മുക്കം: കൂത്തുപറമ്പ് നിർമലഗിരി കുട്ടിക്കുന്നിൽ മിനി കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കം മുത്താലം വെളുത്തേടത്ത് യദു കൃഷ്ണ (23) ആണ് ഇന്നലെ രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) കൺസൾട്ടന്റായിരുന്നു.
11ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം സംഭവിച്ചത്. മട്ടന്നൂർ ഭാഗത്തുനിന്ന് തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന നാഷണൽ ഹെൽത്ത് മിഷന്റെ കാറും കൂത്തുപറമ്പ് ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന മിനി കണ്ടെയ്നർ ലോറിയും തമ്മിൽ കുട്ടിക്കുന്നിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നുപോയിരുന്നു. കാറിലുണ്ടായിരുന്ന എൻഎച്ച്എം എൻജിനിയർ വടകര പഴങ്കാവ് "അഷിയാനയിൽ' മേച്ചേരി പി. അൽത്താഫ് (36) അപകടദിവസം തന്നെ മരിച്ചിരുന്നു. കാറിന്റെ ഡ്രൈവർ അഴീക്കോട് ചാലിൽ പ്രമോദ് (40) ഗുരുതര പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരും കൂത്തുപറമ്പ് പൊലിസും അഗ്നിരക്ഷാ സേനയും ചേർന്നാണ് തകർന്ന കാർ വെട്ടിപ്പൊളിച്ച് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കൂത്തുപറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സുനിൽകുമാറാണ് മരിച്ച യദു കൃഷ്ണയുടെ അച്ഛൻ. അമ്മ: ലീല. സഹോദരി: കൃഷ്ണപ്രിയ (എംവിആർ ആശുപത്രി വെള്ളലശേരി).