മൂവാറ്റുപുഴ: എഐ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും പ്രായോഗിക പരിശീലനം നല്‍കുന്നതിന് വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയന്‍സ് ആൻഡ് എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി എഐ ശില്പശാല സംഘടിപ്പിച്ചു.
തൊടുപുഴ കലൂര്‍ മേരിലാന്‍ഡ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എഐ അധിഷ്ഠിത ഉപകരണങ്ങളുടെ സഹായത്തോടെ എച്ച്റ്റിഎംഎല്‍, സിഎസ്എസ്, ജാവാ സ്ക്രിപ്റ്റ് എന്നിവ ഉപയോഗിച്ച് ഡിനോ ഗെയിം ഉള്‍പ്പെടെയുള്ള 29 പ്രോജക്ടുകള്‍ ഗൂഗിള്‍ ആന്റി ഗ്രാവിറ്റി പ്ലാറ്റ്ഫോം വഴി വികസിപ്പിക്കുന്നതിനും അവ ഗിറ്റ് ഹബ് വഴി അപ്ലോഡ് ചെയ്ത് വെര്സെല് ഉപയോഗിച്ച് വെബ്സൈറ്റുകളായി പ്രസിദ്ധീകരിക്കുന്നതിനുമുള്ള പ്രായോഗിക പരിശീലനം നല്കി.
പ്രോജക്ടുകളുടെ തത്സമയ പ്രദര്‍ശനവും എഐ പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് നവീന സാങ്കേതികവിദ്യകള്‍ നേരിട്ട് പരിചയപ്പെടാന്‍ അവസരമൊരുക്കി. കംപ്യൂട്ടർ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ആന്‍ഡ്രൂസ് ജോസ്, മേരിലാന്‍ഡ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിയും എഐ സാങ്കേതികവിദ്യയില്‍ യുവ ഡെവലപ്പറുമായ റൂബന്‍ ആന്‍ഡ്രൂസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. നൂതന സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്കായി എഐ അനുബന്ധമായ ക്വിസ് മത്സരവും മിനി ഹാക്കത്തോണും സംഘടിപ്പിച്ചു.
മത്സര വിജയികള്‍ക്ക് സമ്മാനം നല്കി. കന്പ്യൂട്ടർ സയന്‍സ് വിഭാഗം മേധാവി ഡോ. അമല്‍ ഓസ്റ്റിന്‍, മേരിലാന്‍ഡ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. തോമസ് ജെ. കാപ്പന്, അധ്യാപകരായ വി.എസ്. സീമ, ധന്യ എം. രാജന്, ലിജോ മാത്യു, സിജോ മാത്യു എന്നിവരും കംപ്യൂട്ടർ സയന്‍സ് വിഭാഗം വിദ്യാര്‍ഥികളും പരിശീലനത്തിന് നേതൃത്വം നല്കി.