Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ACPManasviVashishta

ഡൽഹി പൊലിസിൽ ഭിന്നത പുകയുന്നു: എസിപി മാനസ്വി വസിഷ്ഠയ്ക്ക് സസ്പെൻഷൻ

ന്യൂഡൽഹി: അഭിഭാഷകരുമായുണ്ടായ സംഘർഷത്തെത്തുടർന്ന് ഡൽഹി പൊലിസ് ആസ്ഥാനത്തിന് പുറത്ത് ഉദ്യോഗസ്ഥർ നടത്തിയ പരസ്യ പ്രതിഷേധത്തിന് നേതൃത്വം നൽകിയ അസിസ്റ്റന്‍റ് കമ്മീഷണർ ഓഫ് പൊലിസ് (എസിപി) മാനസ്വി വസിഷ്ഠയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ച് ചൊവ്വാഴ്ചയാണ് ഡൽഹി പൊലിസ് ഈ നടപടി സ്വീകരിച്ചത്. ദേശീയമാധ്യമത്തോട് ഡൽഹി പൊലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യതലസ്ഥാനത്ത് പൊലിസിനുള്ളിൽ തന്നെ രൂപപ്പെട്ടിട്ടുള്ള കടുത്ത ഭിന്നതയുടെയും അതൃപ്തിയുടെയും ആഴം വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ.

സമരത്തിലേക്ക് നയിച്ച കാരണങ്ങൾ

ഒക്ടോബര്‍ 23ന് ഷഹ്ദാര പൊലിസ് സ്റ്റേഷനിലെ സംഘര്‍ഷത്തിനിടെ ഒരു അഭിഭാഷകന്‍റെ തലയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതി അഭിഭാഷകര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതോടെ ഒക്ടോബര്‍ 28ന് എസിപി മാനസ്വിയെയും എസ്എച്ച്ഒ അരുണിനെയും സ്ഥലംമാറ്റ ശിക്ഷ നല്‍കി പൊലിസ് വകുപ്പ് അഭിഭാഷകരുടെ സമരത്തെ ഒത്തുതീര്‍പ്പിലാക്കി.

ഈ സ്ഥലംമാറ്റ നടപടി ഏകപക്ഷീയമാണെന്നും പൊലിസുകാരുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നുവെന്നും ആരോപിച്ചാണ് ഉദ്യോഗസ്ഥർ പരസ്യപ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

പൊലിസ് ആസ്ഥാനത്തിന് മുന്നിലെ പരസ്യ പ്രതിഷേധം

തങ്ങളെ സ്ഥലംമാറ്റിയ നടപടിക്കെതിരെ പ്രതിഷേധിച്ചും രണ്ട് ഉദ്യോഗസ്ഥരെയും പഴയ പദവികളിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടും തിങ്കളാഴ്ച രാവിലെ വനിതകൾ ഉൾപ്പെടെ നൂറോളം പൊലിസുകാർ പ്ലക്കാര്‍ഡുകളുമായി ഡൽഹി പൊലിസ് ആസ്ഥാനത്തിന്‍റെ ഒന്നാം നമ്പർ ഗേറ്റിന് പുറത്ത് കുത്തിരുന്ന് പ്രതിഷേധിച്ചു.

പൊലിസ് കമ്മീഷണർ അനുരാഗ് കുമാർ നേരിട്ടെത്തി പരാതികൾ കേൾക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഡിസിപി സച്ചിൻ ശർമ്മ സ്ഥലത്തെത്തി ഉദ്യോഗസ്ഥരോട് അച്ചടക്കം പാലിക്കാനും സമരക്കാരുടെ രീതിയിൽ പെരുമാറാതിരിക്കാനും ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. സംഘർഷാവസ്ഥ മുൻനിർത്തി ആസ്ഥാനത്തിന് ചുറ്റും അർദ്ധസൈനികരെയും വിന്യസിച്ചു.

പൊലിസിലെ കടുത്ത ഭിന്നതയും തുടർനടപടികളും

ഈ പ്രതിഷേധം ഡൽഹി പൊലിസിനുള്ളിലെ കടുത്ത ചേരിപ്പോരും ഭിന്നതയുമാണ് വെളിപ്പെടുത്തുന്നത്. കോടതി പരിസരങ്ങളിലും സ്റ്റേഷനുകളിലും തങ്ങൾ നിരന്തരം അഭിഭാഷകരുടെ ഭീഷണികൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്നുണ്ടെന്നും എന്നാൽ വകുപ്പ്തല നടപടികൾ എപ്പോഴും പൊലിസുകാർക്ക് എതിരായി മാത്രം ഉണ്ടാകുന്നുവെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രധാന പരാതി. 2019-ലും സമാനമായ രീതിയിൽ അഭിഭാഷകരുമായുള്ള തർക്കത്തെ തുടർന്ന് രണ്ടായിരത്തിലധികം ഉദ്യോഗസ്ഥർ പൊലിസ് ആസ്ഥാനത്ത് വലിയ പ്രതിഷേധം നടത്തിയിരുന്നു.

അതേസമയം, ലെഫ്റ്റനന്‍റ് ഗവർണർ തരണ്‍ജീത് സിംഗ് സന്ധുവിനെ കണ്ട് പരാതിപ്പെടാൻ സമരക്കാർ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന്, ചൊവ്വാഴ്ച വൈകുന്നേരം നാലിന് കിംഗ്സ്വേ ക്യാമ്പിലെ ഉത്സവ് സദനത്തിൽ ഡൽഹി പൊലിസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്താമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Latest News

Corehub Up