനമെങ്കിൽ നടക്കില്ല. എഫ്ഐആറിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങൾ പത്മകുമാറിലേക്ക് അന്വേഷണമെത്തിക്കാൻ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡിന്റെ പരാതിയിലാണ് 2019 ലെ ഭരണസമിതി അംഗങ്ങളെ പ്രതിചേർത്തത്. എ. പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. ഇതുവരെ രണ്ട് എഫ്ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര് ചെയ്തിട്ടുള്ളത്. ദ്വാരപാലകശില്പത്തിലെ പാളികള് മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യ എഫ്ഐആര്.
കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്ഐആആറിലാണ് ദേവസ്വം ബോര്ഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. എട്ടാംപ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ്. അതേസമയം, ആരുടെയും പേര് എഫ്ഐആറിൽ ഇല്ല.
പാളികൾ ഇളക്കിക്കൊണ്ടുപോയ സമയത്ത് ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചവരാണ് പ്രതിചേർക്കപ്പെട്ടവർ. ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്.
2019ല് ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്ണപ്പാളികള് ഇളക്കിയെടുത്തതെന്നും ബോർഡിന് നഷ്ടമുണ്ടാക്കാനായി ഗൂഡാലോചന നടത്തിയെന്നും എഫ്ഐആറില് പറയുന്നു. അഴിമതിനിരോധനം, കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് ചേർത്തത്.