ബോളിവുഡ് താരം ശിൽപാ ഷെട്ടിയുടെ എഐ നിർമിത മോർഫ് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി.
തന്റെ വ്യക്തിഗത ചിത്രങ്ങൾ ദുരുപയോഗം ചെയ്തെന്ന കേസിൽ നടി സമർപ്പിച്ച ഹർജിയിൽ വിധി പറയുകയായിരുന്നു ബോംബൈ ഹൈക്കോടതി. നടി തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മോർഫ് ചെയ്തതും എഐ നിർമിതവുമായി ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ പ്രചരിപ്പിക്കുന്നതിനെതിരെ ഉത്തരവു പുറപ്പെടുവിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
അനുവാദമില്ലാതെ തന്റെ ശബ്ദവും ശരീരഭാഷയും ക്ലോൺ ചെയ്യാൻ എഐ ഉപയോഗിച്ചെന്നും നടി ആരോപിച്ചിരുന്നു. തന്റെ പേര്, ചിത്രം, ശബ്ദം എന്നിവ വെബ്സൈറ്റുകളിൽ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കണം എന്നും നടി കോടതിയോട് ആവശ്യപ്പെട്ടു.
ജസ്റ്റീസ് അദ്വൈത് സേന്തയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിവിധ സൈറ്റുകളിൽ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ വളരെയധികം ഞെട്ടിക്കുന്നവയാണ് എന്ന് അദ്ദേഹം ഉത്തരവിൽ പറഞ്ഞു. സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ ഒരു വ്യക്തിയെയും ഒരു സ്ത്രിയെയും അവരുടെ അറിവോ സമ്മതമോ കൂടാതെ ചിത്രീകരിക്കാന്‍ പാടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി.