തായ്പേയ്: അമേരിക്കൻ ബഹുരാഷ്ട്ര കന്പനിയായ എന്‍വിഡിയ തങ്ങളുടെ ഏറ്റവും പുതിയ വിന്‍ഡോസ് പിസി ചിപ്പായ ‘ആർടിഎക്സ് സ്പാര്‍ക്ക് സൂപ്പർചിപ്പ്’ ഔദ്യോഗികമായി പുറത്തിറക്കി.
തായ്വാനിൽ നടന്ന കംപ്യൂട്ടെക്സ് 2026ലാണ് പുറത്തിറക്കിയത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ടാസ്കുകള് കംപ്യൂട്ടറുകളില്ത്തന്നെ നേരിട്ട് കൂടുതല്‍ വേഗത്തില്‍ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് എൻവിഡിയ സൂപ്പര്‍ചിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
മൈക്രോസോഫ്റ്റുമായി ചേര്‍ന്നു വികസിപ്പിച്ച ഈ ചിപ്പ് വിന്‍ഡോസ് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനരീതിയെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എന്‍വിഡിയ സിഇഒ ജെന്സന് ഹുവാംഗ് പറഞ്ഞു.
►►പ്രധാന സവിശേഷതകള്‍
എഐ പ്രകടനം: ഈ ചിപ്പിന് 1 പെറ്റാഫ്ളോപ്പ് എഐ കംപ്യൂട്ടിംഗ് പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും. ഇത് ക്ലൗഡിന്റെ സഹായമില്ലാതെ തന്നെ കംപ്യൂട്ടറിലെ എഐ ഏജന്റുകളെയും വലിയ ലാംഗ്വേജ് മോഡലുകളെയും സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കും.
ചിപ്പ് ഘടന: മീഡിയടെക്കുമായി സഹകരിച്ചു നിര്‍മിച്ച 20-കോര്‍ ഉള്ള എന്‍വിഡിയ ഗ്രേസ് സിപിയുവും 6,144 ക്യൂഡ കോറുകളുള്ള (എന്‍വിഡിയ കമ്പനിയുടെ ഗ്രാഫിക്സ് പ്രോസറുകളില് ചെറിയ പ്രോസിംഗ് യൂണിറ്റുകളാണ് ക്യൂഡ കോറുകള്‍. ഒരേസമയം വലിയ അളവിലുള്ള ഡാറ്റ കൈകാര്യം ചെയ്യാനും സങ്കീര്‍ണമായ കണക്കുകൂട്ടലുകള്‍ വേഗത്തില്‍ തീര്‍ക്കാനും ക്യൂഡ കോറുകള്‍ സഹായിക്കുന്നു) ബ്ലാക്ക്വെല് ആര്‍ടിഎക്സ് ജിപിയുവും ചേര്‍ന്നതാണ് ഈ ആം-ബേസ്ഡ് സൂപ്പര്‍ചിപ്പ്.
മെമ്മറി: 128ജിബി വരെയുള്ള യൂണിഫൈഡ് മെമ്മറി ഇതില്‍ ലഭ്യമാണ്. 90 ജിബിയിലധികം വരുന്ന വലിയ 3 ഡി സീനുകള്‍ റെന്‍ഡര്‍ ചെയ്യാനും 12കെ വീഡിയോകള്‍ എഡിറ്റ് ചെയ്യാനും ഇതു സഹായിക്കും.
വിന്‍ഡോസ് ഓപ്പണ്‍ ഷെല്‍: കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന എഐ ഏജന്റുകള്‍ക്ക് ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളിലേക്ക് എത്രത്തോളം അനുമതി നല്കണമെന്നതു നിയന്ത്രിക്കാന്‍ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് സുരക്ഷിതമായ ഒരു റണ്‍ടൈം സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
ഗെയിമിംഗും ക്രിയേറ്റിവിറ്റിയും: മികച്ച എഐ പ്രകടനത്തിനൊപ്പം 1440 റസലൂഷനില്‍ 100 എഫ്പിഎസിൽ കൂടുതല്‍ വേഗതയില്‍ റേ ട്രേസിംഗോടെ ഗെയിമുകള്‍ കളിക്കാനും ചിപ്പ് സഹായിക്കും. കൂടാതെ അഡോബി തങ്ങളുടെ ഫോട്ടോഷോപ്പ്, പ്രീമിയര്‍ പ്രോ തുടങ്ങിയ സോഫ്റ്റ്വേറുകൾ ഈ ചിപ്പിനായി പ്രത്യേകം മാറ്റം വരുത്തുമെന്ന് അറിയിച്ചു.
അസൂസ്, ഡെല്‍, എച്ച്പി, ലെനോവോ, എംഎസ്ഐ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകളിലും ഡെസ്ക്ടോപ്പുകളിലും ഈ വര്‍ഷം അവസാനത്തോടെ ആർടിഎക്സ് സ്പാര്‍ക്ക് ചിപ്പുകള്‍ ലഭ്യമായിത്തുടങ്ങും. മൈക്രോസോഫ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ സര്‍ഫേസ് ലാപ്ടോപ് അള്‍ട്രാ ഈ ചിപ്പോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.