ലണ്ടൻ/ന്യൂയോർക്ക്: നിർമിതബുദ്ധി (എഐ) മേഖലയിലുണ്ടായ തടസമില്ലാത്ത കുതിച്ചുചാട്ടം സുരക്ഷാഭീഷണികൾ ഉയർത്തുന്നുവെന്ന മുന്നറിയിപ്പുമായി മുൻനിര എഐ കമ്പനികളുടെ തലവന്മാർ രംഗത്തെത്തിയതോടെ ആഗോള ഓഹരിവിപണിയിൽ വൻ തകർച്ച.
ആന്ത്രോപിക്, ഓപ്പൺ എഐ , എക്സ് എഐ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ മേധാവികൾ സാങ്കേതികവിദ്യയുടെ വികസന വേഗത കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ടെക്, ചിപ്പ് നിർമാണ കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവുണ്ടായത്.
ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ് ശനിയാഴ്ച സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സുരക്ഷാ ആശങ്കകൾ പരസ്യമാക്കിയത്. എഐ അനിയന്ത്രിതമായും വേഗത്തിലും വികസിപ്പിക്കുന്നത് ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യവംശത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാമെന്നും അതിനാൽ സാങ്കേതികവിദ്യയുടെ വികസനവേഗം കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത ആറുമുതൽ 12 മാസത്തിനുള്ളിൽ എഐ ഏജന്റുകൾ ഇന്റർനെറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാനും കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, എഐ സാങ്കേതികവിദ്യ സ്വയം മെച്ചപ്പെടാനുള്ള ശേഷി കൈവരിക്കുന്നത് അപകടകരമായ സാഹചര്യമാണെന്നും മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് കാര്യം പോകുമെന്നും വ്യക്തമാക്കി.
ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, എക്സ് എഐ തലവൻ ഇലോൺ മസ്ക് എന്നിവർ അമോഡെയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തുകയും സുരക്ഷാ മുൻകരുതലുകൾ കണക്കിലെടുത്ത് ഈ വർഷം കമ്പനിയുടെ പ്രാഥമിക ഓഹരിവില്പന നടത്തില്ലെന്ന് സാം ആൾട്ട്മാൻ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് എഐ ഓഹരികളിൽ ഇടിവുണ്ടായത്.
യുഎസ് വാൾസ്ട്രീറ്റിൽ നാസ്ഡാക് ഫ്യൂച്ചേഴ്സ് 1.9 ശതമാനം ഇടിഞ്ഞു. ചിപ്പ് നിർമാതാക്കളായ എൻവിഡിയ മൂന്നു ശതമാനവും എഎംഡി 5.7 ശതമാനവും ഇടിവ് നേരിട്ടു. ടെക് വന്പന്മാരായ മെറ്റ, ആമസോൺ എന്നിവയുടെ ഓഹരികളിൽ 1.4 ശതമാനത്തിലേറെ കുറവുണ്ടായി.
യൂറോപ്യൻ ടെക് ഓഹരികളിൽ 2.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുൻനിര ഉപകരണ നിർമാതാക്കളായ എഎസ്എംഎൽ 5.8 ശതമാനവും സീമൻസ് എനർജി 7.4 ശതമാനവും താഴ്ന്നു.
ഓപ്പൺ എഐയിൽ വലിയ നിക്ഷേപമുള്ള ജാപ്പനീസ് കമ്പനിയായ സോഫ്റ്റ്ബാങ്കിന്റെ ഓഹരികൾ 13.2 ശതമാനം വരെ കൂപ്പുകുത്തി.