ന്യൂഡൽഹി: ഒരു കേസ് എപ്പോൾ പരിഗണിക്കണമെന്നു ജുഡീഷറിയോടു നിർദേശിക്കാനാകില്ലെന്നു ബംഗാൾ സർക്കാരിനോടു സുപ്രീംകോടതി.
തൃണമൂൽ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപദേശകസ്ഥാപനമായ ഐപാക് കണ്‍സൾട്ടൻസിയിലെ റെയ്ഡുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. റെയ്ഡ് നടക്കുന്ന സ്ഥലത്തു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രവേശിച്ചത് അധികാര ദുർവിനിയോഗമാണെന്നും കോടതി ആരോപിച്ചു.
അതേസമയം കേസിൽ ഇഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന ബംഗാൾ സർക്കാരിന്റെ ആവശ്യം ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു.
ഇഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിരവധി പുതിയ കാര്യങ്ങളും ആരോപണങ്ങളും കൂട്ടിച്ചേർത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലത്തിന് മറുപടി നൽകാനും വാദം സമർപ്പിക്കാനും കൂടുതൽ സമയം ആവശ്യപ്പെട്ടത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഇഡി സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയുടെ നിലനിൽപ്പിനെ ബംഗാൾ സർക്കാർ ചോദ്യം ചെയ്തു.
ഒരു സംസ്ഥാനത്തിനെതിരേ റിട്ട് ഹർജി വിനിയോഗിക്കാൻ അന്വേഷണ ഏജൻസിക്കു സാധിക്കില്ലെന്ന വാദവും ബംഗാൾ സർക്കാർ ഉന്നയിച്ചു. കേസിൽ അടുത്തയാഴ്ച വീണ്ടും വാദം തുടരും.