കൊച്ചി: വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതിയില്‍ നടപടി എടുക്കാത്തതില്‍ കുത്തിയിരിപ്പ് സമരവുമായി കാല്‍ മുറിച്ചു മാറ്റേണ്ടി വന്ന കുന്നുകര സ്വദേശി അബ്ദുല്‍ ജബ്ബാര്‍. താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ കുത്തിയിരുന്നാണ് ജബ്ബാര്‍ പ്രതിഷേധിക്കുന്നത്.
ചികിത്സാ രേഖകള്‍ ആവശ്യപ്പെട്ടുള്ള ആര്‍ടിഐ അപ്പീലിന് കാലാവധി കഴിഞ്ഞിട്ടും മറുപടി തരാത്ത ആശുപത്രി സൂപ്രണ്ടിന്‍റെ തീട്ടൂരം അവസാനിപ്പിക്കുക. ഇരയായ എന്‍റെ ഭാഗം കൂടി മെഡിക്കല്‍ വിജിലന്‍സ് കേള്‍ക്കുക. പൊലിസില്‍ നല്‍കിയ പരാതികളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജബ്ബാറിന്‍റെ പ്രതിഷേധം.
അതേസമയം, ആശുപത്രി സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട് പ്രകാരം പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രിയുടെ ഭാഗത്തു നിന്ന് വീഴ്ചയില്ല എന്നായിരുന്നു മുന്‍സിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പിന്‍റെ വിശദീകരണം. ആശുപത്രിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായും മുഖ്യമന്ത്രിയുടെ മണ്ഡലം ആയതുകൊണ്ട് സിപിഎം അത് പെരിപ്പിച്ചു കാണിക്കുകയാണെന്നും ചെയര്‍മാന്‍ ആരോപിച്ചിരുന്നു.
അസഹ്യമായ കാലുവേദനയെ തുടര്‍ന്നാണ് അബ്ദുള്‍ ജബ്ബാര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നത്. ജൂലൈ 26ന് രാത്രി 11.45നും വെളുപ്പിന് 3.30നുമാണ് അബ്ദുല്‍ ജബ്ബാര്‍ ആശുപത്രിയിലെത്തിയത്. ആദ്യം വേദന മാറുന്നതിനുള്ള മരുന്ന് നല്‍കി വീട്ടിലേക്ക് വിട്ടു. വേദന മാറാത്തതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിയെങ്കിലും അപ്പോഴും വേദന സംഹാരി മാത്രമാണ് നല്‍കിയത്.
പിന്നീട് ജൂലൈ 27ന് പറവൂര്‍ താലൂക്ക് ആശുപത്രിയിലെ തന്നെ സര്‍ജനെ കാണുമ്പോഴാണ് ചലന ശേഷി നഷ്ടപ്പെട്ടെന്ന് ജബ്ബാര്‍ അറിയുന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും കാലുകള്‍ മുറിച്ചു മാറ്റുകയുമായിരുന്നു. രണ്ടാമത് എത്തിയപ്പോള്‍ അബ്ദുല്‍ ജബ്ബാറിനെ കോട്ടയത്തേക്ക് റഫര്‍ ചെയ്തിരുന്നുവെന്നാണ് ആശുപത്രി റിപ്പോര്‍ട്ട്.