പയ്യന്നൂർ: പശ്ചിമഘട്ട മലനിരകളിലും ചെങ്കൽ പരപ്പുകളിലും സുലഭമായി കണ്ടുവരുന്ന നെയ്പ്പുല്ലിന്റെ സ്പീഷീസിൽ പെടുന്ന പുതിയൊരു ചെടികൂടി ഗവേഷകർ കണ്ടെത്തി.
കണ്ണൂർ ജില്ലയിൽ കുഞ്ഞിമംഗലം താമരംകുളങ്ങരയിലെ കണ്ടൽക്കാടുകളോട് ചേർന്ന ഉപ്പുവെള്ളം കയറുന്ന പൊരൂണിവയലിൽ നിന്നാണ് പുതിയ സസ്യത്തെ തിരിച്ചറിഞ്ഞത്.
പശ്ചിമഘട്ട മലനിരകളിലും ചെങ്കൽ പാറകൾക്കിടയിലും കണ്ടുവരുന്ന 23 ഇനം ഡൈമേറിയ സ്പീഷീസുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഉപ്പുവെള്ളതിന്റെ സാന്നിധ്യമുള്ള പൊരൂണി വയലിൽ വളരുന്ന "ഡൈമേറിയ രാജനിയാന'. ഇത് ആലപ്പുഴ ഭാഗത്തുനിന്ന് രേഖപ്പെടുത്തിയ "ഡൈമേറിയ കോപ്പിയാന' എന്ന സ്പീഷിസിൽനിന്ന് ഏറെ വിഭിന്നവുമാണ്.
കണ്ടൽക്കാടുകളുടെയും ഇടനാടൻ കുന്നുകളുടെയും ജൈവ വൈവിധ്യങ്ങളുടെയും സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച എടാട്ട് താമരംകുളങ്ങരയിലെ പരിസ്ഥിതി പ്രവർത്തകനായ പി.പി. രാജനോടുള്ള ആദരസൂചകമായാണ് പുതിയ സസ്യത്തിന് "ഡൈമേറിയ രാജനിയാന"(Dimeria Rajaniana) എന്ന പേര് നൽകിയിരിക്കുന്നത്. പുതിയ ചെടി കണ്ടെത്തിയ പൊരൂണി വയലിലും സമീപമുള്ള ചതുപ്പിലുമുള്ള കണ്ടൽക്കാടുകൾ നശിപ്പിച്ചും കെട്ടിടാവശിഷ്ടമടക്കം നിക്ഷേപിച്ചും തണ്ണീർത്തടം നികത്തിയതിനെതിരെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഹൈക്കോടതിയുടെ അനുകൂലവിധി സമ്പാദിച്ച പരിസ്ഥിതി പ്രവർത്തകനാണ് പി.പി. രാജൻ.
സസ്യശാസ്ത്ര ഗവേഷകരായ ഡോ. എം.കെ. രതീഷ് നാരായണൻ (പയ്യന്നൂർ കോളജ്), ഡോ. സി.എൻ. സുനിൽ (എസ്എൻഎം കോളജ്, മാലിയേങ്കര, എറണാകുളം), സിദ്ധാർത്ഥ് എസ്. നായർ, കെ. ചൈത്ര, എം.കെ. ലക്ഷ്മി നന്ദന എന്നിവരടങ്ങിയ സംഘമാണ് പുതിയ സസ്യത്തെ കണ്ടെത്തി ശാസ്ത്ര ലോകത്തെ അറിയിച്ച് അംഗീകാരം നേടിയത്.