പരവൂര്‍: ഡെബിറ്റ് കാര്‍ഡോ ഒടിപി സന്ദേശങ്ങളോ ഇല്ലാതെ തന്നെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം കവരുന്ന എഇപിഎസ് തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ആധാര്‍ നമ്പറും ബയോമെട്രിക് വിവരങ്ങളും (വിരലടയാളം, മുഖം) ഉപയോഗിച്ച് പണം പിന്‍വലിക്കാവുന്ന സംവിധാനത്തെയാണ് സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നത്.
► തട്ടിപ്പ് രീതി
നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ സംവിധാനം ഗ്രാമപ്രദേശങ്ങളില്‍ ബാങ്കിംഗ് സേവനങ്ങള്‍ എളുപ്പമാക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍, വിവിധ ഡാറ്റാ ചോര്ച്ചകളിലൂടെയും വ്യാജ വെബ്സൈറ്റുകളിലൂടെയും ശേഖരിക്കുന്ന ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ വ്യാജ ഡിജിറ്റല്‍ ഐഡന്റിറ്റികള്‍ നിര്‍മിക്കുന്നു. കൃത്രിമബുദ്ധി, ഡീപ് ഫേക്ക് സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ച് ബയോമെട്രിക് വിവരങ്ങള്‍ ക്ലോണ്‍ ചെയ്താണ് ഇരകളുടെ അറിവില്ലാതെ അക്കൗണ്ടുകള്‍ ചോര്‍ത്തുന്നത്. ഇതിനായി ബാങ്ക് കാര്‍ഡുകളോ മൊബൈലിലേക്ക് വരുന്ന ഒടിപി നമ്പറുകളോ ഇവര്‍ക്ക് ആവശ്യമില്ല എന്നതാണ് ഈ തട്ടിപ്പിന്റെ ഏറ്റവും വലിയ അപകടം.
► ഐഡന്റിറ്റി ക്ലോണിംഗ്
കൃത്രിമബുദ്ധി ഉപയോഗിച്ച് നടത്തുന്ന ഐഡന്റിറ്റി ക്ലോണിംഗ് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് ഫ്യൂച്ചര്‍ ക്രൈം റിസര്‍ച്ച് ഫൗണ്ടേഷന് ചൂണ്ടിക്കാട്ടുന്നു. ഒരിക്കല്‍ വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് തിരിച്ചുപിടിക്കുക അസാധ്യമാണെന്നും, അതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും സൈബര്‍ വിദഗ്ധനുമായ പ്രഫ. ത്രിവേണി സിംഗ് മുന്നറിയിപ്പ് നല്കുന്നു.
► പ്രതിരോധ മാര്‍ഗങ്ങള്‍
- ബയോമെട്രിക്സ് ലോക്ക് ചെയ്യുക.
- ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യുഐഡിഎഐ വെബ്സൈറ്റ് വഴിയോ എം-ആധാര്‍ ആപ്പ് വഴിയോ ബയോമെട്രിക്സ് ലോക്ക് ചെയ്യുക. ആവശ്യമുള്ളപ്പോള്‍ മാത്രം ഇത് അണ്‍ലോക്ക് ചെയ്യുക.
- രേഖകള്‍ കൈമാറുമ്പോള്‍ ശ്രദ്ധിക്കുക.
- അനാവശ്യമായി ആധാര്‍ രേഖകളുടെ ഫോട്ടോ കോപ്പികള്‍ നല്‍കുന്നത് ഒഴിവാക്കുക.
- അംഗീകൃത ഏജന്റുമാരെ മാത്രം സമീപിക്കുക.
- സിഎസ് സികളിലോ ബാങ്ക് മിത്രങ്ങളിലോ പോകുമ്പോള്‍ ഔദ്യോഗിക സംവിധാനങ്ങള്‍ മാത്രമാണെന്ന് ഉറപ്പുവരുത്തുക.
► അലര്‍ട്ടുകള്‍ പരിശോധിക്കുക
ബാങ്ക് അക്കൗണ്ടില്‍നിന്നുള്ള എസ്എംഎസ് അലര്‍ട്ടുകള്‍ എപ്പോഴും ശ്രദ്ധിക്കുകയും അസ്വാഭാവികമായ ഇപാടുകള് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബാങ്കിനെ വിവരം അറിയിക്കുകയും ചെയ്യുക.
സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്പ്പ്ലൈന് നമ്പറില്‍ പരാതിപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.