Kerala
കൊല്ലം: കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇനിയും സമയമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കും. എയിംസ് വരാന്‍ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു.
ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
Kerala
കൊച്ചി: കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി. സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കാസർഗോഡ് കിനാലൂരിലാണ് സംസ്ഥാനം എയിംസിനായി തെരഞ്ഞെടുത്ത ഭൂമിയുള്ളത്. കാസർഗോഡ് ജില്ലയില്‍ എയിംസ് വേണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സംസ്ഥാന, കേന്ദ്രസര്‍ക്കാരുടെ നിലപാട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞത്.
സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ഏകോപിപ്പിച്ചുകൊണ്ടാവണം പഠനം നടത്തേണ്ടത്. സ്ഥലം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തണം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ സത്യവാംഗ്മൂലം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
25 നു മുമ്പ് രേഖാമൂലം അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. കേരളത്തിന് എയിംസ് എന്ന ആവശ്യം കേന്ദ്ര ബജറ്റിൽ പരിഗണിക്കാത്തതിൽ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.
Kerala
തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെ വിമർശിച്ച് മന്ത്രി വീണാ ജോർജ്. ഭൂമി ഏറ്റെടുത്ത് നൽകാത്തതുകൊണ്ടാണ് എയിംസ് വൈകുന്നതെന്ന് കുറ്റപ്പെടുത്തുന്നവർക്കുള്ള മറുപടിയുമായിട്ടാണ് വീണ ജോർജ് രംഗത്തെത്തിയത്.
2024ൽ തന്നെ എയിംസ് സ്ഥാപിക്കുന്നതിന് കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകൾ കേരളം സമർപ്പിച്ചിരുന്നുവെന്നും വീണാ ജോർജ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർഥിച്ചു.
അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിംസ് ഉൾപ്പെടുമെന്ന് അറിയിച്ച് കേന്ദ്രം സംസ്ഥാനത്തിന് നൽകിയ കത്തിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചാണ് വീണ ജോർജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. വീണ്ടും രണ്ട് ബജറ്റുകൾ കൂടി കഴിഞ്ഞുവെന്നും എയിംസ് കണ്ടില്ല സാർ എന്നും മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു.
Kerala
കൊച്ചി: കേരളത്തിന് എയിംസ് ലഭിക്കുമെന്നത് ഉറപ്പാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാനത്ത് എയിംസ് വരുന്നത് ചിലരെയെങ്കിലും ഭയപ്പെടുത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നതെന്നും സുരേഷ് ഗോപി അറിയിച്ചു.
എയിംസ് സ്ഥാപിക്കുന്നതിനായി അഞ്ച് ജില്ലകൾ നിർദേശിക്കാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ തൃശൂർ ജില്ലയെ പരിഗണിക്കണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ആലപ്പുഴയ്ക്ക് അല്ലെങ്കിൽ തൃശൂരിന് എയിംസ് നൽകുന്നതാണ് നീതിയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
District News
അമ്പലപ്പുഴ: പുറക്കാട് എയിംസിനായി പ്രധാനമന്ത്രിക്കും എംപിമാർക്കും കത്തെഴുതി വിദ്യാർഥികൾ. ആവശ്യമുന്നയിച്ച് ജനകീയ പ്രവർത്തകസമിതിയുടെ നേതൃത്വത്തിലാണ് വീ വാണ്ട് എയിംസ് എന്ന തലക്കെട്ടോടെ വിവിധ വിദ്യാലയങ്ങളിൽനിന്നായി പതിനായിരം കത്തുകൾ വിദ്യാർഥികൾ പ്രധാനമന്ത്രിക്ക് അയയ്ക്കുന്നത്.
പുറക്കാട് മണക്കൽ പാടശേഖരത്ത് എയിംസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഏതാനും ദിവസം മുൻപ് ജനകീയ പ്രവർത്തകസമിതിയുടെ നേതൃത്വത്തിൽ കൺവൻഷൻ സംഘടിപ്പിച്ച് സമര പരിപാടികൾക്കു തുടക്കമിട്ടിരുന്നു. ഇതിന്റെ മൂന്നാം ഘട്ടമെന്ന നിലയിലാണ് പ്രധാനമന്ത്രിക്കും മറ്റു നേതാക്കൾക്കും വിദ്യാർഥികൾ കത്തെഴുതിയത്. പുന്നപ്ര ജ്യോതി നികേതൻ സ്കൂളിൽ വ്ലോഗർ ഐപ്പ് വള്ളിക്കാടൻ ബോധവത്കരണ ക്ലാസ് എടുത്ത് ഉദ്ഘാടനം നിർവഹിച്ചു.
പുറക്കാട് പഞ്ചായത്തിലെ മണക്കൽ പാടശേഖരം ദേശീയപാത 66ന് സമീപമാണ്. ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ ഈ സർക്കാർ ഭൂമി എയിംസിനായി ഏറ്റെടുക്കാൻ കഴിയും.
ദേശീയജലപാതയായ ടി.എസ് കായലോരത്താണ് മണക്കൽ പാടശേഖരം. കുട്ടനാട്, അപ്പർകുട്ടനാട് പോലുള്ള ഉൾനാടൻ പ്രദേശങ്ങളിലുള്ളവർക്ക് ജലമാർഗം ഇവിടെ എത്താൻ കഴിയും. കൂടാതെ കരുവാറ്റ-കരുമാടി ബൈപാസ് നിർമാണവും പൂർത്തിയാകുന്നതോടെ തെക്ക്, കിഴക്കൻ ജില്ലയിലുള്ളവർക്കും ഇവിടെ എത്താനാകും. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്നും അഞ്ചു കിലോമീറ്റർ മാത്രമാണ് ദൂരം. റെയിൽ മാർഗവും ജനത്തിന് എത്താൻ സാധ്യമാകുമെന്നതു പുറക്കാട് മണക്കൽ പാടശേഖരത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.
ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ മറ്റ് ജില്ലകളിൽനിന്ന് ആലപ്പുഴയിൽ എത്താൻ രണ്ടു മണിക്കൂർ മതിയാകും. കൂടാതെ എയിംസിന് ആവശ്യമായ സർക്കാർ വക സ്ഥലം മറ്റിടങ്ങളിൽ ഉണ്ടാകില്ല. മണക്കൽ പാടശേഖരത്തിലെ 636 ഏക്കറിൽ 460 ഏക്കറും സർക്കാർ ഉടമസ്ഥതയിലുണ്ട്. ആശുപത്രിക്കായി നൂറ് ഏക്കറോളം വേണ്ടിവരും.
ക്വാർട്ടേഴ്സുകൾ, ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി കേന്ദ്രീയവിദ്യാലയം, ഷോപ്പിംഗ് കോപ്ലക്സ്, വിനോദത്തിനായി കളിസ്ഥലങ്ങളും മറ്റുമായി 400 ഏക്കറോളമാണ് വേണ്ടിവരുന്നത്. മറ്റ് ജില്ലകളിലാണെങ്കിൽ സർക്കാർ ഇതിനായി സ്ഥലം വേറെ കണ്ടെത്തേണ്ടിവരും. ഈ സാഹചര്യത്തിൽ പുറക്കാട് എയിംസ് ആരംഭിക്കണമെന്നാണ് ജനകീയ പ്രവർത്തകസമിതിയുടെ ആവശ്യം. പുന്നപ്ര ജ്യോതി നികേതൻ സ്കൂളിൽ നടന്ന പരിപാടി ജനകീയ പ്രവർത്തകസമിതി ചെയർമാൻ മനോജ്കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ മുജീബ് റഹ്മാൻ, ചീഫ് കോ-ഓർഡിനേറ്റർ അഗസ്റ്റിൻ ലാസർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാഹിദ പുറക്കാട്, മോൻസി എന്നിവർ പ്രസംഗിച്ചു.
Kerala
തൃശൂർ: തൃശൂരിൽ എയിംസ് വരുമെന്നു പറഞ്ഞിട്ടില്ലെന്നു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ എംപിയാകുന്നതിനുമുന്പേ ആലപ്പുഴയിൽ എയിംസ് വേണമെന്നു പറഞ്ഞിരുന്നു. കമ്യൂണിസംകൊണ്ടു തുലഞ്ഞുപോയ ജില്ലയാണ് ആലപ്പുഴ. ഇല്ലായ്മയിൽ കിടക്കുന്ന ജില്ലയെ ഉയർത്തിക്കൊണ്ടുവരാനാണു ശ്രമിച്ചത്. തൃശൂരിൽ ലോക്സഭാ ജനപ്രതിനിധിയായി നടത്തുന്ന എസ്ജി കോഫി ടൈംസിന്റെ അയ്യന്തോളിലെ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
നിലപാടുകളിൽ ഒറ്റത്തന്തയ്ക്കു പിറന്നവനാണെന്ന പ്രസ്താവന സുരേഷ്ഗോപി ആവർത്തിച്ചു. മെട്രോ തൃശൂരിലേക്കു വരുമെന്നു പറഞ്ഞിട്ടില്ല. കൊച്ചി മെട്രൊ അങ്കമാലി കഴിഞ്ഞ് ഉപപാതയായി പാലിയേക്കര വഴി കോയന്പത്തൂർക്കു പോകണം. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലെത്തണം.
ജനപ്രതിനിധിയാകുന്നതിനുമുന്പ് സുരേഷ് ഗോപി തൃശൂരിനു വാഗ്ദാനംചെയ്ത 13 സ്വപ്നപദ്ധതികളുയർത്തിയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നത്. കൊച്ചി മെട്രൊ തൃശൂരിലേക്കു നീട്ടുമെന്നതാണ് അതിലൊന്ന്. ആലപ്പുഴ ജില്ലയെ ഏറ്റവും മോശമെന്നു പരാമർശിച്ചതും സമൂഹമാധ്യമങ്ങളിൽ വിമർശനത്തിനിടയാക്കി.
District News
ഇടുക്കി: തൃശൂരിലെ വോട്ട് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ശവ ങ്ങളെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഇടുക്കി മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപം നടത്തിയ കലുങ്ക് സംവാദ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ശവങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്. 25 വർഷം മുൻപ് മരിച്ചവരെ വരെ വോട്ട് ചെയ്യിച്ചു, പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർഎ ൽവിയെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്നു വരെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിലെ പ്രചാരണ ഘട്ടത്തിൽ പറഞ്ഞതാണ് താൻ ഇപ്പോഴും ചെയ്യുന്നത്. തന്നെ ക്കൊണ്ട് ചെയ്യാൻ പറ്റുന്നതേ താൻ ഏൽക്കുകയുള്ളു. ഏറ്റാൽ അത് ചെയ്തിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാട് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ ഇല്ലെങ്കിൽ തൃശൂരിൽ വേണമെന്നാണ് നിലപാട് എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഈ പണി നിർത്താമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാടാണ്. അത് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ എയിംസ് നൽകിയില്ലെങ്കിൽ തൃശൂരിൽ വേണമെന്നാണ് നിലപാട്. എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ താൻ രാജിവയ്ക്കാമെന്നും അദ്ദേഹം വ്യക്തമാ ക്കി.
Kerala
തിരുവനന്തപുരം: കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയിൽ തർക്കം തുടരുന്നു. കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും എയിംസ് അനുവദിക്കുകയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവർത്തിക്കുന്നതിനിടെയാണ് രമേശിന്റെ പ്രസ്താവന.
സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താൽപര്യങ്ങളും ആവശ്യവുമാണെന്നും ഓരോ നേതാക്കളും അവരവർക്ക് ഇഷ്ടമുള്ളിടത്ത് ആവശ്യപ്പെടുമെന്നും രമേശ് പറഞ്ഞു. കേരളത്തിൽ എവിടെ എയിംസ് വന്നാലും ബിജെപിക്ക് സന്തോഷമാണ്. കേരളത്തിന് എയിംസ് അനുവദിക്കണം എന്നേയുള്ളൂവെന്നും രമേശ് വ്യക്തമാക്കി.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ബിജെപി സംസ്ഥാന സമിതി യോഗം ചർച്ച ചെയ്യുമെന്നും രമേശ് വ്യക്തമാക്കി.
Editorial
രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി. എവിടെ വരുമെന്നല്ല വരുമോയെന്നു മാത്രം പറയൂ.
കേരളത്തിൽ എയിംസിന് (ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ്) തറക്കല്ലിടാതെ താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കലുങ്ക് സംവാദത്തിൽ പറഞ്ഞത് അഭിനന്ദനാർഹമാണ്. അദ്ദേഹത്തിന് കേന്ദ്രസർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടായിരിക്കാം.
അല്ലെങ്കിൽ അതിവിടെ കൊണ്ടുവരുന്ന കാര്യത്തിൽ അത്ര നിശ്ചയദാർഢ്യം ഉണ്ടായിരിക്കാം. എന്തായാലും മലയാളിക്ക് അതിന്റെ രാഷ്ട്രീയം പ്രശ്നമല്ല. ചികിത്സയുടെയും ആരോഗ്യ ഗവേഷണത്തിന്റെയും ഈ മികച്ച സ്ഥാപനം വരുന്നത് കേരളത്തിന്റെ ഏറെനാളായുള്ള കാത്തിരിപ്പാണ്. അതുകൊണ്ട്, രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി.
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഏറ്റവും മികച്ച കേന്ദ്രമാണ് എയിംസ്. അഖിലേന്ത്യാ പ്രവേശനപരീക്ഷയിലൂടെ വിവിധ എയിംസുകളിലായി മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദ്യാർഥികൾ പരിമിതമായ ഫീസിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്നുണ്ട്. ഏറ്റവും മികച്ച ചികിത്സയും ലഭ്യമാണ്. രാജ്യത്തെ എറ്റവും മികച്ച ഗവേഷണങ്ങൾ എയിംസിൽനിന്നാണ് പുറത്തുവരുന്നത്.
അക്യൂട്ട് ലിംബോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച കുട്ടികളിൽ 30 ശതമാനമായിരുന്നു അതിജീവനത്തിന്റെ നിരക്കെങ്കിൽ നിലവിലത് 88 ശതമാനമായി ഉയർന്നെന്ന ആശ്വാസകരമായ റിപ്പോർട്ട് ദിവസങ്ങൾക്കുമുന്‍പ് പുറത്തുവിട്ടത് എയിംസാണ്. ഇത്തരമൊരു സ്ഥാപനം കേരളത്തിൽ എവിടെ സ്ഥാപിക്കണമെന്ന തർക്കം കേട്ട് പലരും ആശയക്കുഴപ്പത്തിലാണ്. കാരണം, എയിംസ് അനുവദിച്ചതുകൊണ്ടാകാം ഈ തർക്കമെന്നാണ് പലരും കരുതിയിരിക്കുന്നത്.
അങ്ങനെയൊരു സംഭവമേയില്ല. ഇതാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയം. എയിംസ് കേരളത്തിന് അനുവദിക്കുമോ എന്നതിനെക്കുറിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. പക്ഷേ, അതെവിടെ സ്ഥാപിക്കുമെന്നതിനെക്കുറിച്ചു തർക്കം ഉച്ചസ്ഥായിയിലാണ്. ഈ രാഷ്ട്രീയ തർക്കം എയിംസിന്റെ സാധ്യതകളെപ്പോലും ഇല്ലാതാക്കുമെങ്കിൽ അത് അവസാനിപ്പിക്കണം.
മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പഠിക്കാൻ വിദ്യാർഥികൾ ക്യൂ നിൽക്കുന്പോൾ സ്ഥലത്തെക്കുറിച്ചുള്ള തർക്കം എയിംസിലും ചികിത്സയില്ലാത്ത രാഷ്ട്രീയരോഗമാണ്. ഇത്തരം തർക്കങ്ങൾ പുതിയതല്ല; പക്ഷേ, ഈ രാഷ്ട്രീയം പുതിയതാണ്. ഇന്ത്യയിലെ ആദ്യത്തെ എയിംസ് 1956ൽ ഡൽഹിയിൽ സ്ഥാപിതമായി.
അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആഗ്രഹം അതു കോൽക്കത്തയിൽ സ്ഥാപിക്കണമെന്നായിരുന്നു. പക്ഷേ, പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബി.സി. റോയ് നിരസിച്ചതിനെത്തുടർന്ന് ന്യൂഡൽഹിയിൽ സ്ഥാപിക്കുകയായിരുന്നു എന്നാണ് ചില രേഖകൾ പറയുന്നത്. നെഹ്റുവിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ-പ്രാദേശിക പരിഗണനകൾക്കപ്പുറമായിരുന്നു രാജ്യം.
രാജ്യത്തിന്റെ വികസനത്തെ ശാസ്ത്രവുമായി ബന്ധപ്പെടുത്തണമെന്ന നിർബന്ധബുദ്ധിയുണ്ടായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ആ കാഴ്ചപ്പാടിന്റെ സ്മാരകമാണ് എയിംസ്. ഏകദേശം ഏഴു പതിറ്റാണ്ടിനുശേഷം ആലപ്പുഴയിലാണോ തൃശൂരാണോ തിരുവനന്തപുരത്താണോ കാസർഗോട്ടാണോ കോഴിക്കോട്ടാണോ വേണ്ടതെന്ന തർക്കത്തിലാണ് നമ്മൾ.
അതിലേറെയും, എയിംസ് തങ്ങളുടെ മണ്ഡലത്തിലെത്തിക്കാൻവേണ്ടി തങ്ങൾ ശ്രമിച്ചിരുന്നു എന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള വെറും അഭ്യാസങ്ങളാണ്. രാജ്യത്ത് 22 എയിംസുകൾ അനുവദിച്ചെങ്കിലും കേരളത്തിൽ അനുമതിയായിട്ടില്ലെന്നുകൂടി ഓർമിക്കണം. രാജ്യത്തും വിദേശത്തും ഏറ്റവുമധികം ഡോക്ടർമാരെയും നഴ്സുമാരെയും സംഭാവന ചെയ്യുന്ന കേരളത്തിൽ ഇതു സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പലപ്പോഴും ബജറ്റുകളിൽ അതു ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഏതോ രാഷ്ട്രീയം അതിനെയൊക്കെ കടപുഴക്കിക്കളഞ്ഞു. ഇപ്പോൾ ആ ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്. കേരളത്തിന് എയിംസ് അനുവദിച്ചതായി കേന്ദ്രം ഇന്നു പറഞ്ഞാൽ നാളെ രാവിലെ സ്ഥലം നൽകാൻ സർക്കാർ സജ്ജമാണെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
ഒരുപക്ഷേ, എയിംസ് കിട്ടാനിടയില്ലെന്ന തോന്നലാകാം അദ്ദേഹത്തെക്കൊണ്ട് അതു പറയിച്ചത്. അതുകൊണ്ട്, സ്ഥലത്തെക്കുറിച്ച് തർക്കിക്കുന്ന ജനപ്രതിനിധികളും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആദ്യം കേരളത്തിന് എയിംസ് നേടിയെടുക്കൂ. ചാൾസ് ഡിക്കൻസിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്: “വസ്തുതകൾ... വസ്തുതകൾ മാത്രമേ ജീവിതത്തിൽ ആവശ്യമായിട്ടുള്ളൂ.” എയിംസിന്റെ കാര്യത്തിൽ നാം അതുമാത്രം കാണുന്നില്ല.