തൃശൂർ: ലളിതകലാ അക്കാദമി സെക്രട്ടറിസ്ഥാനത്തുനിന്ന് അവധിയിൽ പ്രവേശിച്ച തനിക്കെതിരേ ഉയരുന്ന ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്ന് എബി എൻ. ജോസഫ്.
ഇതിനുപിന്നിൽ അക്കാദമി ചെയർമാൻ മുരളി ചീരോത്തിന്റെ ബോധപൂർവമായ ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വന്തം ഇഷ്ടപ്രകാരം അവധിയെടുത്തതിനെ സർക്കാർ നിർബന്ധപൂർവം അവധിയിൽ വിട്ടതാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണ്.
അക്കാദമിയിലെ സാന്പത്തികധൂർത്തിനും വിദേശഫണ്ട് സ്വീകരിക്കുന്നതിലെ ക്രമക്കേടുകൾക്കും കൂട്ടുനിൽക്കാത്തതാണ് തനിക്കെതിരേയുള്ള നീക്കങ്ങൾക്കു കാരണം.
കെട്ടിടവാടകയിനത്തിലും ഇന്റീരിയർ ജോലികളിലും ലക്ഷങ്ങളുടെ അഴിമതി നടക്കുന്നുണ്ടെന്നും ചെയർമാന്റെ ഇത്തരം നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തിൽ സുരേഖ, കെ.പി. മുരളീധരൻ, മുൻ സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ എന്നിവരും പങ്കെടുത്തു.