തൃശൂർ: പ്രകൃതി കാത്തുവച്ച ഹരിതഭംഗിയിൽ അലിഞ്ഞുചേരാൻ കൊതിക്കുന്ന സഞ്ചാരികൾക്കായി പച്ചമരങ്ങൾ തണൽവിരിച്ച സുന്ദരമായ വഴികളുമായി പൂമല കാത്തിരിക്കുന്നു. കണ്കുളിർക്കുന്ന കാഴ്ചകളുമായി തൃശൂർക്കാരുടെ സ്വന്തം പൂമല ഡാം യാത്രികരെ വരവേൽക്കുകയാണ്. തൃശൂർ നഗരത്തിൽനിന്ന് 12 കിലോമീറ്റർ മാത്രം അകലെയുള്ള പൂമലയിലേക്ക് നിരവധിപേരാണ് ഇപ്പോൾ എത്തുന്നത്.
പ്രവേശനം സൗജന്യം
എൻട്രി ഫീസുകൾ നൽകാതെ മനോഹരമായ ഈ അന്തരീക്ഷം ആസ്വദിക്കാമെന്നതാണ് പൂമലയുടെ പ്രത്യേകത. ഡാമിലേക്കും അവിടുത്തെ പാർക്കിലേക്കും പ്രവേശനം സൗജന്യമാണ്. ഡാം റിസർവോയറിലെ ആന്പൽപ്പൂക്കളുടെ സൗന്ദര്യവും അവയ്ക്കിടയിലൂടെയുള്ള കുറഞ്ഞ ചിലവിലെ ബോട്ടു സവാരിയും ആസ്വദിക്കാൻ തിരക്കേറുകയാണിപ്പോൾ.
മഴ ശക്തമായാൽ തട്ടുതട്ടുകളായി താഴേക്ക് പതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും കണ്ടു രസിക്കാം. ഡാമിനോടുചേർന്ന് മഞ്ഞപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പച്ചപ്പുൽതകിടിയും തണൽമരങ്ങളും നിറഞ്ഞ വേറിട്ടൊരു ഇടവും പ്രകൃതിതന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. രാത്രി എട്ടുമണി വരെയാണ് ഡാം പാർക്കിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമുള്ളത്.
ഓളപ്പരപ്പിലെ ബോട്ടിംഗ്
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം മുന്പ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനംചെയ്ത ബോട്ടിംഗ് സൗകര്യങ്ങളാണ് ഇപ്പോൾ പൂമലയിലെ പ്രധാന ആകർഷണം.
ഓളപ്പരപ്പിൽ സാഹസികത കൊതിക്കുന്നവർക്കായി നാല് ഡബിൾ കയാക്കുകളും മൂന്ന് സിംഗിൾ കയാക്കുകളുമടക്കം ഒരേസമയം 11 പേർക്കുവരെ യാത്രചെയ്യാവുന്ന കയാക്കിംഗ് സൗകര്യം ഇവിടെയുണ്ട്. സുരക്ഷിതമായി പ്രകൃതിഭംഗി നുകരാൻ ജീവനക്കാർതന്നെ തുഴയുന്ന രണ്ടു കൊട്ടവഞ്ചികളാണ് മറ്റൊരാകർഷണം. രണ്ടിലുമായി ഒരേസമയം എട്ടുപേർക്ക് യാത്രചെയ്യാം. കൂടാതെ അഞ്ചുപേർക്കും രണ്ടുപേർക്കും കയറാവുന്ന അഞ്ചു പെഡൽ ബോട്ടുകളും ഇവിടെ സജ്ജം. പൂമലയിലെ റിസോർട്ടുകളിൽ എത്തുന്ന സഞ്ചാരികൾക്കും ഈ സൗകര്യം ഏറെ പ്രയോജനപ്പെടുന്നുണ്ട്.
കയാക്കിംഗ്, പെഡൽ ബോട്ടിംഗ്, കൊട്ടവഞ്ചി എന്നിവയ്ക്ക് ഒരാൾക്ക് അരമണിക്കൂറിന് 100 രൂപ മാത്രമാണ് ഈടാക്കുന്നതെന്നു നടത്തിപ്പുകാരൻ ബൈജു പറഞ്ഞു. തിരക്കില്ലാത്ത സമയങ്ങളിൽ എത്തുന്നവർക്ക് കൂടുതൽ സമയം അനുവദിക്കാൻ ഇവിടുത്തെ ജീവനക്കാരും തയാറാണ്.
സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയാണ് ബോട്ടിംഗിന്റെ പ്രവർത്തന സമയം. മോണിംഗ് റൈഡ് ഇഷ്ടപ്പെടുന്നവർക്കായി രാവിലെ ആറുമുതൽ വിളിച്ചാൽ പോലും സൗകര്യമൊരുക്കാൻ ജീവനക്കാർ റെഡിയാണ്. ശനി, ഞായർ ദിവസങ്ങളിലെ വൈകുന്നേരങ്ങളിലാണ് ഇവിടെ സാധാരണയായി കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
ഇവിടെ പണ്ട് കൃഷി ആവശ്യങ്ങൾക്കായി നിർമിച്ച ചെക്ക്ഡാം പിന്നീട് ടൂറിസം വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. 2010 മാർച്ച് 21ന് അന്നത്തെ മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഇവിടം ഔദ്യോഗികമായി ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചത്.