കൊച്ചി: കേരളത്തിലെ ക്രൈസ്തവ സ്വാശ്രയ നഴ്സിംഗ് കോളജുകളിലെ ബിഎസ്സി നഴ്സിംഗ് പ്രവേശനത്തിന്റെ പേരില്‍ ചില ഏജന്റുമാര്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ച് സാമ്പത്തികചൂഷണം നടത്താന്‍ ശ്രമിക്കുന്നതായി അസോസിയേഷന് ഓഫ് ദ മാനേജ്മെന്റ്സ് ഓഫ് ക്രിസ്ത്യന്‍ സെല്‍ഫ് ഫിനാന്‍സിംഗ് നഴ്സിംഗ് കോളജസ് ഓഫ് കേരള (എഎംസിഎസ്എഫ്എന്സികെ) അറിയിച്ചു.
എഎംസിഎസ്എഫ്എന്സികെ മുഖേന നടത്തുന്ന മാനേജ്മെന്റ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ www. amcsfnck.com എന്ന അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി മാത്രാണു സ്വീകരിക്കുന്നത്. മറ്റേതെങ്കിലും വ്യക്തിയെയോ ഏജന്‍സിയെയോ ഇടനിലക്കാരനെയോ അസോസിയേഷന് ഇതിനായി നിയോഗിച്ചിട്ടില്ല.
എഎംസിഎസ്എഫ്എന്സികെയുടെ അംഗങ്ങളായ 35 ക്രൈസ്തവ സ്വാശ്രയ നഴ്സിംഗ് കോളജുകളിലെ ബിഎസ്സി നഴ്സിംഗ് പ്രവേശനത്തില്‍ 50 ശതമാനം സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള പ്രവേശനം എല്‍ബിഎസ് സെന്ററും എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള പ്രവേശനം അതത് കോളജുകളും ശേഷിക്കുന്ന മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം എഎംസിഎസ്എഫ്എന്സികെയുമാണ് നടത്തുന്നത്.
അസോസിയേഷന്റെ കീഴിലുള്ള കോളജുകളില്‍ സംഭാവന, കോഴ, ശിപാര്‍ശ, അല്ലെങ്കില്‍ ഏജന്റുമാര്‍ മുഖേന പ്രവേശനം ലഭ്യമല്ല. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകളും നിര്‍ദേശങ്ങളും സമയക്രമവും അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ മാത്രമാണു പ്രസിദ്ധീകരിക്കുന്നത്.
ഏതെങ്കിലും വ്യക്തിക്കോ ഏജന്റിനോ പണം നല്കി സാമ്പത്തികനഷ്ടം സംഭവിച്ചാല്‍ അതിന് അസോസിയേഷനോ അംഗങ്ങളായ കോളജുകളോ ഉത്തരവാദികളായിരിക്കില്ല. അത്തരം സംഭവങ്ങളുണ്ടായാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും അസോസിയേഷന് അഭ്യര്‍ഥിച്ചു.
മാനേജ്മെന്റ് സീറ്റിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 25 ആണ്. അഡ്മിഷന്റെ കൂടുതല്‍ വിവരങ്ങള്‍ 9048122033, 8848122033 എന്നീ നമ്പറുകളിലും www.amcsfnck.com എന്ന അസോസിയേഷന് വെബ്സൈറ്റിലും ലഭ്യമാണ്.