Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AKAntony

'അന്ന് സോണിയ ഇടപെട്ടില്ലായിരുന്നെങ്കിൽ ഇല്ലാത്ത കാൻസറിന് എന്നെ സർജറി നടത്തിയേനെ'

കോട്ടയം: രാഷ്ട്രീയത്തിനപ്പുറം സോണിയ ഗാന്ധിയുമായുള്ള ആത്മബന്ധത്തിന്‍റെയും അവരുടെ കരുതലിന്‍റെയും ഹൃദയസ്പർശിയായ ഓർമ്മ പങ്കുവെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. തനിക്ക് കാൻസർ ആണെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഘട്ടത്തിൽ, സോണിയ ഗാന്ധി നടത്തിയ നിർണായക ഇടപെടലാണ് തനിക്ക് രക്ഷയായതെന്നും രോഗമില്ലെന്ന് തിരിച്ചറിയാൻ സഹായിച്ചതെന്നും അദ്ദേഹം ഒരു മാധ്യമത്തിനോടു വെളിപ്പെടുത്തി.

നാട്ടിൽ ചികിത്സിക്കാൻ തീരുമാനം

2014ൽ ശരീരഭാരം കുറയുന്ന രോഗം തനിക്കുണ്ടായി. എയിംസിലും ഡൽഹിയിലെ തന്നെ മറ്റ് രണ്ട് ആശുപത്രികളിലും പരിശോധന നടത്തി. പരിശോധനാ ഫലം ചെന്നൈയിലെ ആശുപത്രിയിലേക്ക് അയച്ചു, കാൻസറാണെന്ന് നാല് ആശുപത്രികളും ഉറപ്പിച്ചു പറഞ്ഞു. മജ്ജ മാറ്റിവയ്ക്കൽ ആവശ്യമാണെന്ന് വിധിയെഴുതി. എയിംസിൽ ചികിത്സയ്ക്ക് തീയതിയും നിശ്ചയിച്ചു.

സോണിയയുടെ നിർണായക ഇടപെടൽ

തന്‍റെ രോഗവിവരവും തുടർചികിത്സ നാട്ടിൽ നടത്താനുള്ള തീരുമാനവും അദ്ദേഹം പിന്നീടാണ് കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെ അറിയിച്ചത്.

പിന്നീട് സോണിയയെ കണ്ട് തനിക്ക് കാൻസർ ആണെന്നും എയിംസിൽ ചികിത്സ ആരംഭിക്കുകയാണെന്നും അറിയിച്ചു. എന്നാൽ ആന്‍റണിയെ വിലക്കിയ സോണിയ രോഗം സംബന്ധിച്ച് വിദഗ്ധാഭിപ്രായത്തിന് വിദേശത്തു പോകണമെന്ന് കർശനമായി പറഞ്ഞു.

പിന്നീട് അഹമ്മദ് പട്ടേലിനെ വിളിച്ചുവരുത്തി യുഎസിൽ പരിശോധനയ്ക്കായി ആവശ്യമായ എല്ലാ കാര്യങ്ങളും ഏർപ്പാടാക്കാൻ നിർദേശിച്ചു. ഒപ്പം ചെല്ലാൻ രമേശ് ചെന്നിത്തലയോടും ആവശ്യപ്പെട്ടു. എല്ലാ ചെലവുകളും കോൺഗ്രസ് ഏറ്റെടുത്തു. സോണിയയുടെ ഇടപെടലിൽ വീസയും ആശുപത്രി നടപടികളുമായും ബന്ധപ്പെട്ട തടസങ്ങളെല്ലാം അതിവേഗം മറികടന്നു.

ആശ്വാസമായ പരിശോധനാഫലം

സോണിയ ഗാന്ധിയുടെ നിർബന്ധപ്രകാരം യുഎസിൽ എത്തിയ ആന്‍റണിയെ വിദഗ്ധ ഡോക്ടർമാരുടെ സംഘം വിശദമായ പരിശോധനകൾക്ക് വിധേയമാക്കി. എന്നാൽ, നാട്ടിലെ ഡോക്ടർമാരുടെ കണ്ടെത്തലുകൾ തെറ്റായിരുന്നുവെന്നും ആന്‍റണിക്ക് കാൻസർ ഇല്ലെന്നും അവിടെ നടത്തിയ പരിശോധനയിൽ വ്യക്തമായി.

സോണിയ ഇടപെട്ടില്ലായിരുന്നുവെങ്കിൽ, ഇല്ലാത്ത കാൻസറിനുള്ള ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വരുമായിരുന്നുവെന്നും എ.കെ. ആന്‍റണി പറഞ്ഞു.

സഹപ്രവർത്തകരുടെ ആരോഗ്യത്തിലും ജീവിതത്തിലും സോണിയ ഗാന്ധി പുലർത്തുന്ന വ്യക്തിപരമായ ശ്രദ്ധയുടെയും സ്നേഹത്തിന്‍റെയും നേർസാക്ഷ്യമായി മാറുകയാണ് എ.കെ. ആന്‍റണിയുടെ ഈ വെളിപ്പെടുത്തൽ.

Latest News

Corehub Up