ന്യൂഡൽഹി: ദീപാവലി കഴിയുന്നതുവരെ സമരപരിപാടികൾ നിർത്തിവെക്കുന്നതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. ഈ ഉത്സവകാലത്ത് പ്രതിഷേധങ്ങളിൽ നിന്ന് മാറി പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കണമെന്ന് അദ്ദേഹം പ്രവർത്തകരോട് അഭ്യർഥിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തിയ പ്രതിഷേധങ്ങളെത്തുടർന്ന് പൊലിസ് നടപടി ശക്തമായ പശ്ചാത്തലത്തിൽ, പ്രവർത്തകരുടെയും തടവിലുള്ള നേതാക്കളുടെയും കുടുംബാംഗങ്ങൾ ആശങ്കയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. ഭരണകൂട നടപടികൾക്കിടയിലും പ്രവർത്തകർ ഭയമില്ലാതെ നിലകൊള്ളുന്നുണ്ടെന്ന് ദീപ്കെ പറഞ്ഞു. എങ്കിലും ഉത്സവ വേളകളിൽ ആശങ്കയിലുള്ള കുടുംബാംഗങ്ങൾക്കൊപ്പം നിലകൊള്ളേണ്ടത് അത്യാവശ്യമാണെന്നും അതിനാൽ ദീപാവലി വരെ പ്രതിഷേധങ്ങളിൽ നിന്നും പ്രവർത്തകർ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.