ന്യൂഡൽഹി: ലൈംഗികവും അക്രമാസക്തവുമായ ഉള്ളടക്കങ്ങൾ ഉപയോക്താക്കളുടെ ഇൻസ്റ്റഗ്രാം ഫീഡിൽ പ്രത്യക്ഷപ്പെടുന്നതു നിയന്ത്രിക്കാൻ ശിപാർശാസംവിധാനത്തിൽ മാറ്റം വരുത്തിയതായി മാതൃകമ്പനിയായ മെറ്റ.
അത്യാധുനിക നിർമിതബുദ്ധി (എഐ) മോഡലുകൾ ഉപയോഗിച്ച് ഇത്തരം പോസ്റ്റുകൾ തിരിച്ചറിഞ്ഞ് ഉപയോക്താക്കളിലേക്ക് എത്തുന്നത് പരിമിതപ്പെടുത്താനാണ് നടപടി.
ഇതിനായി ഇന്ത്യയിലെ ഇൻസ്റ്റഗ്രാമിന്റെ ഉള്ളടക്ക ശിപാർശാ സംവിധാനത്തിലാണു (കണ്ടന്റ് റെക്കമൻഡേഷൻ സിസ്റ്റം) മെറ്റ മാറ്റം വരുത്തിയത്. ഉപയോക്താക്കൾ പിന്തുടരാത്ത അക്കൗണ്ടുകളിൽനിന്നുള്ള ലൈംഗികവും അക്രമാസക്തവുമായ ഉള്ളടക്കങ്ങളാണ് പുതിയ സംവിധാനത്തിലൂടെ പ്രധാനമായും നിയന്ത്രിക്കുന്നത്.
പോസ്റ്റുകൾ ഉപയോക്താക്കൾക്ക് എങ്ങനെയാണു ശിപാർശ ചെയ്യുന്നതെന്നു പരിശോധിക്കാനും, അക്രമത്തിനു പ്രേരിപ്പിക്കുന്നതോ പൊതുക്രമം തടസപ്പെടുത്തുന്നതോ ആയ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ ശക്തമാക്കാനും കഴിഞ്ഞമാസം കേന്ദ്രസർക്കാർ മെറ്റയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ മാറ്റം.