ഇന്ത്യയിലെ ജനസംഖ്യ തത്സമയം രേഖപ്പെടുത്തുന്ന ഡിജിറ്റൽ ബോർഡ് ഡൽഹി എഐഐഎംഎസിൽ സ്ഥാപിച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
രാജ്യത്ത് പെരുകുന്ന ജനസംഖ്യയെക്കുറിച്ചും പ്രചരിക്കുന്ന ദൃശ്യങ്ങളിലെ കണക്കുകളുടെ സ്രോതസിനെക്കുറിച്ചും കൃത്യതയെക്കുറിച്ചും നിരവധിയാളുകളാണ് ചോദ്യങ്ങളുയർത്തുന്നത്. നവംബർ 10-ന് വൈകുന്നേരം രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യ 148.16 കോടി കടന്നതായി വീഡിയോയിൽ അവകാശപ്പെടുന്നു.
വിഷയത്തിൽ വ്യക്തത തേടി യാഷ് എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് എഐ ചാറ്റ്ബോട്ട് 'ഗ്രോക്കിനെ' സമീപിച്ചതോടെയാണ് ഇതിനുപിന്നിലെ യാഥാർഥ്യം പുറത്തുവന്നത്. ഡൽഹി എഐഐഎംഎസിലെ ബോർഡിൽ കാണിക്കുന്ന തുക ഐക്യരാഷ്ട്രസഭയുടെ പ്രവചനങ്ങളുമായി പൊരുത്തപ്പെടുന്നതാണെങ്കിലും, ഇത് തത്സമയ ജനന-മരണ രജിസ്ട്രേഷൻ സംവിധാനമല്ലെന്ന് ഗ്രോക്ക് വ്യക്തമാക്കി.
ജനനനിരക്കും മരണനിരക്കും കൃത്യമായി ട്രാക്ക് ചെയ്യുന്നതിന് പകരം, ശരാശരി ജനസംഖ്യാ വളർച്ചാ നിരക്ക് കണക്കാക്കി വിവരങ്ങൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന ഒരു 'ഡെമോഗ്രാഫിക് പ്രൊജക്ഷൻ ക്ലോക്ക്' മാത്രമാണിതെന്ന് എഐ ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭയുടെ 2024-ലെ പോപ്പുലേഷൻ പ്രോസ്പെക്ട്സ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി വേൾഡോമീറ്റർ നൽകുന്ന സ്ഥിതിവിവരക്കണക്കുകൾ പ്രകാരം നവംബർ മാസത്തോടെ രാജ്യത്തെ ജനസംഖ്യ ഏകദേശം 148.13 കോടിയിലെത്തിയിട്ടുണ്ട്. നിലവിലെ വളർച്ചാ നിരക്ക് തുടരുകയാണെങ്കിൽ 2028-ഓടെ ഇന്ത്യയിലെ ആകെ ജനസംഖ്യ 150 കോടി കടക്കുമെന്നാണ് ആഗോള ജനസംഖ്യാ വിദഗ്ധരുടെ വിലയിരുത്തൽ.