റിയാദ്: ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖരായ ഇ.എം.എസിന്റെയും എ.കെ.ജിയുടെയും ഓർമകൾ പുതുക്കി കേളി കലാസാംസ്കാരിക വേദി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
കേരളത്തിന് ഇ.എം.എസും എ.കെ.ജിയും നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്നും ഐക്യകേരളം എന്ന ദർശനം പ്രായോഗികമാക്കുന്നതിലും കേരളത്തിലെ ആദ്യ മന്ത്രിസഭയെ നയിക്കുന്നതിലും നവകേരള നിർമ്മാണത്തിന് അടിത്തറ പാകുന്നതിലും ഇ.എം.എസ് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വം നൽകിയതായും അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ പാവങ്ങളുടെ പടത്തലവനായി എ.കെ.ജി വഹിച്ച പങ്ക് പകരം വയ്ക്കാനില്ലാത്തതാണെന്നും അനുസ്മരണ കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തെ ഭരണം, ഒരു തുടർഭരണം കേരളത്തെ എങ്ങനെ ഉയർച്ചയിലെത്തിക്കാമെന്നതിന് തെളിവാണെന്നും ഒരിക്കലും നടപ്പിലാകില്ലെന്ന് കരുതിയ നിരവധി വികസന പദ്ധതികൾ ഈ കാലയളവിൽ യാഥാർഥ്യമായെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നിലവിൽ ആരംഭിച്ചിട്ടുള്ള വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനായി വരുന്ന തെരഞ്ഞെടുപ്പിൽ ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായി, സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, ഗീവർഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറർ സീന സെബിൻ, ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ എന്നിവർ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ സീബ കൂവോട് സ്വാഗതവും ജോസഫ് ഷാജി നന്ദിയും പറഞ്ഞു.