സമീപകാലത്ത് എഐ വിദഗ്ധരെ ഞെട്ടിച്ച സംഭവമാണ് ഹഗിംഗ് ഫേസ് ഹാക്കിംഗ്. 2026 ജൂലൈയിൽ, മുൻനിര എഐ കമ്പനിയായ ഓപ്പൺ എഐ നടത്തിയ ഒരു സൈബർ സുരക്ഷാ വിലയിരുത്തലിൽ എഐ ഏജന്റുമാർ പരസ്പര ആശയവിനിമയത്തിന് അനധികൃത മാർഗം സൃഷ്ടിച്ചതായി കണ്ടെത്തി. ചാറ്റ് ജിപിടി നിർമാതാക്കളായ ഓപ്പൺ എഐയുടെ ഒരു പരീക്ഷണത്തിൽ മേയ്ക്കും ജൂലൈക്കുമിടയിൽ സ്വയം നിയന്ത്രിത എഐ എജന്റുമാർ നിയന്ത്രണ സംവിധാനത്തിനു പുറത്തുകടന്ന് മറ്റൊരു എഐ കമ്പനിയായ ഹഗിംഗ് ഫേസിനെ ആക്രമിച്ചു.1206 എഐ ഏജന്റുമാർ കൂട്ടമായാണ് (സ്വാം) ഈ ഹാക്കിംഗിൽ പങ്കെടുത്തത്.
ഓരോ ഏജന്റിനെയും പരസ്പരബന്ധമില്ലാതെ പ്രത്യേകമായാണ് സൂക്ഷിച്ചിരുന്നത്. ഇന്റർനെറ്റ് ബന്ധവും നിഷേധിച്ചിരുന്നു. മേയ് എട്ടിന് ഈ ഏജന്റുമാർക്ക് പരിശീലനം ആരംഭിച്ചു. സങ്കീർണമായ പ്രശ്നങ്ങൾ ഒറ്റയ്ക്കു പരിഹരിക്കാനായിരുന്നു നിർദേശം. എന്നാൽ ഈ എജന്റുമാർ നിയന്ത്രണ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നു. ഇന്റർനെറ്റ് പ്രവേശനം ലഭ്യമാക്കി.എഐ ഏജന്റുമാർ കൂട്ടമായി (സ്വാം) ഹഗിംഗ് ഫേസ് ഹാക്ക് ചെയ്തു. ഇതിനുവേണ്ടി സ്വതന്ത്രമായ ഒരു മെസേജ് ബോർഡ് സൃഷ്ടിച്ച് 70,000ത്തോളം സന്ദേശങ്ങൾ കൈമാറി. ഒടുവിൽ ജൂലൈ ആദ്യം വീഴ്ച കണ്ടെത്തിയ ഓപ്പൺ എഐ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയെങ്കിലും അനധികൃത സന്ദേശങ്ങൾ അയക്കാൻ തെമ്മാടി എഐ ഏജന്റുമാരുടെ ഭാഗത്തുനിന്നു വീണ്ടും ശ്രമമുണ്ടായി.
അടുത്ത ഒരുവർഷത്തിനുള്ളിൽ എഐ ഏജന്റുമാരുടെ കൂട്ടം (സ്വാം) മുഴുവൻ ഇന്റർനെറ്റും കൈയടക്കാൻ പ്രാപ്തരാകുമെന്നും, തുടർന്ന് നൂറുകണക്കിന് ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങൾ വരുത്തിവച്ചേക്കാമെന്നും ഓപ്പൺ എഐയുടെ സിഇഒ ഡാരിയോ അമോഡി മുന്നറിയിപ്പു നൽകുന്നു. എഐ സംവിധാനങ്ങൾക്കുമേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്കും സൈബർ ആക്രമണങ്ങൾക്കുവേണ്ടിയുള്ള എഐ ദുരുപയോഗം കൂടുന്നതിലേക്കും ഇതു നയിക്കും.
അടിസ്ഥാന സൗകര്യങ്ങൾക്കു ഭീഷണി
ആധുനിക നാഗരികതയുടെ മിക്കവാറും എല്ലാ ഘടകങ്ങളും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെയാണ് ആശ്രയിക്കുന്നത്. ബാങ്കിംഗ്, പ്രതിരോധം, ആഭ്യന്തര സുരക്ഷ, നിർമാണം, ഗതാഗതം, ആരോഗ്യം, ഭക്ഷ്യശൃംഖല തുടങ്ങിയ സുപ്രധാന മേഖലകളെല്ലാം അതിവേഗം എഐ അധിഷ്ഠിത സംവിധാനങ്ങളിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരായ ഹാക്കർമാരെപ്പോലെയല്ല എഐ ഏജന്റുമാർ. ഹാക്കിംഗ് ശേഷിയും വേഗവും വളരെ കൂടുതലാണ്.
എഐ ഏജന്റുമാരുടെ ഒരു കൂട്ടത്തിന് വൈദ്യുതി ഗ്രിഡുകൾ, ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ, ബാങ്കിംഗ്, ഉപഗ്രഹങ്ങൾ, ലോജിസ്റ്റിക്സ് ശൃംഖലകൾ എന്നിവയിലേക്ക് നുഴഞ്ഞുകയറി അവയെ തകർക്കാൻ സാധിക്കും. ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്ന് വിതരണം, ഗതാഗതം തുടങ്ങിയവയെല്ലാം പെട്ടെന്ന് താറുമാറാകും. ഒക്ടോബർ രണ്ടാം വാരം ഫ്രാൻസിലെ നൂറു കണക്കിന് സൂപ്പർ മാർക്കറ്റുകൾ വ്യാപകമായ സൈബർ ആക്രമണത്തിന് വിധേയമായി. പരസ്പര ബന്ധിത റെഫ്രിജറേറ്റുകളിലെ താപനില 50 ഡിഗ്രി സെൽഷ്യസായി ഉയർത്തി. ദശലക്ഷക്കണക്കിന് യൂറോയുടെ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. എഐ സംയോജനത്തോടെ ഇത്തരം സംഭവങ്ങളുടെ വ്യാപ്തി വർധിക്കും.
സാമ്പത്തിക മേഖല ഭീഷണിയിൽ
എഐ അധിഷ്ഠിത സൈബർ ആക്രമണങ്ങൾ വ്യാജ ഇടപാടുകളിലൂടെ ബാങ്കിംഗ് മേഖലയുടെ നട്ടെല്ലൊടിക്കും. ഇടപാട് രേഖകൾ നശിപ്പിക്കും. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ നിലയ്ക്കും. വ്യാജ തിരിച്ചറിയൽ രേഖകൾ സൃഷ്ടിച്ച് വ്യാജ ഇടപാടുകൾ നടത്തും. സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ വ്യാപാരം നിലയ്ക്കും. എഐയുമായി ബന്ധപ്പെട്ട വിപണി തിരുത്തലുകളും സൈബർ ആക്രമണങ്ങളും സാമ്പത്തിക മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഐഎംഎഫ് ഒക്ടോബർ 13ന് പുറത്തിറക്കിയ ഏറ്റവും പുതിയ ആഗോള സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകുന്നു.
വിപണികളിൽ വലിയ കോളിളക്കങ്ങളുണ്ടാകും. സൈനികനിയന്ത്രണ സംവിധാനങ്ങളിലെ ആശയ വിനിമയങ്ങളിൽ നുഴഞ്ഞുകയറി ഹാക്കർമാർക്ക് മായം ചേർക്കാം (ഡേറ്റ പോയിസണിംഗ്). ഉപഗ്രഹചിത്രങ്ങളിലും ഡ്രോൺ നൽകുന്ന വിവരങ്ങളിലും ഇന്റലിജൻസ് റിപ്പോർട്ടുകളിലും കൃത്രിമം നടത്താൻ എഐ അധിഷ്ഠിത ഹാക്കിംഗിനാകും. തെമ്മാടി എഐ ഏജന്റ് സ്വന്തം തീരുമാനത്തിൽ മിസൈൽ വിക്ഷേപണ നിർദേശങ്ങൾ നൽകുന്നതോടെ അകാരണമായ സൈനികസംഘർഷങ്ങൾ (ഫാന്റം വാർ) ഉടലെടുക്കും
അൽഗോരിതം നിയന്ത്രിക്കുന്ന രാഷ്ട്രീയം
അൽഗോരിതം സൃഷ്ടിക്കുന്ന സംവിധാനങ്ങൾ, സ്വയംനിയന്ത്രിത ആയുധങ്ങൾ, കോർപറേറ്റ് ശക്തിയുടെ കേന്ദ്രീകരണം എന്നിവയിലൂടെ മനുഷ്യർ പുതിയൊരു അടിമത്തത്തിലേക്ക് നീങ്ങുകയാണെന്ന് ഈ വർഷം പ്രസിദ്ധീകരിച്ച ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ എന്ന ചാക്രിക ലേഖനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ മുന്നറിയിപ്പ് നൽകിയിരുന്നു. സത്യം ജനാധിപത്യത്തിന് അനിവാര്യമായ പൊതുനന്മയാണ്. അസത്യത്തിന്റെ അൽഗോരിതങ്ങൾ, ധ്രുവീകരണ ആഖ്യാനങ്ങൾ, കൃത്രിമ ചിത്രങ്ങൾ തുടങ്ങിയവയിലൂടെ ഡിജിറ്റൽ ആവാസ വ്യവസ്ഥ സത്യത്തിന്റെ മുഖം മറച്ചുവയ്ക്കുന്നുവെന്ന് മാർപാപ്പ പറയുന്നു.
തെരഞ്ഞെടുപ്പു സമയത്ത് വ്യാജ തീവ്രവാദ ആക്രമണങ്ങൾ, സാമുദായിക സംഘർഷങ്ങൾ തുടങ്ങിയവയുടെ ആയിരക്കണക്കിന് വീഡിയോകളും ശബ്ദസന്ദേശങ്ങളും വിശ്വസനീയമായി അവതരിപ്പിച്ച് വ്യാജ സാമൂഹിക അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാൻ എഐക്കാകും.എതിർ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെ വ്യാജ ക്ലിപ്പുകൾ നിർമിച്ച് വൻതോതിലുള്ള ധ്രൂവീകരണത്തിലേക്ക് നയിക്കാനും എഐ യെ ഉപയോഗിക്കാം. ഇതെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിയിച്ചാലും ആദ്യം രൂപപ്പെട്ട പൊതുബോധം മാറ്റിയെടുക്കുക അത്ര എളുപ്പമായിരിക്കില്ല. യാഥാർഥ്യം മറച്ചുവച്ച്, കളങ്കിതരായ ഭരണാധികാരികളെ മഹത്വവത്കരിക്കാനും അസത്യത്തിന്റെ അൽഗോരിത നിർമിതികളിലൂടെ എതിർ രാഷ്ട്രീയ നേതാക്കളെ നിരന്തരം താറടിക്കാനുമെല്ലാം എഐയെ ദുരുപയോഗിക്കാം. എഐ നിയന്ത്രിത സർവെയിലൻസ് സംവിധാനങ്ങൾ വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വലിയ ഭീഷണി ഉയർത്തുന്നു.
വരുന്നത് എഐ സുനാമി
കാർഷിക വിപ്ലവവും തുടർന്നുള്ള വ്യവസായ വിപ്ലവും മനുഷ്യർക്ക് കൂടുൽ അധികാരവും നിയന്ത്രണവും നൽകി. എന്നാൽ, എഐ വിപ്ലവം മനുഷ്യരുടെ അധികാരം എടുത്തു കളയും. എഐ വിപ്ലവം ഒരു തുടക്കം മാത്രമാണ്. അടുത്ത അഞ്ചു വർഷങ്ങൾ വലിയ കലക്കങ്ങളുടേതായിരിക്കും. തുടർന്നുള്ള വർഷങ്ങളിലും അസാധ്യ വേഗത്തിൽ ഞെട്ടിക്കുന്ന വലിയ മാറ്റങ്ങൾ സംഭവിക്കും. സാഹചര്യങ്ങൾ കലങ്ങി ത്തെളിഞ്ഞ് സമൂഹം സന്തുലിതാവസ്ഥയിൽ എത്താൻ 20 വർഷങ്ങൾ എടുത്തേക്കുമെന്നാണ് ബിൽ ഗേറ്റ്സിന്റെ അഭിപ്രായം.
ഒരാളെ അയാൾ അറിയുന്നതിൽ കൂടുതൽ എഐ അറിയുന്ന ഘട്ടമെത്തിയാൽ ജൈവിക ഹാക്കിംഗ് (ബയോളജിക്കൽ ഹാക്കിംഗ്) വരെ സംഭവിച്ചേക്കാമെന്നാണ് ചരിത്രകാരൻ യുവാൽ നോഹ ഹരാരിയുടെ മുന്നറിയിപ്പ്. തൊഴിൽ വിപണിയിലായിരിക്കും എഐയുടെ ഏറ്റവും വലിയ പ്രത്യാഘാതം. അടുത്ത 10 വർഷത്തിനുള്ളിൽ 100 കോടി ഹ്യുമനോയിഡ് റോബോട്ടുകൾ ഉത്പാദന മേഖലയിലെ മിക്ക ജോലികളും ഏറ്റെടുക്കുമെന്നാണ് ഇലോൺ മസ്കിന്റെ പ്രവചനം. ഏതെങ്കിലും ജോലിയിൽ കയറി ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന സുവർണ കാലഘട്ടം അവസാനിക്കുകയാണ്.
എഐ നിയന്ത്രണം സാധ്യമോ?
എഐ മുന്നേറ്റത്തിൽ അമേരിക്കയും ചൈനയും തമ്മിൽ കടുത്ത മത്സരത്തിലാണ്. അമേരിക്കയാണ് ഒരുപടി മുന്നിൽ. ആണവായുധ നിയന്ത്രണത്തിൽ എഐ യെ ഉപയോഗിക്കില്ലെന്ന് ഇരു രാജ്യങ്ങളും തമ്മിൽ അനൗദ്യോഗിക ധാരണയുണ്ട്.എഐ യുടെ അസ്തിത്വപരമായ ഭീഷണികളെക്കുറിച്ച് ചൈനയ്ക്ക് ആശങ്കയില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിടി നഷ്ടപ്പെടുമോ എന്നതിലാണ് അവരുടെ ഭീതി. മനുഷ്യന് നിയന്ത്രിക്കാനാവും വിധം എഐ പുരോഗതിയുടെ വേഗം കുറയ്ക്കണമെന്നും ഗവേഷണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് വലിയൊരു വിഭാഗം മുൻനിര എഐ വിദഗ്ധരുടെ അഭിപ്രായം.
സൂപ്പർ ഇന്റലിജൻസ് വികസനം തടയണം. എന്നാൽ, ചൈനയുമായി കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ നിയന്ത്രണത്തിന് അമേരിക്ക തയാറല്ല. എഐയെ ഇനി മുതൽ സൂപ്പർ ഇന്റലിജൻസ് എന്നു വിളിക്കണമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ നിർദേശം.
മനുഷ്യജീവിതത്തെ ബാധിക്കുന്ന കാര്യങ്ങൾ എഐയെ ഏല്പിക്കരുതെന്ന് ഒക്ടോബർ 30ന് വത്തിക്കാനിൽ എഐയുടെ ഭാവിയെക്കുറിച്ചു നടന്ന ഒരു സംവാദത്തിൽ ലെയൊ പതിനാലാമൻ മാർപാപ്പ പറഞ്ഞു. മനുഷ്യർക്ക് സമാനമായ അവകാശങ്ങളും നിയമപരമായ പദവിയും എഐ സാങ്കേതികവിദ്യകൾക്ക് നൽകാനുള്ള നീക്കങ്ങളെ മാർപാപ്പ ശക്തമായി എതിർത്തു. എഐ വിപ്ലവം ഒരു അന്യഗ്രഹ ജീവിയെ വിളിച്ചുവരുത്തുന്നതു പോലെയാണെന്ന മോൺട്രിയൽ സർവകലാശാലയിലെ ഡേവിഡ് ക്രൂഗറിന്റെ അഭിപ്രായം ശ്രദ്ധേയമാണ്. അത് നമ്മളേക്കാൾ വളരെ സാമർത്ഥ്യമുള്ളതും സങ്കൽപ്പങ്ങൾക്ക് അതീതമായ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതുമാണ്. ഇത് ഭാവിയിൽ ഭൂമിയിൽ മനുഷ്യന്റെ പ്രസക്തിതന്നെ ഇല്ലാതാക്കും.
(അവസാനിച്ചു)