ബംഗുളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശിവാനന്ദ്, ഗണേഷ് എന്നിവരാണ് പിടിയിലായത്.
ദൃശ്യങ്ങൾ വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച മറ്റൊരാളെയും പോലീസ് പിടികൂടി. വെള്ളിയാഴ്ചയാണ് സംഭവം. അംബേദ്കർ ഗ്രൗണ്ടിന് സമീപം ഓട്ടോറിക്ഷയിലെത്തിയ യുവാക്കൾ 35കാരിയായ യുവതിയെ സമീപിക്കുകയും നിർബന്ധിച്ച് ഓട്ടോയിൽ കയറ്റുകയും ചെയ്തു.
തുടർന്ന് ഇവർ യുവതിക്ക് മദ്യം നൽകുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇവർ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് അംബേദ്കർ ഗ്രൗണ്ടിന് സമീപം യുവതിയെ ഇറക്കിവിട്ടു.
എന്നാൽ ദൃശ്യങ്ങൾ പുറത്തായതോടെയാണ് പോലീസ് കേസെടുത്തത്. പീഡനത്തിനിരയായ യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതിരുന്നതോടെ പോലീസ് സ്വമേധയ കേസെടുത്തു. തുടരന്വേഷണത്തിൽ യുവതിയെ ഹുബ്ബള്ളിയിൽ നിന്നും കണ്ടെത്തി.
അനാഥയായ ഇവർ ഒന്നരമാസത്തോളമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. ശിവാനന്ദിനും ഗണേഷിനുമെതിരെ തട്ടിക്കൊണ്ടുപോകൽ, ലൈംഗീക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. വാട്ട്സ്ആപ്പിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പ്രദീപ് എന്നയാളാണ് അറസ്റ്റിലായത്.
മൂന്ന് പേരും ഓട്ടോ ഡ്രൈവർമാരാണെന്നാണ് റിപ്പോർട്ട്. ലൈംഗീകാതിക്രമ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകൾ, ഐടി ആക്ടിലെ വ്യവസ്ഥകൾ എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.