മക്കരപ്പറമ്പ്: കായികമെന്നത് മത്സരവേദികളില്‍ മാത്രം ഒതുക്കാതെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയ വെള്ളാട്ടുപറമ്പ് തയ്യില്‍ റഫീഖ് എന്ന കുട്ടിപ്പാക്ക് ജന്മനാട്ടില് ആദരം.
ആറുമാസത്തിനിടെ സംസ്ഥാനത്തിനകത്തും പുറത്തുമായി 10 ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ പങ്കെടുത്ത് 110 കിലോമീറ്റര്‍ ഓടിയ റഫീഖിനെ വെള്ളാട്ടുപറമ്പ് വിവൈസി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്. ദിവസവും ശരാശരി 67 കിലോമീറ്റര്‍ നടത്തം ശീലമാക്കിയ റഫീഖ് വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനത്തിലൂടെ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സംസ്ഥാനതല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ആലപ്പുഴ ബീച്ചില്‍ ചെരുപ്പില്ലാതെ ചുട്ടുപൊള്ളുന്ന മണലിലൂടെ 10 കിലോമീറ്റര്‍ ഓടിയതും ശ്രദ്ധേയമായി. പരപ്പനങ്ങാടി, വഴിക്കടവ് തമിഴ്നാട് അതിര്‍ത്തി, കോഴിക്കോട്, താമരശേരി ചുരം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പെരിന്തല്‍മണ്ണ തുടങ്ങി വിവിധ റൂട്ടുകളിലും റഫീഖ് ഓട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുന്‍ ഫുട്ബോള്‍ താരമായ റഫീഖ് ഓട്ടത്തിനൊപ്പം നടത്തവും നീന്തലും ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്.